‘കൈയ്യിൽ ധരിക്കാവുന്ന സ്മാർട്ട്ഫോൺ’; അതിശയിപ്പിച്ച് മോട്ടറോളയുടെ കൺസെപ്റ്റ് ഫോൺ - VIDEO

കീപാഡ് ഫോണുകളിൽ നിന്ന് ടച്ച് സ്ക്രീൻ സ്മാർട്ട്ഫോണുകളിലേക്കും മടക്കാനും തുറക്കാനും കഴിയുന്ന ഫോൾഡബിൾ ഫോണുകളിലേക്കുമൊക്കെ നാം എത്തിക്കഴിഞ്ഞു. ഇനിയെന്ത് സാ​ങ്കേതിക വിദ്യയായിരിക്കും സ്മാർട്ട്ഫോൺ നിർമാണ രംഗം കീഴടക്കുക എന്ന കൗതുകം പലർക്കുമുണ്ട്. മോട്ടറോള എന്ന ബ്രാൻഡ് അതിനുത്തരവുമായി എത്തിയിട്ടുണ്ട്. ഫ്ലെക്സിബിൾ ഡിസ്‌പ്ലേയുള്ള ഫോണാണ് അവർ ലെനോവോ ടെക് വേൾഡ് 2023-ൽ പ്രദർശിപ്പിച്ചിരിക്കുന്നത്.


മോട്ടോയുടെ പുതിയ അഡാപ്റ്റീവ് ഡിസ്‌പ്ലേ കൺസെപ്റ്റ് ടെക് പ്രേമികളെ അതിശയിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ഉപയോഗത്തിനനുസരിച്ച് ഇഷ്ടമുള്ള രീതിയിൽ രണ്ട് ദിശയിലേക്ക് മടക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ ആണ് മോട്ടോയുടെ കൺസെപ്റ്റ്. കൈയ്യിൽ സ്മാർട്ട് വാച്ച് പോലെ ധരിക്കാൻ കഴിയുമെന്നതാണ് ഏറ്റവും കൗതുകമുണർത്തുന്ന സവിശേഷത. ഇപ്പോൾ ഏറെ ആവശ്യക്കാരുള്ള ഫോൾഡബിൾ ഫോണുകളിൽ നിന്നും ഫ്ലിപ് ഫോണുകളിൽ നിന്നും ഏറെ വ്യത്യസ്തമാണിത്.


ഡിസ്പ്ലേ വിവിധ ‘സ്റ്റാൻഡ് മോഡു’കളെ പിന്തുണയ്ക്കുന്നുണ്ട്, ഇത് ഡിസ്പ്ലേയെ ഒന്നിലധികം രീതികളിൽ സ്ഥാപിക്കാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് ഇത് ഒരു പരമ്പരാഗത സ്‌മാർട്ട്‌ഫോണായി ഉപയോഗിക്കാം അല്ലെങ്കിൽ അൽപ്പം വളച്ച് ഫോൾഡബിൾ ഫോൺ പോലെയാക്കാം, ഹാൻഡ്‌സ് ഫ്രീ അനുഭവത്തിനായി ഇത് ഒരു മേശപ്പുറത്ത് പല രീതിയിൽ വെച്ച് ഉപയോഗിക്കാം (താഴെയുള്ള ചി​ത്രം പരിശോധിക്കുക).


കൺസെപ്റ്റ് ഫോണിൽ ഫുൾ എച്ച്ഡി+ പി.ഒ.എൽ.ഇ.ഡി അഡാപ്റ്റീവ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഡിസ്‍പ്ലേ വലിപ്പം അതിനെ നിങ്ങൾ ഏത് രീതിയിൽ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. 6.9 ഇഞ്ച് മുതൽ 4.6 ഇഞ്ച് വരെയുള്ള രീതിയിൽ ഫോൺ ഉപയോഗിക്കാവുന്നതാണ്.


ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള അനുഭവമാകും ഫോൺ നൽകുക, എന്നാൽ ഉപകരണം ഒരു സ്മാർട്ട് വാച്ച് പോലെ ഉപയോഗിക്കുമ്പോൾ ഇത് എങ്ങനെ ഒപ്റ്റിമൈസ് ചെയ്യപ്പെടും എന്നത് കണ്ടറിയണം. അതുപോലെ, ഈ ഫോൺ മോട്ടോയുടെ ഒരു ആശയം മാത്രമായതിനാൽ, എത്രത്തോളം നീണ്ടുനിൽക്കുന്നതും പ്രായോഗികവുമാണ് എന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ല. ഫോൺ എന്ന് യാഥാർനഥ്യമാകുമെന്നതിനെ കുറിച്ചും മോട്ടോ യാതൊന്നും പുറത്തുവിട്ടിട്ടില്ല. എന്തായാലും കാത്തിരിക്കാം....!

Full View


Tags:    
News Summary - Motorola Unveils Innovative Wrist-Wrap Display Concept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.