കോയമ്പത്തൂരിലെ വീട്ടിലിരുന്ന് 16 വയസ്സുള്ള മറുനാടൻ മലയാളി സുജിത് കേരള ബ്ലാസ്റ്റേഴ്സിെൻറ കഴിഞ്ഞ ഐ.എസ്.എൽ മാച്ചും ടി.വിയിൽ കണ്ടു നിരാശനായി. ആറാം സീസൺ ഐ.എസ്.എൽ പ്ലേ ഓഫിന് ഇനി ബ്ലാസ്റ്റേഴ്സ് യോഗ്യരാവുമോ ഇല്ലയോ എന്നത് പ്രതീക്ഷകൾക്കപ്പുറത്തുള്ള കാര്യമാണെങ്കിലും സുജിതിെൻറ അച്ഛൻ സുരേന്ദ്രന് സങ്കടമില്ല. സെറിബ്രൽ പാൾസി രോഗബാധിതനായ മകെൻറ ചിന്തകളിൽ നിരന്തര ഊർജദായിനിയായി എന്നും ബ്ലാസ്റ്റേഴ്സുണ്ട്. അദ്ദേഹമാഗ്രഹിക്കുന്നതും അതുമാത്രം. കളി ജയിക്കാം തോൽക്കാം. പക്ഷേ, കളിയാസ്വാദകരുടെ ആവേശത്തിലോ കളിയോടുള്ള സമീപനത്തിലോ ഒരു മാറ്റവുമുണ്ടാകില്ലെന്ന പ്രഖ്യാപനം ആവർത്തിച്ചുകൊണ്ടാണു കായികലോകം 2020ലേക്ക് പ്രവേശിക്കുന്നത്. സ്പോർട്സിനോടുള്ള ലോകത്തിെൻറ സ്നേഹം വർധിക്കും. കൂടുതൽ ആവേശകരമായ മത്സരങ്ങൾ വരും. നാടകീയ സംഭവങ്ങളും അരങ്ങേറും. 2020െൻറ കായിക വർഷഫല പ്രവചനം ഇങ്ങനെയാവാം.
വർഷം സൂചിപ്പിക്കും പോലെ ട്വൻറി20യുടെ കാലമാണ് വരാനിരിക്കുന്നത്. ഐ.സി.സി പുരുഷ-വനിത ലോകകപ്പ് ക്രിക്കറ്റ് ടൂർണമെൻറുകളുടെ വർഷമാണിത്. ഒപ്പം, ഐ.പി.എല്ലിെൻറ മറ്റൊരു വെടിക്കെട്ടു സീസണും. ലോകകപ്പ് ട്വൻറി20യിൽ ഇന്ത്യക്ക് വീണ്ടും കപ്പ് നേടാൻ കഴിയുമോ..? ലോകകപ്പിനുള്ള ടീമിൽ വീണ്ടുമൊരു മലയാളി സാന്നിധ്യമായി സഞ്ജു സാംസൺ ഇടംനേടുമോ..? തുടങ്ങിയ ചോദ്യങ്ങൾ ക്രിക്കറ്റ് ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്നു. കൊടിയേറ്റംപോലെ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിെൻറ ഇന്ത്യൻ പര്യടനം വർഷമാദ്യം അരങ്ങേറുന്നുണ്ട്.
