1956െല മെൽബൺ ഒളിമ്പിക്സ്. ഫുട്ബാളിെൻറ വീറുറ്റ പോരാട്ടങ്ങളിൽ ബൂട്ടുകെട്ടിയിറങ്ങുന്നവരിൽ ഇന്ത്യയുമുണ് ട്. കളിയിൽ ‘ബ്ലൂ ടൈഗേഴ്സ്’ പുലികളായിരുന്ന കാലം. ആദ്യ റൗണ്ടിൽ ഹംഗറി പിന്മാറിയതിനെ തുടർന്ന് ഇന്ത്യ നേരിട്ട് അവസാന എട്ടിലേയക്ക് സീഡ് ചെയ്യപ്പെടുന്നു. ക്വാർട്ടറിൽ നേരങ്കം ആസ്ട്രേലിയക്കാർക്കെതിെര. 1956 ഡിസംബർ ഒന്നിന് നടന്ന ആ മത്സരത്തിൽ ഇന്ത്യ ജയിച്ചത് 4-1ന്. നെവിൽ ഡിസൂസയുടെ തകർപ്പൻ ഹാട്രിക് മികവിൽ ഒളിമ്പിക് സെമി ഫൈനലെന്ന ചരിത്രനേട്ടത്തിലേക്ക് ഇന്ത്യ കുതിക്കുേമ്പാൾ അതിനു പിന്നിലെ ചാലകശക്തികളിലൊരാളായിരുന്നു പ്രദീപ് കുമാർ ബാനർജി എന്ന പി.കെ. ബാനർജി. വിങ്ങിലൂടെ കുതിച്ചുകയറി ആ ജയ്പാൽഗുഡിക്കാരനാണ് അന്ന് രണ്ടുതവണ ഗോളിലേക്ക് വഴിയൊരുക്കിയത്. സെമിയിൽ യുഗോസ്ലാവിയയോട് തോൽക്കുകയായിരുന്നു ഇന്ത്യ. നാലു വർഷം കഴിഞ്ഞ് റോമിൽ ഒളിമ്പിക്സിന് ഇന്ത്യയെത്തുേമ്പാഴും മിന്നുംഫോമിലായിരുന്നു ബാനർജി. ഇപ്പോഴത്തെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ അന്ന് ഒളിമ്പിക്സിൽ ഇന്ത്യ 1-1ന് കെട്ടിപ്പൂട്ടി നിർത്തിയ മത്സരത്തിൽ ചരിത്രം കുറിച്ച സമനിലഗോൾ പിറന്നത് ആ ബംഗാളുകാരെൻറ ബൂട്ടിൽനിന്നായിരുന്നു. അന്ന് ടീമിെൻറ നായകൻ കൂടിയായിരുന്നു അദ്ദേഹം. മലേഷ്യയിലെ മെർദേക്ക കപ്പ് ടൂർണമെൻറിൽ 1959ലും 1964ലും വെള്ളിയും 1965ൽ വെങ്കലവും നേടിയ ഇന്ത്യൻ ടീമുകളിലും ബാനർജി അനിഷേധ്യ ഘടകമായിരുന്നു. വലങ്കാലിൽനിന്ന് പിറക്കുന്ന പൊള്ളുന്ന ഷോട്ടുകളായിരുന്നു പി.കെയുടെ മുഖമുദ്ര. കളിയിൽ അദ്ദേഹത്തെ വേറിട്ടുനിർത്തിയതും കരുത്തുപകർന്നതും അതുതെന്നയായിരുന്നു. ഇന്ത്യക്കായി 84 മത്സരങ്ങളിൽ 65 തവണ വല കുലുക്കാൻ തുണയായതും ആ പ്രഹരശേഷി തന്നെ.
മെൽബൺ ഒളിമ്പിക്സിന് തൊട്ടുമുമ്പത്തെ വർഷം (1955) മാത്രമാണ് ബാനർജി രാജ്യാന്തര ഫുട്ബാളിൽ അവതരിച്ചത്. ആര്യൻ എഫ്.സിക്കും ഈസ്റ്റേൺ റെയിൽവേക്കും പന്തുതട്ടി വളർന്ന പി.കെ വിങ്ങിലൂടെ നടത്തുന്ന ചടുലചലനങ്ങൾ ദേശീയ സെലക്ടർമാരുടെ ശ്രദ്ധയിൽപെടാൻ അധികം താമസമുണ്ടായില്ല. ധാക്കയിൽ നടന്ന ചതുർരാഷ്ട്ര ടൂർണമെൻറിനുള്ള ഇന്ത്യൻ ടീമിലേക്ക് ആ 19കാരൻ തെരഞ്ഞെടുക്കപ്പെട്ടു. ആ ടീമിലായിരുന്നു ഇന്ത്യയുടെ എക്കാലത്തേയും മികച്ച േഗാളിമാരിലെരാളായ പീറ്റർ തങ്കരാജിേൻറയും അരങ്ങേറ്റം. 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണമെഡൽ ജേതാക്കളായപ്പോൾ ടീമിെൻറ മുന്നണിപ്പോരാളിയായിരുന്നു ബാനർജി. വലതു വിങ്ങിൽ ബാനർജിയും ഇൻൈസഡ് ലെഫ്റ്റ് പൊസിഷനിൽ ചുനി ഗോസ്വാമിയും ഔട്ട്സൈഡ് ലെഫ്റ്റിൽ തുളസീദാസ് ബലറാമും അണിനിരന്ന ആ ടീം ഇന്ത്യ കണ്ട മികച്ചവയിൽ ഒന്നായിരുന്നു. 1958, 66 ഏഷ്യാഡുകളിലും പി.കെ ഇന്ത്യൻ ബൂട്ടണിഞ്ഞു.
