സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഫോൺ ഓഫാകുന്നത് ചിന്തിക്കാനാകാത്ത ലോകത്താണ് നാം ജീവിക്കുന്നത്. ദൈനംദിന ജീവിതത്തിൽ അത്രയേറെ പ്രാധാന്യമാണ് ഉപയോക്താക്കൾ ഫോണിന് നൽകിയിരിക്കുന്നത്. മിക്ക ഫോണുകളും ഒരു ദിവസത്തിൽ കൂടുതൽ ചാർജ് നിൽക്കില്ല എന്നതിനാൽ ദിവസവും ചാർജിങ്ങിൽ ഇടുകയും വേണം. എന്നാൽ ഏതാനും ദിവസങ്ങൾ ബാറ്ററി റീചാർജ് ചെയ്യാതെ ധൈര്യമായി ഉപയോഗിക്കാമെങ്കിലോ? അത്തരമൊരു ബാറ്ററി ഉൾപ്പെടുത്തിയ ഫോൺ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് ടെക് കമ്പനിയായ റിയൽമി.
15,000 എം.എ.എച്ച് ബാറ്ററിയുള്ള ഫോൺ ഒരുതവണ ചാർജ് ചെയ്താൽ അഞ്ച് ദിവസം വരെ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 50 മണിക്കൂർ വിഡിയോ പ്ലേബാക്കാണ് ഒറ്റത്തവണ ചാർജിങ്ങിൽ ലഭിക്കുക. നിലവിലുള്ള മിക്ക സ്‍മാർട്ട്‌ഫോണുകളേക്കാളും ഇരട്ടിയിലധികം ശേഷി വരുമിത്. ആഗസ്റ്റ് 27ന് പുതിയ സ്‍മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള പദ്ധതി റിയൽമി സ്ഥിരീകരിച്ചു. ഫോണിന്‍റെ ടീസറുകളും കമ്പനി പുറത്തുവിട്ടു. ടീസർ പോസ്റ്ററുകൾ പ്രകാരം, വലിയ ബാറ്ററി ഉണ്ടെങ്കിലും ഈ ഫോണിന് അമിത ഭാരമോ വീതയോ ഉള്ളതായി തോന്നുന്നില്ല എന്നതാണ് ശ്രദ്ധേയം. ഈ ഡിവൈസിന്‍റെ പിൻ പാനലിൽ ഉടനീളം 15000mAh എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.
പുതിയ ഫോൺ ഉപയോഗിച്ച് ഒറ്റ ചാർജിൽ 18.75 മണിക്കൂർ വരെ വിഡിയോ ഷൂട്ട് ചെയ്യാമെന്നും റിയൽമി അവകാശപ്പെടുന്നു. എന്നാൽ ഈ ഫോൺ വിപണിയിൽ ലഭ്യമാകുമോ അതോ കൺസെപ്റ്റ് മോഡലായി വികസിപ്പിക്കുക മാത്രമാണോ ചെയ്യുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വിപണിയിൽ ഉടനടി പുറത്തിറക്കുന്നതിനുപകരം , റിയൽമിയുടെ ബാറ്ററി സാങ്കേതികവിദ്യയിലെ പുരോഗതി പ്രദർശിപ്പിക്കുന്ന ഉൽപന്നമായി തുടക്കത്തിൽ അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഈ വർഷമാദ്യം 10,000 എം.എ.എച്ച് കൺസെപ്റ്റ് ഫോൺ റിയൽമി അവതരിപ്പിച്ചിരുന്നു. നിലവിൽ വിപണിയിൽ ലഭ്യമായ റിയൽമി സ്‍മാർട്ട്ഫോണിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ബാറ്ററി 7,000 എം.എ.എച്ച് ആണ്. ജി.ടി 7 മോഡലിലാണ് 7000 എം.എ.എച്ച് ബാറ്ററിയുള്ളത്. ഇതിന്‍റെ ഇരട്ടിയിലേറെ ബാറ്ററി ബാക്കപ്പുള്ള ഫോൺ പുറത്തിറക്കുമെന്ന കമ്പനിയുടെ പ്രഖ്യാപനത്തെ ആകാംക്ഷയോടെയാണ് ടെക് ലോകം വരവേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.