??????????

മറവി അനുഗ്രഹമാണോ എന്നറിയില്ല. പക്ഷേ, അതൊരു സൗകര്യമാണ്. തിരക്കു തിന്നുതീർത്ത  ജീവിതപ്പാച്ചിലിനിടെ മറവിയെ ഒപ്പം കൊണ്ടു നടക്കുന്നവരാണ് നമ്മൾ. അല്ലാതെ പറ്റില്ലല്ലോ? എന്നാൽ, വർഷങ്ങൾ എത്ര കഴിഞ്ഞാലും ചില ഓർമകൾ പിന്തുടർന്നുകൊണ്ടേയിരിക്കും. നെഞ്ചിൽ കൊളുത്തി വലിക്കുന്ന ചില ആകസ്മിക വേർപാടുകൾ. അത്തരമൊരു വേദനയാണ് സുനിൽകുമാർ. കേരളം കണ്ട ഏറ്റവും മികച്ച വോളിബാൾ പ്രതിഭകളിൽ ഒരാൾ. ഉച്ച സൂര്യനെപ്പോലെ കത്തിനിൽക്കെ പൊടുന്നനെ അസ്തമിച്ചു കളഞ്ഞ വെളിച്ചം. ഏഴു വർഷം മുമ്പ് ഇതുപോലൊരു മഴത്തുടക്കത്തിലാണ് ആ വാർത്ത ഞങ്ങളുടെ ജന്മാനാടായ നരിക്കുനിയിൽ ഇടിത്തീയായ് എത്തുന്നത്. 2010 ജൂൺ രണ്ടിന്. ഫുട്ബാൾ താരം വി.പി.സത്യ​​െൻറ മരണത്തിനു ശേഷം ശേഷം കായിക കേരളം കേട്ട മറ്റൊരു ദുരന്ത വാർത്ത.

സുനിൽ കുമാറിൻറെ വളർച്ചയുടെ നാൾവഴികൾ അക്കമിട്ടു നിരത്താൻ എനിക്കറിയില്ല. പക്ഷേ, ഓർമയിൽ തിളങ്ങി നിൽക്കുന്ന ഒട്ടേറെ അനുഭവങ്ങളും അറിവുകളും ഉണ്ട്. അതിലൊന്നാണ് ദേശീയ യൂത്ത് വോളിയിൽ കേരളത്തെ കിരീടമണിയിക്കാൻ സുനിൽ നടത്തിയ മാസ്മരിക പ്രകടനം. കോഴിക്കോട് നടന്ന മത്സരത്തിൽ പകരക്കാരനായിറങ്ങി കളം നിറഞ്ഞാടുകയായിരുന്നു. അവിടുന്നങ്ങോട്ടാണ് സുനിലി​​െൻറ ഉയർച്ച. കൊച്ചിൻ പോർട്ട് ട്രസ്​റ്റിനെ  എണ്ണമറ്റ കിരീട നേട്ടങ്ങളിലേക്ക് നയിക്കാൻ സുനിൽ കാഴ്ചവെച്ച മികവ് അതുല്യമായിരുന്നു. അർജുന അവാർഡ്​ ജേതാക്കളായ ടോം ജോസഫും കിഷോറുമടങ്ങുന്ന കേരള ടീമി​​െൻറ നായക പദവി അലങ്കരിക്കണമെങ്കിൽ ആ മികവിനെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ? 

ഞങ്ങൾ ഉറ്റ സുഹൃത്തുക്കളൊന്നും ആയിരുന്നില്ല. എങ്കിലും ഞാൻ അങ്ങോട്ടു കാണിച്ചതിലും ഹൃദ്യമായ സൗഹൃദം എന്നും അവൻ ഇങ്ങോട്ടു കാണിച്ചിരുന്നു. 2002 ലെ ഹൈദരാബാദ് നാഷനൽ ഗെയിംസ്. മാധ്യമം പത്രത്തിനു വേണ്ടി റിപ്പോർട്ട് ചെയ്യാൻ ഞാനും ഉണ്ടായിരുന്നു. നഗരത്തിലെ ശീതികരിച്ച യൂസുഫ്ഗുഡ ഇൻഡോർ സ്​റ്റേഡിയത്തിൽ കേരള-^ റെയിൽവേസ് പോരാട്ടം.... 

