കായിക മന്ത്രാലയവുമായി ചർച്ച നടത്തുമെന്ന് ഗുസ്തി ഫെഡറേഷൻ

ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കുന്നതിനായി കേന്ദ്ര കായിക മന്ത്രാലയവുമായി ചർച്ച നടത്തുമെന്ന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ. സർക്കാറുമായി ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും ചർച്ച പരാജയപ്പെട്ടാൽ മാത്രമാണ് നിയമ നടപടിയെക്കുറിച്ച് ആലോചിക്കുകയെന്നും ഫെഡറേഷൻ പറഞ്ഞു.

സസ്പെൻഷൻ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് നേരത്തേ ഫെഡറേഷൻ അറിയിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ് സഞ്ജയ് സിങ്ങിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന പുറത്താക്കപ്പെട്ട കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം മാറ്റിയത്. തിരഞ്ഞെടുക്കപ്പെട്ട 12 അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. എന്നാൽ, സെക്രട്ടറി ജനറൽ പ്രേം ചന്ദ് ലൊച്ചാബും സീനിയർ വൈസ് പ്രസിഡന്റ് ദേവേന്ദർ കദിയനും വിട്ടുനിന്നു.

പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനാണ് ആഗ്രഹമെന്നും കേന്ദ്ര സർക്കാറുമായി ഏറ്റുമുട്ടലിനില്ലെന്നും യോഗത്തിനുശേഷം സഞ്ജയ് സിങ് പറഞ്ഞു. കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെങ്കിൽ എന്തുചെയ്യുമെന്ന ചോദ്യത്തിന്, ശ്രമിച്ചുനോക്കട്ടേ എന്നായിരുന്നു മറുപടി. സസ്പെൻഷൻ പിൻവലിക്കാൻ തങ്ങളെന്താണ് ചെയ്യേണ്ടതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തേയും മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. എന്നാൽ, മറുപടി ലഭിച്ചില്ല.

രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മന്ത്രാലയത്തെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക പീഡനാരോപണം നേരിടുന്ന മുന്‍ പ്രസിഡന്‍റ് ബ്രിജ്ഭൂഷണ്‍ സിങ്ങിന്‍റെ വിശ്വസ്തൻ അധ്യക്ഷനായതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്തത്.

Tags:    
News Summary - Wrestling Federation to discuss with Sports Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.