ഐഫോണിനേക്കാൾ കുറഞ്ഞ വില; ഗൂഗിൾ പിക്സൽ 8 സീരീസ് ഇന്ത്യയിലെത്തി, ഗംഭീര ഫീച്ചറുകൾ ഇവയാണ്..

ഐഫോൺ 15 സീരീസിനുള്ള മറുപടിയുമായി ഗൂഗിൾ ഒടുവിൽ എത്തിയിരിക്കുകയാണ്. തങ്ങളുടെ ഏറ്റവും പുതിയ പിക്സൽ സീരീസ് ഫോണുകളായ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഗൂഗിൾ പുറത്തിറക്കി. ഒക്‌ടോബർ 4 ബുധനാഴ്ച നടന്ന കമ്പനിയുടെ 'മെയ്ഡ് ബൈ ഗൂഗിൾ' ഇവന്റിൽ പിക്സൽ ഫോണുകളും പുതിയ സ്മാർട്ട് വാച്ചും ഇയർബഡ്സും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. 

അതിനൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുമായാണ് പിക്സൽ ഫോണുകൾ ഗൂഗിൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗൂഗിളിന്റെ ഏറ്റവും കരുത്താർന്ന എഐ മോഡലിന്റെ പിന്തുണയോടെ എത്തുന്ന ഫോണിൽ നിങ്ങൾ പകർത്തുന്ന ചിത്രങ്ങളിൽ ഗംഭീര എഡിറ്റുകൾ വരുത്താൻ സാധിക്കും.

രൂപഭാവങ്ങൾ മുൻഗാമികളായ പിക്സൽ 7 സീരീസിന് സമാനമാണെങ്കിലും ചെറിയ ചില ഡിസൈൻ മാറ്റങ്ങൾ ഫോണുകളിൽ കാണാം. ഫോണിന്റെ നാല് കോർണറുകൾക്കും റൗണ്ടഡ് ഡിസൈൻ നൽകിയതും പ്രോ മോഡലിന് മാറ്റ് ഫിനിഷുള്ള ബാക് നൽകിയതും മികച്ച അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. നവീകരിച്ച ക്യാമറകൾ, ശക്തമായ പ്രൊസസർ എന്നിവയും പുതിയ ഫോണുകളെ ആകർഷകമാക്കുന്നു.

പിക്സൽ 8 സീരീസ് ഫീച്ചറുകൾ

ഫോണിന്റെ ബ്രൈറ്റ്നസ് 2000 നിറ്റ്‌സായി ഉയർത്തുന്ന 'ആക്‌ച്വ ഡിസ്‌പ്ലേ'യാണ് പിക്‌സൽ 8-ൽ വരുന്നത്, പിക്സൽ 7ന് 1400 നിറ്റ് പീക്ക് ബ്രൈറ്റ്നസായിരുന്നു ഉണ്ടായിരുന്നത്. അതേസമയം പിക്സൽ 8 പ്രോക്ക് 2,400 നിറ്റ്സ് നൽകിയിട്ടുണ്ട്. അതിനെ സൂപർ ആക്ച്വ ഡിസ്‍പ്ലേ എന്നാണ് ഗൂഗിൾ വിളിക്കുന്നത്. പ്രോ മോഡലിന്റെ ഡിസ്‍പ്ലേക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2-ന്റെ സുരക്ഷാ കവചമുണ്ട്. പിക്സൽ 8ന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമാണുള്ളത്.


അതേസമയം, ഡിസ്‍പ്ലേ വലിപ്പം പിക്സൽ 7 സീരീസിന് സമാനമാണ്. പിക്സൽ 8-ന് 60Hz-120Hz റിഫ്രഷ് റേറ്റുള്ള 6.2 ഇഞ്ച് AMOLED ഡിസ്‌പ്ലേ, പിക്സൽ 8 പ്രോക്ക് - 1Hz-120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ക്വാഡ് എച്ച്.ഡി ​അമോലെഡ് ഡിസ്‍പ്ലേ.


