എ.ഐ, 6.9 ഇഞ്ച് ഡിസ്‍പ്ലേ; ഐഫോൺ 16 സീരീസിൽ ആപ്പിൾ കാത്തുവെച്ചിരിക്കുന്ന ഫീച്ചറുകൾ

ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്ത് രണ്ട് മാസങ്ങർ പിന്നിടുമ്പോഴേക്കും അടുത്ത പതിപ്പിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ ചർച്ചയായി തുടങ്ങിയിരിക്കുകയാണ്. ഐഫോൺ 16 ലൈനപ്പിന്റെ വരവിന് മാസങ്ങളിനിയും ബാക്കിനിൽക്കെ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോണിന്റെ സവിശേഷതകളെ കുറിച്ച് അറിയാം.

ഐഫോൺ 16, 16 പ്ലസ് ഡിസ്‍പ്ലേയിൽ നിരാശ

ഇൻഡസ്ട്രി ഇൻസൈഡർ റോസ് യംഗിന്റെ റിപ്പോർട്ട് പ്രകാരം ഐഫോൺ 16 സീരീസിലും ഉയർന്ന റിഫ്രഷ് റേറ്റുള്ള 120Hz പ്രൊമോഷൻ ഡിസ്‌പ്ലേ പ്രോ മോഡലുകൾക്ക് മാത്രമേയുണ്ടാകൂ. ഐഫോൺ 16, 16 പ്ലസ് എന്നീ മോഡലുകളിൽ പതിവുപോലെ 60Hz പാനലായിരിക്കും ഉണ്ടാവുക. ആപ്പിൾ ഐഫോൺ പ്രേമികളെ നിരാശപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ട്. ഐഫോൺ 15-ലേതിന് സമാനമായി ഡൈനാമിക് ഐലൻഡുമായാകും ബേസ് മോഡലുകൾ എത്തുക. എന്നാൽ, എല്ലാ വർഷത്തേയും പോലെ, ഉയർന്ന ബ്രൈറ്റ്നസ് ലെവലും കൂടുതൽ വർണ്ണ-കൃത്യതയുമുള്ള അൽപ്പം മികച്ച സ്‌ക്രീൻ ഐഫോൺ 16, 16 പ്ലസ് മോഡലുകളിൽ ആപ്പിൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അമ്പോ... വമ്പൻ ഡിസ്‍പ്ലേ

പതിവുപോലെ, നാല് ഐഫോൺ മോഡലുകളാകും പതിനാറാം പതിപ്പിലുമുണ്ടാവുക. ബേസ്‌ലൈൻ ഐഫോൺ 16-ന് 6.1 ഇഞ്ചുള്ള ഡിസ്‍പ്ലേയും 6 പ്ലസിൽ 6.7 ഇഞ്ച് ഡിസ്‍പ്ലേയും തന്നെ നൽകിയേക്കും. എന്നാൽ, പ്രോ മോഡലുകൾ അൽപ്പം വ്യത്യസ്തമായാകും എത്തുക. റെഡ്ഡിറ്റിലെ ലീക്കർ യു/റെഡിറ്റർ (u/Redditor) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച് സ്ക്രീനാകും കാണാൻ കഴിയുക. അതേസമയം ഐഫോൺ 16 പ്രോ മാക്‌സിൽ വലിയ 6.9 ഇഞ്ച് ഡിസ്‍പ്ലേയാകും ഉണ്ടായിരിക്കുക. ഇതുവരെ ഇറങ്ങിയ ഐഫോണുകളിൽ നമ്മൾ കണ്ട ഏറ്റവും വലിയ സ്‌ക്രീനുമായാകും പ്രോ മാക്സ് മോഡലെത്തുക. വലിയ സ്‌ക്രീനുകൾ വരുന്നതോടെ വലിയ ബാറ്ററികൾ ഐഫോണുകളിൽ ഉൾപ്പെടുത്താൻ കഴിഞ്ഞേക്കും. അതിലൂടെ മെച്ചപ്പെടുത്തിയ ബാറ്ററി ലൈഫും പ്രതീക്ഷിക്കാം.

ക്യാമറയിൽ പുലി

ഐഫോൺ 16 പ്രോയിൽ "ടെട്രാ-പ്രിസം" എന്നും അറിയപ്പെടുന്ന പുതിയ 5x പെരിസ്‌കോപ്പ് സൂം ലെൻസ് ആപ്പിൾ ചേർക്കുമെന്നും റെഡ്ഡിറ്റിൽ വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതുപോലെ 2020-ൽ ഐഫോൺ 12 പ്രോയിൽ അവതരിപ്പിച്ച LiDAR സെൻസർ ഐഫോൺ 16 സീരീസിലൂടെ ബേസ് മോഡലുകളിലും എത്താൻ പോവുകയാണ്.

