സുന്ദർ പിച്ചൈ, സത്യ നദെല്ല,
1990കളിൽ അമേരിക്ക അന്നത്തെ പ്രസിഡന്‍റ് ജോർജ് എച്ച്. ഡബ്ല്യൂ ബുഷിന്‍റെ കീഴിലാണ് ആദ്യമായി എച്ച്.വൺ.ബി.വിസ അവതരിപ്പിക്കുന്നത്. സ്വദേശ തൊഴിലാളികളുടെ കുറവ് നികത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ലോകത്തിന്‍റെ നാനാഭാഗങ്ങളിൽനിന്ന് സ്പെഷ്യലൈസ്ഡ് തൊഴിലാളികളെ യു.എസിലേക്ക് ക്ഷണിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.
മൂന്ന് ദശാബ്ദിക്ക് ശേഷം നോക്കുമ്പോൾ അമേരിക്കയുടെ സാമ്പത്തിക മേഖലയിൽ ഇത് കൊണ്ടുവന്ന മാറ്റം ചെറുതല്ല. മാത്രമല്ല ആയിരങ്ങളാണ് ഈ വിസയിലൂടെ അമേരിക്കയിൽ ഓരോ വർഷവും എത്തിയത്. ഇന്ത്യയിൽനിന്നാണ് എച്ച്-വൺ.ബി വിസ ഉപയോഗിച്ച് അമേരിക്കയിൽ എത്തുന്നവരിൽ അധികവും. 2024 ലെ കണക്കുകൾ പ്രകാരം അമേരിക്കയിൽ എച്ച്-വൺ.ബി വിസ വഴി എത്തിയ വിദേശികളിൽ 71 ശതമാനവും ഇന്ത്യക്കാരാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്നാൽ ഈ അടുത്താണ് ഡോണൾഡ് ട്രംപ് വിസയിൽ മാറ്റങ്ങൾ വരുത്തിയത്. എച്ച്-വൺ.ബി വിസക്ക് ലക്ഷം ഡോളർ വിസ ഫീസ് ഉയർത്തിയത്. അതായത് പുതുതായി എച്ച്-വൺബി വിസക്ക് അപേക്ഷിക്കുന്നവർ മാത്രമേ ഒരു ലക്ഷം ഡോളർ നൽകേണ്ടതുള്ളൂ. നിലവിൽ വിസ കൈവശമുള്ളവർ പുതുക്കാനും മറ്റുമായി ഇത്രയും വലിയ തുക നൽകേണ്ടതില്ല.
പ്രാദേശിക നിയമനം പ്രോത്സാപിപ്പിക്കുക എന്നതാണ് ഇതിലൂടെ ട്രംപ് ഭരണകുടം ലക്ഷ്യമിടുന്നത്. എന്നാൽ അത് യു.എസിന് തന്നെ തിരിച്ചടിയാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ന് ടെക് ലോകത്തെ പ്രധാനികളിൽ പലരും ഈ വിസയിലൂടെ അമേരിക്കയിൽ എത്തി അവരുടെ യാത്ര തുടങ്ങിയവരാണ്. ഇത്തരത്തിൽ ഇന്ത്യൻ വംശജരായ ടെക് സി.ഇ.ഒമാരിൽ ചിലർ
1972 ൽ തമിഴ്‌നാട്ടിലെ മധുരയിലാണ് സുന്ദർ പിച്ചൈ ജനിച്ചത്. ഖരഗ്പൂർ ഐ.ഐ.ടിയിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായി യു.എസിലേക്ക് മാറി. സ്റ്റാൻഫോർഡിൽ നിന്ന് എം.എസ് ബിരുദവും വാർട്ടണിൽ നിന്ന് എം.ബിഎയും നേടിയ പിച്ചൈ 2004 ൽ എച്ച് 1-ബി വിസയിൽ ഗൂഗ്ളിൽ ചേർന്നു. ഇപ്പോൾ വിപണിയിൽ ആധിപത്യം പുലർത്തുന്ന ഗൂഗ്ൾ ക്രോം ബ്രൗസറിന്റെ വികസനത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 2015 ൽ ഗൂഗ്ളിന്‍റെ സി.ഇ.ഒ ആയി. 2019 ൽ ഗൂഗ്ളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ സി.ഇ.ഒ ആയി.
