പുതിയ ഫോൺ ഇന്ത്യയിൽ ‘ഓപൺ’ ചെയ്ത് വൺപ്ലസ്; വിലയും വിശേഷങ്ങളും ഇതാ...

അങ്ങനെ വൺപ്ലസും തങ്ങളുടെ ഫോൾഡബിൾ ഫോണുമായി ഇന്ത്യയിൽ വരവറിയിച്ചുകഴിഞ്ഞു. വൺപ്ലസ് ഓപൺ’ എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ട്ഫോൺ ഗംഭീരമായ സവിശേഷതകൾ കുത്തിനിറച്ചാണ് ​ലോഞ്ച് ചെയ്തിരിക്കുന്നത്. സാംസങ്ങും പിന്നാലെ, ഒപ്പോ, വിവോ, ഹ്വാവേ, ഗൂഗിൾ, ടെക്നോ തുടങ്ങിയ കമ്പനികളും അവരുടെ ഫോൾഡബിൾ ഫോൺ നേരത്തെ തന്നെ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അവരിൽ നിന്ന് വൺപ്ലസിന് അവരുടെ ‘ഓപണി’ൽ എന്ത് പ്രത്യേകതയാണ് കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളത് എന്ന് പരിശോധിക്കാം...



വൺപ്ലസ് ഓപൺ സവിശേഷതകൾ

വൺപ്ലസിന്റെ ഫോൾഡബിൾ ഫോണിന് ഒരു ഫോക്സ് ലെതർ ഫിനിഷാണ് നൽകിയിരിക്കുന്നത്, ഇത് കേസ് ഇടാതെ ഫോൺ ഉപയോഗിക്കുമ്പോഴും നല്ല ഗ്രിപ്പ് നൽകും. എന്നാൽ, വോയേജർ ബ്ലാക്ക് കളർ മോഡലിൽ മാത്രമേ അത്തരം ബാക്ക് ഫിനിഷ് നൽകിയിട്ടുള്ളൂ. ഒരു പുസ്തകം പോലെ ‘ഓപൺ’ മടക്കിക്കഴിയുമ്പോൾ ഡിസ്പ്ലേകൾക്കിടയിൽ വിടവില്ല എന്നതും പ്രശംസനീയമാണ്. മറ്റ് ബ്രാൻഡുകളുടെ ഫോൾഡബിളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫോൺ തീർത്തും സ്‍ലിം ആണെന്നതാണ് ആകർഷണീയമായ ഒരു കാര്യം. വളരെ ഭാരം കുറഞ്ഞതുമായതിനാൽ, ഒരു കൈകൊണ്ട് ഫോൺ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു.


7.82 ഇഞ്ച് 2K AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. കവർ ഡിസ്‌പ്ലേ 6.31 ഇഞ്ചുള്ള AMOLED പാനലാണ് അതിനും 2K റെസല്യൂഷനും 120Hz റിഫ്രഷ് നിരക്കുമുണ്ട്.

പ്രസരിപ്പുള്ള നിറങ്ങളും മികച്ച കോൺട്രാസ്റ്റും വാഗ്ദാനം ചെയ്യുന്ന വൺപ്ലസ് ഓപണി’ന്റെ ഡിസ്‌പ്ലേ ഏറെ മികച്ചതാണ്. LTPO പാനൽ ആണെന്നതും എടുത്തുപറയണം. സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്ന ഉള്ളടക്കത്തെ ആശ്രയിച്ച് ഉപകരണം സ്വയമേവ 1Hz മുതൽ 120Hz വരെ മാറുന്നതിനാൽ വളരെ സുഗമമായ അനുഭവം നൽകാനും ബാറ്ററി ലൈഫ് ഒരു ഏറെ ലാഭിക്കാനും LTPO പാനൽ സഹായിക്കുന്നു. 240Hz ടച് റെസ്‍പോൺസ് റേറ്റും നൽകിയിട്ടുണ്ട്.

ഫോൺ ‘ഓപൺ’ ചെയ്തുകഴിഞ്ഞാൽ വിപണിയിലെ ഏറ്റവും തിളക്കമുള്ള ഡിസ്‌പ്ലേയാണ് നിങ്ങളെ കാത്തിരിക്കുന്നത്. 2,800nits ആണ് പരമാവധി ബ്രൈറ്റ്നസ്, ഇത് അടുത്തിടെ പുറത്തിറക്കിയ 2,400nits ഉള്ള Pixel 8 Pro-യെക്കാൾ കൂടുതലാണ്. കടുത്ത സൂര്യപ്രകാശത്തിൽ പോലും യാതൊരു ബുദ്ധിമുട്ടുമില്ലാതെ സ്ക്രീനിൽ ​പ്രദർശിപ്പിക്കുന്ന കാര്യങ്ങൾ കാണാൻ ഇത് സഹായിക്കും. അതേസമയം, ഒരു ഫ്ലാഗ്ഷിപ്പ് ഫോൺ ഉപയോഗിക്കുന്ന തരത്തിലുള്ള അനുഭവം നൽകുന്ന ഡിസ്പ്ലേ തന്നെയാണ് വൺപ്ലസ് തങ്ങളുടെ ഫോൾഡബിൾ ഫോണിന്റെ പുറത്തും നൽകിയിരിക്കുന്നത്.

Image - The Verge

ചാർജിങ്ങിന്റെ കാര്യത്തിലും സാംസങ്ങിനെ പോലുള്ള ബ്രാൻഡുകളെ നാണിപ്പിക്കാൻ വൺപ്ലസിന് കഴിഞ്ഞിട്ടുണ്ട്. 67 വാട്ടിന്റെ അതിവേഗ ചാർജിങ്ങും ഒപ്പം ബോക്സിൽ അതേ ചാർജറും കമ്പനി നൽകും. 4805mAh ഉള്ള വലിയ ബാറ്ററിയാണ് ഫോണി​​നൊപ്പമുള്ളത്.

ക്യാമറ ഡിപ്പാർട്ട്മെന്റിലും വിട്ടുവീഴ്ച വരുത്തിയിട്ടില്ല. പ്രധാന മൊഡ്യൂളിൽ 48 മെഗാപിക്സൽ സോണി LYT-T808 പ്രൈമറി സെൻസറും 3x സൂമോടുകൂടിയ 64 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉണ്ട്. മുൻവശത്താകട്ടെ, 20 മെഗാപിക്സൽ പ്രൈമറി സെൻസറും 32 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ്.


അഡ്രിനോ 740 GPU-മായി ജോടിയാക്കിയ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് ഫോണിന് കരുത്തേകുന്നത്. 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വൺപ്ലസ് ഓപണിന് 1,39,999 രൂപയാണ് വില. വോയേജർ ബ്ലാക്ക്, എമറാൾഡ് ഡസ്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. ആമസോൺ, വൺപ്ലസിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ, റിലയൻസ് ഡിജിറ്റൽ, മറ്റ് അംഗീകൃത ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവ വഴിയാണ് ഫോൺ വിൽക്കുക.


ഐസിഐസിഐ ബാങ്ക്, വൺകാർഡ് കാർഡ് ഉടമകൾക്ക് ഓപൺ വാങ്ങുമ്പോൾ 5,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. അതുപോലെ ഫോൺ 699 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുള്ള ജിയോ സിമ്മിനൊപ്പം വാങ്ങുകയാണെങ്കിൽ 15,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

Tags:    
News Summary - OnePlus Open launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.