representational image
ഐഫോൺ 15 സീരീസിനെ കുറിച്ചുള്ള പുതിയൊരു ‘ലീക്ക്’ കൂടി ആപ്പിൾ ഫാൻസിനെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇത്തവണ ഐഫോൺ 15 പ്രോ മാക്സാണ് വാർത്തകളിൽ നിറയുന്നത്. ആൻഡ്രോയ്ഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളെ വെല്ലുന്ന പുതിയ റെക്കോർഡ് ബ്രേക്കിങ് സവിശേഷതയുമായാണ് ആപ്പിൾ തങ്ങളുടെ ഏറ്റവും വില കൂടിയ ഫോൺ അവതരിപ്പിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.
ജനപ്രിയ ലീക്ക്സ്റ്റർ ഐസ് യൂണിവേഴ്സാണ് ഐഫോൺ 15 പ്രോ മാക്‌സിന്റെ ഡിസ്‌പ്ലേയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്തുവിട്ടത്. ഐഫോൺ 15 പ്രോ മാക്സിന്റെ ഡിസ്‍പ്ലേയുടെ ബെസലുകൾ അല്ലെങ്കിൽ ബോർഡറുകൾ വളരെ കട്ടി കുറഞ്ഞതായിരിക്കുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ഇത്തവണ അക്കാര്യത്തിൽ ചരിത്രം കുറിക്കാൻ പോവുകയാണ് ആപ്പിൾ.
ഐഫോൺ 15 പ്രോ മാക്സിന്റെ ബെസലുകളുടെ വലിപ്പം വെറും 1.51 മില്ലീമീറ്റർ മാത്രമാകും. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഷവോമി 13 പ്രോയുടെ 1.8 എം.എം വലിപ്പമുള്ള ബെസലുകളുമായും ഗാലക്‌സി എസ് 23 ലെ 1.95 എംഎം ബെസലുകളുമായും താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കട്ടി കുറഞ്ഞതാണ്. ഇനി ഐഫോൺ 14 പ്രോ മാക്സുമായി താരതമ്യം ചെയ്താലും വലിയ മാറ്റമുണ്ടാകും. മുൻഗാമിയെ അപേക്ഷിച്ച് ഏകദേശം 28% കട്ടി കുറഞ്ഞ ബെസലുകളായിരിക്കും 15 പ്രോ മാക്സിന്.
ഡിസ്‍പ്ലേയുടെ നാല് വശങ്ങളിലും കറുത്ത ബെസലുകൾ ഉണ്ടെന്ന് പോലും തോന്നാത്ത അത്ര ചെറുതായിരിക്കും എന്ന് ചുരുക്കം.ഇത് വിഡിയോ കാണുമ്പോഴും ഗെയിം കളിക്കുമ്പോഴുമൊക്കെ യൂസർമാർക്ക് മികച്ച കാഴ്ചാ അനുഭവം സമ്മാനിക്കും.
കൂടാതെ, പെരിസ്‌കോപ്പ് ലെൻസിന്റെ (ഐഫോണിൽ ആദ്യം) സാന്നിധ്യം കാരണം ഐഫോൺ 15 പ്രോ മാക്സിൽ ആപ്പിൾ ഇത്തവണ ചെറിയ ക്യാമറ ഹമ്പ് ആയിരിക്കും ഉൾകൊള്ളിക്കുകയെന്നും സൂചനയുണ്ട്. അതേസമയം, പുതിയ ഐഫോണിൽ ആളുകളെ ആവേശം കൊള്ളിക്കുന്ന ഫീച്ചർ യു.എസ്.ബി-സി പോർട്ടാണ്. കൂടാതെ നോൺ-പ്രോ മോഡലുകളിൽ ഡൈനാമിക് ഐലൻഡ് ഉൾപ്പെടുത്താൻ പോകുന്നതായുള്ള സൂചനകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.