ഏറെ പ്രതീക്ഷയോടെയാണ് റിപ്പോർട്ടിംഗിനെത്തിയത്. ബി. അനിൽ നയിക്കുന്ന കേരള ടീമിൽ ടോമും സുനിൽകുമാറുമെല്ലാം ഉണ്ട്. എൻറെ നാട്ടുകാരനായ സുനിലിനെപ്പറ്റി പൊലിപ്പിച്ച് എഴുതണം എന്നൊക്കെയുണ്ടായിരുന്നു മനസ്സിൽ. പ​േക്ഷ, നിർണായക മത്സരത്തിൽ റെയിൽവേസ് കേരളത്തെ തകർത്തു കളഞ്ഞപ്പോൾ നിരാശയായി. കളി കഴിഞ്ഞപ്പോൾ ഒരാൾ കോർട്ടിൽ നിന്ന് നിറചിരിയുമായി പ്രസ് ബോക്സിലേക്ക് ഓടിക്കയറുന്നു. കളി തോറ്റതി​​െൻറ നിരാശയൊന്നും ആ മുഖത്ത് ഉണ്ടായിരുന്നില്ല. അത് സുനിൽ ആയിരുന്നു. അടുത്ത മത്സരവേദിയിലേക്ക് പോകാൻ നിന്ന എന്നെ കൂട്ടി കളിക്കാരുടെ അടുത്തു കൊണ്ടുപോയി. എല്ലാവരെയും പരിചയപ്പെടുത്തി. അവരുടെ ടീം ബസിൽ താമസസ്ഥലത്തേക്കാണ് പിന്നീട് പോയത്. അന്ന് അവൻ പറഞ്ഞ വാക്കുകൾ ഓർക്കുന്നു. ‘കളി തോറ്റാലെന്താ..... എന്നെ പ്പറ്റി പത്രത്തിലെഴുതാൻ ആളുണ്ട്’. 

ഓർത്തെടുക്കാൻ കുറച്ചെങ്കിലും അനുഭവങ്ങൾ എനിക്കുണ്ട്. മനസ്സിൽ തട്ടിയ ഈ അനുഭവം പങ്കുവെച്ചെന്നേ ഉള്ളൂ.... നരിക്കുനിയിലെ വോളി സുഹ്യത്തുക്കൾക്ക് ഒട്ടേറെ അനുഭവങ്ങൾ പറയാനുണ്ടാവും. കാരണം സുഹൃത്തുക്കളായിരുന്നു അവന് എല്ലാം. സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിച്ച്, പടിപടിയായി ഉയരങ്ങളിലേക്ക് കുതിച്ചപ്പോഴും അഹങ്കാരത്തി​​െൻറ  കണിക പോലും അവ​​െൻറ കൂടെ വന്നിരുന്നില്ല. ഹ്രസ്വമായ ആ ജീവിതത്തെ പ്രകാശമാനമാക്കിയതും വശ്യതയാർന്ന പെരുമാറ്റമായിരുന്നു. ഒരു കാര്യം ഉറപ്പാണ് . കാലം കുറെ കഴിഞ്ഞാലും അവ​​െൻറ സമകാലികരും സുഹുത്തുക്കളും ഉള്ളിടത്തോളം കാലം അവൻ അവ​​െൻറ ജന്മനാട്ടിൽ ജീവിച്ചിരിക്കുക തന്നെ ചെയ്യും. വെറും ജീവിതമല്ല, താര ജീവിതം

 

Tags:    
News Summary - Former Kerala volleyball captain Sunilkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.