ലുഷ്നികി സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ പങ്കെടുത്ത കാണികൾ അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രയിൽ വളരെയധികം ദൂരം ചിട്ടയായ രീതിയിൽ നടന്നുപോകുന്നു, റസ്സിയ്യ, റസ്സിയ്യ എന്ന താളാത്മകമായ വിളികളാൽ മുഖരിതമാണ് അന്തരീക്ഷം. ഈ പതിനായിരങ്ങളെ നിയന്ത്രിക്കുന്നതിൽ ഒരു മനുഷ്യമതിൽ പോലെ ഉറച്ചുനിൽക്കുന്ന യുവാക്കൾ ഇവിടത്തെ മിലിറ്ററി ഫോഴ്സാണ്. ഇവർ സംഘാടക സമിതിക്ക് നൽകുന്ന പിന്തുണ കുറച്ചൊന്നുമല്ല ഈ ലോകകപ്പിനെ സുരക്ഷിതമാക്കുന്നത്. നമ്മുടെ നാട്ടിലെ സ്റ്റേഡിയത്തിന് പുറത്ത് കയർ കൊണ്ടോ അല്ലെങ്കിൽ പ്ലാസ്റ്റിക് ബാരിക്കേഡ് കൊണ്ടോ ചെയ്യുന്ന പണിക്ക് വേണ്ടിയാണ് ഈ ഊർജ്ജസ്വലമായ യുവതയെ തയാറാക്കി നിർത്തിയിരിക്കുന്നത്. ഇതിനുപിന്നിൽ വളരെ ഗൗരവതരമായ ഒരു രഹസ്യം ഒളിഞ്ഞുകിടപ്പുണ്ട്. ഇവിടെ 18 വയസ്സിനും 24 വയസ്സിനുമിടക്ക് രണ്ടു വർഷം സൈനികസേവനം നിർബന്ധമാണ്. ഇതു പേടിച്ച് റഷ്യക്കാരെ കല്യാണം കഴിച്ച ചില ഇന്ത്യക്കാർ മക്കളെ ഇന്ത്യൻ പൗരന്മാരായി വളർത്തുന്നു എന്നത് കൗതുകകരമാണ്. കളി കഴിഞ്ഞ് ഇഫ്താറിനായി എത്തണമെന്ന നൗഷാദ് ഡോക്ടറുടെ സ്നേഹപൂർണമായ ക്ഷണം സ്വീകരിച്ച് ഞാൻ കോഴിക്കോട്ടുകാരൻ രാജുനായരുടെ, ഇവിടത്തെ പ്രധാനപ്പെട്ട ഇന്ത്യൻ ഹോട്ടലുകളിൽ ഒന്നായ ‘ദർബാറി’ ൽ എത്തി.
റഷ്യയിലെ എെൻറ ആദ്യ ഇഫ്താർ സംഗമം. പ്രോസ്പെക്ടസ് മീര എന്ന വലിയ തെരുവിലേക്കുള്ള യാത്രയിൽ എനിക്ക് തൊട്ടുമുന്നിലായി ചറപറ മലയാളം സംസാരിച്ചുകൊണ്ട് ഒരുസംഘം വളരെ വേഗത്തിൽ നടക്കുന്നു. ഏകദേശം 30 പേരടങ്ങുന്ന സംഘം. പിന്നീടാണറിഞ്ഞത് അവരും ഇഫ്താറിന് വന്നവരായിരുന്നു എന്ന്. ഹോട്ടലിന് മുന്നിൽതന്നെ രാജുനായർ ഞങ്ങളെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. കഴിഞ്ഞ 30 വർഷമായി ഈ നഗരത്തിലെ പ്രധാന മലയാളി സംരംഭകൻ ആണ് ഇദ്ദേഹം. ഇന്നും ജോലി അന്വേഷിച്ച് എത്തുന്ന ഇന്ത്യക്കാർക്ക് ഒരു അഭയ കേന്ദ്രമാണ് ഈ കോഴിക്കോട് അരയിടത്തുപാലം സ്വദേശി. നാല് വലിയ ഹോട്ടലുകൾ സ്വന്തമായുണ്ട് ഇദ്ദേഹത്തിനിവിടെ. ഡോക്ടർമാരും നിരവധി പേരും ഒത്തുചേർന്ന ഇഫ്താർ സംഗമം സമൂഹത്തിന് നല്ല ഒരു മെസ്സേജ് ആണ് നൽകുന്നത് എന്ന് പേരാമ്പ്ര സ്വദേശിയായ ഡോക്ടർ നവീൻ അഭിപ്രായപ്പെട്ടു.