ഇത് ഉപയോക്താക്കളെ അവരുടെ ഐഫോണിൽ 3D അല്ലെങ്കിൽ സ്പേഷ്യൽ വീഡിയോ റെക്കോർഡ് ചെയ്യാൻ അനുവദിക്കുന്നു. ഐഫോൺ 15 പ്രോ സീരീസിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനൊപ്പം ഈ ഫീച്ചർ ഉടൻ ലഭ്യമാകും. ഉപയോക്താക്കൾക്ക് വരാനിരിക്കുന്ന വിഷൻ പ്രോയിൽ 3D വീഡിയോകൾ അനുഭവിക്കാൻ കഴിയും.

ജനറേറ്റീവ് എ.ഐയുടെ കരുത്ത്...

മാർക്ക് ഗുർമാന്റെ ബ്ലൂംബെർഗിലെ പവർ ഓൺ എന്ന വാർത്താക്കുറിപ്പ് അനുസരിച്ച്, ഐഫോൺ 16 സീരീസിന്റെ ഹാർഡ്‌വെയറിന് കാര്യമായ മെച്ചപ്പെടുത്തലുകൾ ഉണ്ടാകില്ല. പകരം, സോഫ്റ്റ്‌വെയറിലാണ് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച്, ഓപ്പൺഎ.ഐയുടെ ചാറ്റ്ജിപിടി, മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് തുടങ്ങിയ ആപ്ലിക്കേഷനുകൾക്ക് സമാനമായി, വരാനിരിക്കുന്ന ഐ.ഒ.എസ് 18-ൽ പുതിയ ജനറേറ്റീവ്-എ.ഐ പിന്തുണയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിയേക്കും.

പുതിയതും ശക്തവുമായ എ18 പ്രോ എന്ന ചിപ്പുമായാകും ഐഫോൺ 16 സീരീസ് എത്തുക. കൂടുതൽ ശക്തമായ എൻപിയു ഉപയോഗിച്ച് ജനറേറ്റീവ് എ.ഐ ടാസ്‌ക്കുകൾ കൈകാര്യം ചെയ്യാൻ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണീ ചിപ്പ്. പ്രോ മോഡലുകൾക്ക് മാത്രമാകും പുതിയ ചിപ്സെറ്റ് കരുത്ത് പകരുക. ഐഫോൺ 16, 16 പ്ലസ് എന്നീ ബേസ്‌ലൈൻ വേരിയന്റുകൾ 15 പ്രോ സീരീസിന് ശക്തി പകരുന്ന ‘A17 പ്രോ’യുടെ കരുത്ത് കുറച്ച പതിപ്പുമായി എത്തും.

ക്ലിക്ക് ചെയ്യനാകാത്ത ബട്ടണുകൾ

ഐഫോണിൽ ക്ലിക്കുചെയ്യാനാകുന്ന ബട്ടണുകൾ മാറ്റി, പകരം സോളിഡ്-സ്റ്റേറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ പോകുന്നതായി കുറച്ചുകാലമായി റിപ്പോർട്ടുകൾ വന്നിരുന്നു. ഐഫോൺ 16 പ്രോ സീരീസിലൂടെയാകും അത് ആപ്പിൾ സാധ്യമാക്കുക. ശബ്ദം കൂട്ടാനും കുറക്കാനും ഫോൺ ഓൺ ചെയ്യാനും ഓഫ് ചെയ്യാനുമൊക്കെ ഇപ്പോൾ ഐഫോണിൽ ബട്ടണുകളുണ്ട്, എന്നാൽ, 16-ാം പതിപ്പിൽ ബട്ടണുകൾ ക്ലിക്ക് ചെയ്യുന്ന അനുഭവത്തിന് പകരം ഹെപ്റ്റിക് ഫീഡ് ബാക്ക് ആയിരിക്കും അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ലഭിക്കുക. അതുപോലെ ഐഫോൺ 15 പ്രോ സീരീസിൽ മാത്രമുണ്ടായിരുന്ന ആക്ഷൻ ബട്ടൺ ഇനി മുതൽ എല്ലാ മോഡലുകളിലും ലഭ്യമാക്കും. 

Tags:    
News Summary - iPhone 16: Discover What Apple Has Prepared for You

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.