1967 ൽ ഹൈദരാബാദിലാണ് സത്യ നദെല്ല ജനിച്ചത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം യു.എസിലേക്ക് പോയി. വിസ്കോൺസിൻ–മിൽവാക്കിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ചിക്കാഗോ സർവകലാശാലയിൽ നിന്ന് എം.ബി.എയും നേടി.
1992 ൽ എച്ച് 1-ബി വിസ നേടിയ ശേഷമാണ് അദ്ദേഹം മൈക്രോസോഫ്റ്റിൽ ചേർന്നത്. കമ്പനിയുടെ ക്ലൗഡ് ബിസിനസ്സ് വികസിപ്പിക്കുന്നതിൽ സത്യ നദെല്ല നിർണായക പങ്ക് വഹിച്ചു. 2014 നദെല്ല സി.ഇ.ഒ ആയി.
ഈ പട്ടികയിലെ വളരെ പ്രായം കുറഞ്ഞ പേരാണ് അരവിന്ദ് ശ്രീനിവാസ്. സത്യ നദെല്ല മൈക്രോസോഫ്റ്റിൽ ജോലി ചെയ്യാൻ തുടങ്ങി രണ്ട് വർഷത്തിന് ശേഷം 1994 ൽ ചെന്നൈയിലാണ് പെർപ്ലെക്സിറ്റി മേധാവി ജനിച്ചത്. ശ്രീനിവാസ് മദ്രാസ് ഐ.ഐ.ടിയിലാണ് ബിരുദവും ബിരുദാനന്തരം ബിരുദവും പൂർത്തിയാക്കിയകത്. തുടർന്ന് പി.എച്ച്.ഡിക്ക് വേണ്ടി കാലിഫോർണിയ സർവകലാശാലയിലേക്ക് പോയി.
എച്ച്.വൺ-ബി വിസയിലേക്ക് മാറുമ്പോൾ അദ്ദേഹം ഗൂഗ്ൾ, ഓപൺ എ.ഐ തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിരുന്നു. 2022ൽ സിലിക്കൺ വാലിയിലെ വളരെ വലിയ ടെക് കമ്പനികളുമായി മത്സരിക്കാൻ അരവിന്ദ് ശ്രീനിവാസ് പെർപ്ലെക്സിറ്റി എ.ഐ സഹസ്ഥാപിച്ചു.
1961 ൽ ലണ്ടനിൽ ജനിച്ച ജയശ്രീ ഉള്ളാൽ 16 വയസ്സുള്ളപ്പോൾ യു.എസിലേക്ക് താമസം മാറി അമേരിക്കയിൽ പഠനം പൂർത്തിയാക്കി. സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും തുടർന്ന് സാന്താ ക്ലാര യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസും നേടി.
എച്ച്.വൺ-ബി വിസ ഉപയോഗിച്ച് ഫെയർചൈൽഡ് സെമികണ്ടക്ടർ, എ.എംഡി തുടങ്ങിയ സെമികണ്ടക്ടർ വ്യവസായത്തിൽ ജോലി ചെയ്തു. ക്ലൗഡ് നെറ്റ്‌വർക്കിങ് കമ്പനിയായ അരിസ്റ്റ നെറ്റ്‌വർക്കിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ് ജയശ്രീ ഉള്ളാൽ ഇപ്പോൾ.
1961 ൽ ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയിലാണ് അരവിന്ദ് കൃഷ്ണ ജനിച്ചത്. പിതാവ് വിനോദ് കൃഷ്ണ ഇന്ത്യൻ ആർമിയിൽ മേജർ ജനറലായിരുന്നു. 1985 ൽ കൃഷ്ണ ഐ.ഐ.ടി കാൺപൂരിൽ നിന്ന് ബിരുദം നേടി. ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി പൂർത്തിയാക്കി.
1990 ൽ ഐ.ബി.എമ്മിൽ ചേർന്ന അരവിന്ദ് കൃഷ്ണ ഏകദേശം രണ്ട് പതിറ്റാണ്ടോളം ഗവേഷണരംഗത്ത് ചെലവഴിച്ചു. ടെക് ഭീമനായ ഐ.ബി.എമ്മിൽ അദ്ദേഹം ഉയർന്ന് 2020 ൽ സി.ഇ.ഒ ആയി. ഒരു വർഷത്തിനുശേഷം കൃഷ്ണ ഐ.ബി.എം ബോർഡിന്റെ ചെയർമാൻ സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.