രണ്ടര മണിക്കുതന്നെ നേരം പുലരുന്നതിനാൽ പെരുന്നാൾ നമസ്കാരത്തിനായി പള്ളിയിലേക്ക് പോകാൻ രാവിലെ അഞ്ചിനു തന്നെ എത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, ആറു മണി കഴിഞ്ഞാണ് ഞാൻ പള്ളിയിലെത്തിയത്. അപ്പോഴേക്കും ജനനിബിഡമായിരുന്നു ആ പ്രദേശം. പുലർച്ച നാലുമണിക്ക് തന്നെ ഇവിടേക്ക് ജനം ഒഴുകിയെത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. റഷ്യയിലെ തന്നെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ കത്തീഡ്രൽ മോസ്കിൽ ആയിരുന്നു ഇത്. റഷ്യൻ ഭാഷയിലും തത്താരിസ്ഥാൻ ഭാഷയിലും ആയിരുന്നു പ്രഭാഷണം. കസാൻ എന്ന പ്രദേശത്തെ ആളുകളുടെ സംസാര ഭാഷയാണ് ഇത്. പഴയ സോവിയറ്റ് യൂനിയെൻറ ഭാഗമായ പല രാജ്യങ്ങളിൽനിന്നുള്ള ആളുകൾ ഇവിടെ അധികമായി ഉണ്ടായിരുന്നു.
1904ൽ നിർമിച്ച ഈ പള്ളി പിന്നീട് 2015ലാണ് പൂർണമായും വലിയ മിനാരങ്ങളോട് കൂടി ഭംഗിയായി പുതുക്കി പണിതത്. 1980ലെ മോസ്കോ ഒളിമ്പിക്സ് സമയത്ത് സോവിയറ്റ് യൂനിയെൻറ മതേതരമുഖം ആയി ഈ പള്ളി ഉയർത്തി കാട്ടിയിരുന്നു എന്ന് ഉത്തരേന്ത്യക്കാരനായ അബ്ദുൽ ഫാറൂഖി സാക്ഷ്യപ്പെടുത്തുന്നു. പള്ളിക്കു ചുറ്റുമുള്ള മുഴുവൻ പാർക്കിങ് സ്ഥലത്തും ആളുകൾ നിറഞ്ഞുകവിഞ്ഞു. പ്രാർഥനക്കെത്തിയ നീണ്ടനിര ചുറ്റുമുള്ള റോഡുകളിലേക്കും നീണ്ടു. ഏകദേശം രണ്ടു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു എന്നാണ് ഔദ്യോഗിക ഭാഷ്യം.
റഷ്യൻ ചാനൽ ഇത് ലൈവായി സംപ്രേഷണം ചെയ്തു. ലോകകപ്പിനെത്തിയ വിദേശികൾക്കടക്കം വളരെയധികം അത്ഭുതം ഉളവാക്കുന്നതായിരുന്നു ഈ വലിയ രാജ്യത്തെ ഈ അത്ഭുത സംഗമം എന്ന കാര്യത്തിൽ സംശയമില്ല. പെരുന്നാൾ ദിനത്തിലെ ഭക്ഷണവും കേമമായി. തലശ്ശേരിക്കാരനായ എെൻറ മുന്നിേലക്ക് എങ്ങനെ തങ്ങളുടെ ബിരിയാണി സ്വീകരിക്കപ്പെടും എന്ന ആവലാതിയായിരുന്നു സക്കറിയയുടെ ഭാര്യ ഷംനക്കും കൂട്ടുകാരൻ ജുഫിെൻറ ഭാര്യ ഷഫ്നക്കും. പാലക്കാട്ടുകാരികളായ ബിരുദാനന്തര ബിരുദ ധാരിണികളാണ് രണ്ടു പേരും. നല്ല ആവി പറക്കുന്ന മട്ടൻ ബിരിയാണി മുന്നിലെത്തിച്ചു ഇവർ എെൻറ റഷ്യൻ പെരുന്നാൾ നമ്മുടെ മലയാള നാടിെൻറ രുചിയെ നാവിലെത്തിച്ചു, ‘സ്പപസി ബൈ ബാൽ ശോയ് (താങ്ക് യു വെരി മച്ച്)’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.