‘ഇക്കൊല്ലം അഞ്ച് ഐഫോണുകൾ’; ഒരു മോഡൽ അവതരിപ്പിക്കുക താങ്ങാവുന്ന വിലയിൽ

ഓരോ വർഷവും പുതിയ ഐഫോണുകൾ ഇറങ്ങുമ്പോൾ ആപ്പിൾ പ്രേമികളല്ലാത്തവർക്ക് കാര്യമായ ആവേശമൊന്നും ഉണ്ടാകാറില്ല, കാരണം, ‘പതിവ് ഡിസൈൻ, സ്റ്റാൻഡേർഡ്, പ്ലസ്, പ്രോ, പ്രോ മാക്‌സ് എന്നീ നാല് മോഡലുകൾ’ കാമറ സവിശേഷതയിൽ കുറച്ച് മാറ്റം - ഇവയല്ലാതെ മറ്റൊന്നും തന്നെ പ്രതീക്ഷിക്കാനില്ല. എന്നാൽ, ഈ വർഷം അതിലൊരു മാറ്റമുണ്ടായേക്കും.

ഈ വർഷം സെപ്തംബറിൽ നാലിന് പകരം അഞ്ച് ഐഫോണുകളുമായി ആപ്പിൾ എത്തുമെന്നാണ് ഏറ്റവും പുതിയ ലീക്കുകൾ സൂചിപ്പിക്കുന്നത്. ടിപ്സ്റ്റർ മാജിൻ ബു (Majin Bu) എക്സിൽ (ട്വിറ്റർ) പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യമുള്ളത്. 2024-ൽ രണ്ട് പുതിയ ഐഫോൺ 16 എസ്.ഇ മോഡലുകൾ പതിവ് ഐഫോണുകൾക്കൊപ്പം റിലീസ് ​ചെയ്യുമെന്നാണ് റിപ്പോർട്ട്. ഫോണിന്റെ വിലയും മറ്റ് ചില കാര്യങ്ങളും നിലവിൽ ലീക്കായിട്ടുണ്ട്.

ചോർന്ന വിവരങ്ങൾ അനുസരിച്ച് ഈ വർഷത്തെ മുൻനിര ലൈനപ്പിലേക്ക് ഐഫോൺ എസ്.ഇ മോഡലുകൾ ആപ്പിൾ സംയോജിപ്പിച്ചേക്കാം. ഐഫോൺ 16 എസ്ഇ, ഐഫോൺ 16 പ്ലസ് എസ്ഇ എന്നീ മോഡലുകളാണ് പുതുതായി എത്തുന്നത്. ഐഫോൺ എക്‌സിനെ അനുസ്മരിപ്പിക്കുന്ന സിംഗിൾ പിൽ ആകൃതിയിലുള്ള പിൻ ക്യാമറ ലേഔട്ട് ആണ് ഈ ഫോണുകളിൽ ഫീച്ചർ ചെയ്യുന്നത്.

അതുപോലെ, ലീക്കായ റെൻഡറിൽ മറ്റ് ഐഫോണുകളുടെ കാമറ ലേഔട്ടിലും വ്യത്യാസം കാണുന്നുണ്ട്. സാംസങ് ഫോണുകളെ അനുകരിക്കുന്ന തരത്തിലാണ് ഡിസൈൻ. നിലവിലെ iPhone 15 സീരീസിൻ്റെ ചതുരാകൃതിയിലുള്ള ക്യാമറ ബമ്പ് 16-ൽ കാണാൻ കഴിഞ്ഞേക്കില്ലെന്ന് ചുരുക്കം.

ഐഫോൺ 16 എസ്.ഇ-ക്ക് 90Hz റിഫ്രഷ് ​റേറ്റുള്ള 6.1-ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും നൽകുക. എന്നാൽ, 16 പ്ലസ് എസ്.ഇയിൽ 6.7 ഇഞ്ച് വലിപ്പമുള്ള 60Hz സ്‌ക്രീൻ ആയിരിക്കും. രണ്ട് മോഡലുകൾക്കും ഡൈനാമിക് ഐലൻഡ് ഫീച്ചർ ഉണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്.

സ്റ്റാൻഡേർഡ് ഐഫോൺ 16, ഐഫോൺ 16 പ്രോ വേരിയൻ്റുകളെ സംബന്ധിച്ചിടത്തോളം, 120Hz റി​ഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് സ്ക്രീനുകൾ ആയിരിക്കും. അതേസമയം, ഐഫോൺ 16 പ്രോ മാക്‌സ് 120 ഹെർട്‌സ് റിഫ്രഷ് നിരക്കുള്ള 6.9 ഇഞ്ച് വലിയ ഡിസ്‌പ്ലേയുമായി എത്തുമെന്നും സൂചനയുണ്ട്.

കൂടാതെ, ഐഫോൺ 16 സീരീസിന് ആപ്പിൾ ഇടാൻ സാധ്യതയുള്ള വിലയെ കുറിച്ചുള്ള ലീക്കുകളും ടിപ്‌സ്റ്റർ പങ്കിട്ടു.ഐഫോൺ 16 SE-യുടെ 128GB മോഡലിന്റെ വില $699 (ഏകദേശം 58,000 രൂപ) മുതൽ ആരംഭിക്കാം, അതേസമയം iPhone 16 SE പ്ലസിന്റെ 256GB വേരിയൻ്റിന് 799 ഡോളർ (ഏകദേശം 66,000 രൂപ) ആണ്.

Tags:    
News Summary - Apple Plans to Introduce Five Models in iPhone 16 Series in the Upcoming Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.