ഏറ്റവും ആൻഡ്രോയിഡ് 14 പതിപ്പിലാണ് ഫോണുകൾ പ്രവർത്തിക്കുന്നത്. ഇരു ഫോണുകൾക്കും ഗൂഗിളിന്റെ പുതിയ ടെൻസർ ജി3 ചിപ്‌സെറ്റാണ് കരുത്തേകുന്നത്. അതേസമയം, ഫോണിൽ ഗൂഗിൾ ടെമ്പറേച്ചർ സെൻസർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വസ്തുവിന്റെ താപനില അറിയാൻ സ്കാൻ ചെയ്യാനുള്ള ഓപ്ഷനാകും നൽകുക. തെർമോമീറ്റർ ആപ്പ് സംവിധാനവും ഉടൻ എത്തും. ഏഴ് വർഷത്തെ ആൻഡ്രോയ്ഡ് അപ്ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പിക്സൽ 8 സീരീസിലെ രണ്ട് സ്മാർട്ട്ഫോണുകളിലും 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും പിക്സൽ 8 ന് 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമാണുള്ളത്. അതേസമയം, പ്രോ മോഡലിന് 64 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും നൽകിയിട്ടുണ്ട്. ഈ രണ്ട് ഹാൻഡ്‌സെറ്റുകൾക്കും 11 മെഗാപിക്‌സൽ സെൽഫി ക്യാമറയുണ്ട്, മധ്യഭാഗത്ത് അലൈൻ ചെയ്‌തിരിക്കുന്ന ഹോൾ-പഞ്ച് ഡിസ്‌പ്ലേ കട്ടൗട്ടിലാണ് മുൻ കാമറ.


27W ചാർജിംഗിനുള്ള പിന്തുണയുള്ള 4,575mAh ബാറ്ററിയാണ് പിക്സൽ 8-ന് നൽകിയത്. അതേസമയം പിക്സൽ 8 പ്രോയിലെ 5,050mAh ബാറ്ററി 30W-ൽ ചാർജ് ചെയ്യാം. ഫേഷ്യൽ റെകഗ്നിഷൻ സംവിധാനവും ഡിസ്‍പ്ലേക്ക് ഉള്ളിൽ സജ്ജീകരിച്ച ഫിംഗർ പ്രിന്റുമാണ് സുരക്ഷക്ക് നൽകിയത്.

പിക്സൽ 8 സീരീസ് വില വിവരങ്ങൾ

പിക്സൽ 8നു 75999 രൂപ, പിക്സൽ 8 പ്രോ 106,999 രൂപയുമായിരിക്കും വില.ഫ്ലിപ്കാർട്ടിൽ പ്രീ ഓർഡർ ചെയ്യാനാകും. പിക്സൽ 8 ഇന്ത്യയിൽ 11,000 രൂപ കിഴിവോടെ 64,999 രൂപയ്ക്ക് വാങ്ങാം. 8,000 രൂപയുടെ ബാങ്ക് കിഴിവും 3,000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ഉപയോഗപ്പെടുത്തിയാലാണ് അത്രയും വലിയ ഡിസ്കൗണ്ട് ലഭിക്കുന്നത്. അതുപോലെ പിക്സൽ 8 പ്രോ 13,000 രൂപ കിഴിവിൽ 93,999 രൂപക്കും സ്വന്തമാക്കാം. 9,000 രൂപ ബാങ്ക് ഡിസ്കൗണ്ടും 4,000 എക്സ്ചേഞ്ച് കിഴിവുമടക്കമാണ് അത്രയും വിലക്കുറവ് ലഭ്യമാകുന്നത്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പങ്കിട്ട വിശദാംശങ്ങൾ അനുസരിച്ച്, ഫോണുകൾ വാങ്ങുമ്പോൾ നിങ്ങളുടെ ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ ഈ കിഴിവുകൾ നിങ്ങൾക്ക് ലഭിക്കും.

Tags:    
News Summary - Google Pixel 8, Pixel 8 Pro Launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.