ഫിഫ അണ്ടർ 17 വനിത ലോകകപ്പ് ഫുട്ബാളിന് ഇന്ത്യ ആതിഥ്യമരുളുന്ന വർഷംകൂടിയാണിത്. ഇന്ത്യൻ വനിതാ ടീം സ്വന്തം രാജ്യത്ത് അത്ഭുതങ്ങൾ കാണിച്ചുകൂടായ്കയില്ല. അണ്ടർ 17 പുരുഷ ലോകകപ്പ് രണ്ടു വർഷം മുേമ്പ സംഘടിപ്പിച്ച ഇന്ത്യക്ക് വനിത ലോകകപ്പു കൂടി ഭംഗിയായി നടത്താനായാൽ ഇതിലും വലിയ ഫിഫ മാമാങ്കങ്ങൾക്കും വൈകാതെ നമുക്കു നേരിട്ടു സാക്ഷികളാവാം. അണ്ടർ 17 വനിത ലോകകപ്പ് വേദികളിൽ കേരളമില്ലെന്നത് നമ്മുടെ സ്വകാര്യ സങ്കടം.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ആദ്യ 20 മത്സരങ്ങളിൽ ഒന്നിലും തോൽക്കാതെ മുന്നേറുന്ന ലിവർപൂൾ പുതുവർഷത്തിലെ ഫുട്ബാൾ വിസ്മയമാണ്. ചാമ്പ്യൻസ് ലീഗിൽ കിരീടമാവർത്തിക്കാൻ അവർക്കു സാധിച്ചാലും അത്ഭുതപ്പെടാനില്ല. 2020 ജൂണിൽ യൂറോ കപ്പ് ഫുട്ബാൾ കിരീടം നിലനിർത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലും കോപ്പ അമേരിക്ക ജയിക്കാൻ ലയണൽ മെസ്സിയുടെ അർജൻറീനയും വീണ്ടും കളത്തിലിറങ്ങും. ഖത്തർ ലോകകപ്പിനുകൂടി ഇതിഹാസതാരങ്ങളെ കാണാൻ നമുക്കു ഭാഗ്യമുണ്ടാകുമോ..? ഈ വർഷത്തെ യൂറോയും കോപ്പയും അതിനുത്തരം തരും. മാർച്ച് ആദ്യവാരമാണ് ഐ.എസ്.എൽ ഫൈനൽ. പ്ലേ ഓഫിൽ കയറണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഇനി അസാമാന്യ തുടർവിജയങ്ങൾ നേടണം. അല്ലെങ്കിൽ മലയാളത്തിന് വീണ്ടും നിരാശയാകും ഫലം. സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലേക്കു കയറിയ കേരള ടീം മിടുക്കരാണ്. പക്ഷേ മിസോറമിൽ ഫൈനൽ റൗണ്ട് നടക്കുമ്പോൾ ഇനി ആദ്യ ഘട്ടത്തിൽ കളിച്ച അതേ ടീമിനെയും കോച്ചിനെയും കേരളത്തിനു കിട്ടുമോയെന്നത് കണ്ടറിയണം.
ഒളിമ്പിക്സിെൻറ വർഷമാണിത്. സാങ്കേതികവിദ്യ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ജപ്പാെൻറ മണ്ണിലേക്ക് ലോക കായിക മാമാങ്കം വീണ്ടും വിരുന്നുവരുന്നു. കഴിഞ്ഞ ഒളിമ്പിക്സിെൻറ നാണക്കേടും നിരാശയും ഇന്ത്യക്ക് ടോക്യോയിൽ മാറ്റിയെഴുതാൻ കഴിയണം. പി.വി. സിന്ധുവും സാക്ഷിമാലിക്കും മാനം കാത്ത റിയോയിൽനിന്ന് ടോക്യോയിലേക്കെത്തുമ്പോൾ ഇന്ത്യൻ സ്പോർട്സിന് പ്രതീക്ഷകളേറെയാണ്. നീരജ് ചോപ്രയും ഹിമാദാസും അതിന് തിളക്കമേറ്റുന്നു. ഹോക്കി, ഗുസ്തി , ബോക്സിങ്, ഷൂട്ടിങ്, ഷട്ടിൽ ബാഡ്മിൻറൺ ടീമുകളും പതിവുപോലെ ഇന്ത്യൻ ഒളിമ്പിക്സ് പ്രതീക്ഷകളെ ജ്വലിപ്പിക്കുന്നു. മെഡൽപ്പട്ടികയിൽ കൂടുതൽ ഇന്ത്യൻ പേരുകാർ വരട്ടെ. ടോക്യോ ഒളിമ്പിക്സ് പുതിയ ദശാബ്ദത്തിൽ ഇന്ത്യൻ സ്പോർട്സിന് പുതിയ ദിശാബോധം നൽകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.