Image: notebookcheck.net

കുറഞ്ഞ വിലയിൽ 'നത്തിങ് ഫോൺ (1) ലൈറ്റ്' ഇന്ത്യയിലേക്ക്...? കാൾ പേയ്ക്ക് പറയാനുള്ളത് ഇതാണ്...!

സമീപ കാലത്ത് ആഗോളതലത്തിൽ ഏറ്റവും ശ്രദ്ധ നേടിയ സ്മാർട്ട്ഫോണാണ് നത്തിങ് ഫോൺ (1). പ്രഖ്യാപനം മുതൽ ടെക്നോളജി രംഗത്തുള്ളവർ ആവേശത്തോടെ ഫോണിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ, വിപണിയിലെത്തിയതോടെ ഫോൺ ചൂടപ്പം പോലെയാണ് വിറ്റുപോയത്. വൺപ്ലസിൽ നിന്ന് രാജിവെച്ച കാൾ പേയ് സ്വന്തമായി തുടങ്ങിയ ടെക്നോളജി കമ്പനിയാണ് നത്തിങ്. ഓഡിയോ ഉത്പന്നങ്ങളിലൂടെയായിരുന്നു അവരുടെ തുടക്കം.

നത്തിങ് ഇയർ വൺ എന്ന അവരുടെ ഇയർഫോൺ അർദ്ധസുതാര്യമായ രൂപകൽപ്പനയോടെയായിരുന്നു അവതരിപ്പിച്ചത്. നത്തിങ് ഫോൺ (1) ഉം അതേ ഡിസൈനാണ് പിന്തുടരുന്നത്. പിൻഭാഗത്തെ എൽ.ഇ.ഡി ലൈറ്റുകളും ഫോണിന് വലിയ ശ്രദ്ധ നേടിക്കൊടുത്തു. കാമറാ മൊഡ്യൂളിന് ചുറ്റിലും, വയർലെസ് ചാർജിങ് ഭാഗത്തും, ഫോൺ ചാർജ് ചെയ്യാനുള്ള യു.എസ്.ബി ടൈപ് സി പോർട്ടിന് കുറുകെയും എൽ.ഇ.ഡി ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. അവ, നോട്ടിഫിക്കേഷൻ എൽ.ഇ.ഡികളായും പ്രവർത്തിക്കും.


നത്തിങ് ഫോൺ വിപണിയിലെത്തിയതിന് പിന്നാലെ, ഫോണിന്റെ വില കുറഞ്ഞ പതിപ്പായ നത്തിങ് ഫോൺ (1) ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഫോണിലുള്ള ഏറ്റവും ആകർഷകമായ ഫീച്ചറുകൾ എടുത്തുകളഞ്ഞുകൊണ്ടാകും ലൈറ്റ് വകഭേദം എത്തുകയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, അതെല്ലാം നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ് സ്ഥാപകൻ കാൾ പേയ്. വ്യാജ വാർത്ത എന്നാണ് അദ്ദേഹം അതിനെ കുറിച്ച് പ്രതികരിച്ചത്.

33000 രൂപ പ്രാരംഭ വിലയുള്ള നത്തിങ് ഫോൺ (1) ഇന്ത്യയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. 20000 രൂപയ്ക്ക് താഴെയുള്ള ഫോണുകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത്. നത്തിങ് ആ കാറ്റഗറിയിൽ ഫോൺ ലോഞ്ച് ചെയ്യുമെന്ന ​പ്രതീക്ഷയിലായിരുന്നു ​ഫാൻസ്.


സ്നാപ്ഡ്രാഗണിന്റെ 778G+ എന്ന കരുത്തുറ്റ മിഡ്റേഞ്ച് പ്രൊസസറാണ് നത്തിങ് ഫോൺ 1-ൽ ഉൾപെടുത്തിയിരിക്കുന്നത്. 6.55- ഇഞ്ച് വലിപ്പമുള്ള സാംസങ് E4 അമോൾഡ് ഡിസ്‌പ്ലേക്ക് HDR10+ പിന്തുണയും 120Hz റിഫ്രഷ് റേറ്റുമുണ്ട്. 12 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്‌റ്റോറേജും ഫോണിൽ നൽകിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50MP+16MP ഡ്യുവൽ പിൻ ക്യാമറകളും 4,500mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ്ങും നത്തിങ് സ്മാർട്ട്‌ഫോണിന്റെ പ്രത്യേകതകളാണ്. 16MP-യാണ് സെൽഫി ഷൂട്ടർ.

Tags:    
News Summary - Nothing Phone (1) Lite coming to India at low price...? This is what Carl Pay had to say...!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.