ബ്രിട്ടീഷ് ഭരണ കാലത്ത് ബംഗാൾ പ്രസിഡൻസിയിൽ (ഇപ്പോഴത്തെ പശ്ചിമ ബംഗാൾ) ഉൾപ്പെട്ട ജയ്പാൽഗുഡിയിൽ 1936 ജൂൺ 23നായിരുന്നു ബാനർജിയുടെ ജനനം. ജയ്പാൽഗുഡി ജില്ല സ്കൂളിലും ജംഷഡ്പൂർ െക.എം.പി.എം സ്കൂളിലുമായി വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസ സമയത്ത് 15ാം വയസ്സിൽ ബിഹാറിനുവേണ്ടി സേന്താഷ് ട്രോഫിയിൽ വലതുവിങ്ങിൽ ജഴ്സിയണിഞ്ഞു. 1954ൽ ആര്യൻ എഫ്.സിയുടെ ഭാഗമായി ബാനർജി കൊൽക്കത്തയിലേക്ക് ചേക്കേറി. അടുത്ത വർഷം ഈസ്റ്റേൺ റെയിൽവേയിലേക്കും. പിന്നീട് പ്രൊഫഷനൽ കരിയറിലുടനീളം ഈസ്റ്റേൺ റെയിൽവേയായിരുന്നു തട്ടകം. ഈസ്റ്റ്ബംഗാളും മോഹൻ ബഗാനും മുഹമ്മദൻ സ്പോർട്ടിങ്ങുമടങ്ങിയ ത്രിമൂർത്തികൾക്കിടയിൽ അക്കാലത്ത് കിരീടനേട്ടവുമായി ഈസ്റ്റേൺ റെയിൽവേ കരുത്തുകാട്ടിയതിനു പിന്നിൽ ബാനർജിയുടെ കളിമികവിന് വലിയ പങ്കുണ്ടായിരുന്നു.
ഫുട്ബാളിൽ ഫിഫയുടെ പരമോന്നത ബഹുമതികളിലൊന്നായ ‘ഫിഫ ഓർഡർ ഓഫ് മെറിറ്റ്’ പുരസ്കാരം നേടിയ ബാനർജിയാണ് രാജ്യത്ത് ആദ്യമായി അർജുന പുരസ്കാരം നേടിയ ഫുട്ബാളർ. 1990ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. പരിക്കുകാരണം കരിയറിന് പ്രതീക്ഷിച്ചതിലും നേരത്തേ, വിരാമം കുറിക്കേണ്ടി വന്ന ബാനർജി ദശാബ്ധത്തോളം ഇന്ത്യൻ ടീമിെൻറ പരിശീലകനായും പ്രവർത്തിച്ചു.
കളിയുടെ പുരോഗതിക്കായി കൃത്യമായ പദ്ധതികളുണ്ടായിരുന്നു പി.കെയുടെ മനസ്സിൽ. കതിരിൽ വളംവെക്കാതെ ചെറുപ്പത്തിലേ താരങ്ങളെ വളർത്തിക്കൊണ്ടുവരേണ്ടതിെൻറ ആവശ്യകത എല്ലായ്പോഴും അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്രിക്കറ്റിൽ മിന്നായം പോലെ വന്നുപോകുന്നവർ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് സ്വന്തം അക്കൗണ്ടിൽ ചേർക്കുന്ന കാലത്ത് രാജ്യത്തിനുവേണ്ടി ദീർഘകാലം ബൂട്ടുകെട്ടിയിട്ടും എവിടെയെുമെത്താതെ പോകുന്ന ഫുട്ബാളർമാരുടെ ൈദന്യത എന്നും ബാനർജിയെ നൊമ്പരപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഫുട്ബാളിെൻറ ഉയർച്ചയെ അത്രമേൽ ആഗ്രഹിച്ചിരുന്ന അദ്ദേഹം, അതിനുവേണ്ട മാർഗനിർദേശങ്ങളും പ്രോത്സാഹനങ്ങളുമായി എന്നും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.