രണ്ട് വർഷത്തിനകം എ.ഐ മൂലം തൊഴിൽ നഷ്ടം ഉണ്ടായേക്കാമെന്ന് 99% സി.ഇ.ഒമാരും; പിരിച്ചുവിടലിന് ഒരുങ്ങുന്നതായി ആഗോള സർവേ റിപ്പോർട്ട്

ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തോടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആഗോള തൊഴിൽ വിപണിയിൽ വൻ പിരിച്ചുവിടൽ ഉണ്ടാകുമെന്ന് പ്രവചനം. 99 ശതമാനത്തിലധികം കോർപറേറ്റ് എക്സിക്യൂട്ടീവുകളും വിശ്വസിക്കുന്നത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ എ.ഐ ഉപയോഗം മൂലം കമ്പനികളിലെ ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ്. സീനിയർ എക്സിക്യൂട്ടീവുകൾ, ഹ്യൂമൻ റിസോഴ്‌സ് പ്രഫഷനലുകൾ, സാധാരണ ജീവനക്കാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പന്ത്രണ്ടായിരത്തോളം ആളുകളെ പങ്കെടിപ്പിച്ചാണ് മെർസർ ഈ പഠനം നടത്തിയത്.

ബിസിനസ്സ് രംഗത്ത് എ.ഐ സ്വാധീനം എത്രത്തോളം വേഗത്തിലാണ് വളരുന്നതെന്ന് അടിവരയിടുന്നതാണ് ഈ സർവേ ഫലങ്ങൾ. പങ്കെടുത്ത 98 ശതമാനം എക്സിക്യൂട്ടീവുകളും തങ്ങളുടെ കമ്പനികളിൽ വലിയ രീതിയിലുള്ള പുനഃക്രമീകരണങ്ങൾക്ക് പദ്ധതിയിടുന്നതായി വ്യക്തമാക്കി. ഇതിൽ ഭൂരിഭാഗം പേരും തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ എ.ഐയും ഓട്ടോമേഷനും ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. ആമസോൺ, അറ്റ്‌ലാസിയൻ, ബ്ലോക്ക്, ഫൈവർ, പിന്ററസ്റ്റ്, സ്നാപ്പ് തുടങ്ങിയ മുൻനിര ആഗോള ടെക് കമ്പനികൾ തങ്ങളുടെ എ.ഐ തന്ത്രങ്ങളുടെ ഭാഗമായി ഇതിനകം തന്നെ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. 2025ൽ മാത്രം ആഗോളതലത്തിൽ അരലക്ഷത്തോളം തൊഴിലവസരങ്ങളെ എ.ഐ നേരിട്ട് ബാധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എ.ഐ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്ന ആശങ്ക ശക്തമാണെങ്കിലും, സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾ പഴയ തസ്തികകൾ ഇല്ലാതാക്കുമെങ്കിലും എപ്പോഴും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാറുണ്ടെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാച്ചിന്റെ സി.ഇ.ഒ ഡേവിഡ് സോളമൻ വ്യക്തമാക്കുന്നത്. മനുഷ്യനും എ.ഐക്കും ഒരുമിച്ച് ഫലപ്രദമായി ജോലി ചെയ്യാൻ സാധിക്കുന്ന മേഖലകളിൽ ജീവനക്കാരുടെ ആവശ്യകത വർധിച്ചുവരുന്നതായി ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ പഠനങ്ങളും ചുണ്ടിക്കാട്ടുന്നു. നിലവിൽ സാങ്കേതികവിദ്യ, ധനകാര്യം എന്നീ മേഖലകളിലാണ് എ.ഐ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നത്.

എങ്കിലും ജീവനക്കാർക്കിടയിലെ ആശങ്ക ഇപ്പോഴും ഉയർന്ന നിലയിലാണ്. മനുഷ്യന്റെ കഴിവും മെഷീന്റെ ശേഷിയും കൃത്യമായ അളവിൽ എങ്ങനെ ഒന്നിച്ച് കൊണ്ടുപോകണമെന്ന് കമ്പനികൾക്ക് ഇപ്പോഴും പൂർണ ധാരണയില്ലെന്നാണ് മൂന്നിലൊന്ന് എക്സിക്യൂട്ടീവുകളും അഭിപ്രായപ്പെടുന്നത്. തങ്ങളേക്കാൾ നന്നായി എ.ഐ ടൂളുകൾ ഉപയോഗിക്കാൻ അറിയാവുന്ന സഹപ്രവർത്തകരുമായി മത്സരിക്കേണ്ടി വരുന്നത് ജോലിയിൽ പിന്നിലാക്കുമെന്ന് മൂന്നിലൊന്ന് ജീവനക്കാരും ഭയപ്പെടുന്നു. പ്യൂ റിസർച്ച് സെന്ററിന്റെ മറ്റൊരു പഠനമനുസരിച്ച് 21 ശതമാനം ജീവനക്കാരുടെ ജോലിയിലും എ.ഐ ഇതിനകം തന്നെ ഭാഗമായിക്കഴിഞ്ഞു. കമ്പനികൾ ഡിജിറ്റൽ യുഗത്തിലേക്ക് മാറുമ്പോൾ പുതിയ ബിരുദധാരികളും യുവ പ്രഫഷനലുകളുമാണ് ഈ മാറ്റങ്ങളെ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത്.

Tags:    
News Summary - 99% of CEOs fear AI could lead to job losses within two years; global survey shows layoffs are on the cards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.