കളിക്കളത്തിലും വിപ്ളവമായ ഫിദല്‍

എതിരാളിയുടെ സൈനിക-ആയുധ ബലം ഭയക്കാതെ, ഒരുതുള്ളി ചോര ചിന്താതെ മുഖാമുഖം നേരിട്ട് ജയിക്കാനുള്ള ഇടം. ചരിത്രത്തില്‍ ഒട്ടേറെപേര്‍ ആയുധമാക്കിയ കായിക കളിയിടം ഫലപ്രദമായി ഉപയോഗിച്ച രാഷ്ട്രത്തലവനായിരുന്നു ശനിയാഴ്ച അസ്തമിച്ച ക്യൂബയുടെ വിപ്ളവ സൂര്യന്‍ ഫിദല്‍ കാസ്ട്രോയും. അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ നേതൃത്വത്തെ രാഷ്ട്രീയമായി വെല്ലുവിളിച്ച കാസ്ട്രോ, കളിക്കളത്തിലും അവരെ നേരിട്ടു.
ഒളിമ്പിക്സ് മുതല്‍, ബേസ്ബോളിലും ബോക്സിങ്ങിലും ഗുസ്തിയിലുമെല്ലാം ജയിച്ചുകയറിയ ക്യൂബ കായിക ലോകത്തെ മറുചേരിയുടെ നായകരായത് ചരിത്രം. അമേരിക്കയുടെ നേതൃത്വത്തില്‍ കടുത്ത സാമ്പത്തിക ഉപരോധനാളുകളിലെ ഒളിമ്പിക്സുകളിലായിരുന്നു ക്യൂബയുടെ ഏറ്റവും മികച്ച പ്രകടനം. 1980 മോസ്കോയില്‍ നാലാം സ്ഥാനത്തും ഒരുവ്യാഴവട്ടക്കാലത്തെ ഇടവേളക്കുശേഷം 1992ല്‍ ബാഴ്സലോണയില്‍ അഞ്ചാം സ്ഥാനത്തുമത്തെി. കാസ്ട്രോയുടെ ക്യൂബ നേടിയ മുന്നേറ്റം കായിക ലോകത്തെ വലിയ അതിശയങ്ങളിലൊന്നായിരുന്നു. അമേരിക്കയെ വെല്ലുവിളിച്ച് ബേസ്ബോളിലായിരുന്നു ഈ കൊച്ചു ദ്വീപുരാഷ്ട്രം ശക്തമായ മുന്നേറ്റം സൃഷ്ടിച്ചത്. ബേസ്ബോള്‍ താരങ്ങളെ ലേലം ചെയ്തിരുന്നെങ്കില്‍ മാത്രം ക്യൂബ സമ്പന്നമാവുമെന്നായിരുന്നു ഒരിക്കല്‍ ഫിദല്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.
ഡീഗോയുടെ ഫിദല്‍
ക്യൂബന്‍ മണ്ണില്‍ വിപ്ളവകാലമടങ്ങി, ഫിദല്‍ അധികാരത്തിലേറിയപ്പോഴായിരുന്നു അര്‍ജന്‍റീനയിലെ ബ്വേനസ് എയ്റിസില്‍ ഡീഗോ മറഡോണയുടെ ജനനം. കാല്‍പന്തിനെ ജീവവായുവാക്കിയ കൗമാരം മുതല്‍  ഡീഗോയുടെ ആവേശമായിരുന്നു ഫിദലിലെ വിപ്ളവകാരി. ആവേശം ആരാധനയായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല. ലോകമെങ്ങും ആരാധിക്കപ്പെട്ട ഡീഗോയുടെ ആരാധനാപാത്രമാവാനുള്ള ഭാഗ്യം ഈ വിപ്ളവസൂര്യനായിരുന്നു. കുമ്മായവരക്കുള്ളിലെ വിപ്ളവകാരിയെന്നായിരുന്നു ഡീഗോയെക്കുറിച്ച് ഫിദലിന്‍െറ വിശേഷണം. പെലെയും ആല്‍ഫ്രഡോ ഡി സ്റ്റെഫാനോയും ഗാരിഞ്ചയുമെല്ലാം സഞ്ചരിച്ച പാരമ്പര്യങ്ങളില്‍നിന്ന് കുതറിമാറി കാല്‍പന്തില്‍ സ്വന്തമായി പാതതീര്‍ത്ത ലോകതാരത്തിലെ നിഷേധിയെ ഫിദല്‍ അംഗീകരിച്ചു. 1986 ലോകകപ്പ് ജയത്തിനുശേഷമായിരുന്നു മറഡോണയുടെ ആദ്യ ക്യൂബ സന്ദര്‍ശനം. പിന്നെ അതൊരു പതിവായിമാറിയതോടെ സൗഹൃദവും ഊട്ടിയുറപ്പിക്കപ്പെട്ടു. കാല്‍വണ്ണയില്‍ കാസ്ട്രോയുടെ മുഖം പച്ചകുത്തി മറഡോണ വിപ്ളവകാരിയോടുള്ള ആദരവ് ലോകത്തോട് പ്രഖ്യാപിച്ചപ്പോള്‍ പലരും മുഖം ചുളിച്ചിരുന്നു.
മയക്കുമരുന്ന് ഉപയോഗിച്ച് രോഗാതുരമായപ്പോള്‍ വിമര്‍ശകരായിരുന്നു മറഡോണക്ക് ചുറ്റും. എന്നാല്‍, സ്നേഹത്തോടെ ക്ഷണിച്ച് ചികിത്സ നല്‍കിയായിരുന്നു കാസ്ട്രോയും ക്യൂബയും മറഡോണയെ വരവേറ്റത്. അവരുടെ സ്നേഹവും സാന്ത്വനവും തന്നെ പുതിയ മനുഷ്യനാക്കിയെന്ന് ഫുട്ബോള്‍ ഇതിഹാസം പലകുറി പറഞ്ഞു. ‘ നിര്‍വചിക്കാനാവാത്ത അതിവൈകാരിക ബന്ധമായിരുന്നു ഞങ്ങളുടേത്. സാധാരണ മനുഷ്യന് ഏറ്റവും വലുത് ദൈവമാണ്. പക്ഷേ, എനിക്കദ്ദേഹം അതിനും മുകളിലാണ്. സുഹൃത്തും പിതാവും സഖാവുമായിരുന്നു ഫിദല്‍’ -മറഡോണയുടെ വാക്കുകളില്‍ തുല്യതയില്ലാത്ത ആദരവ്.
2015 ജനുവരിയിലായിരുന്നു ഫിദലും മറഡോണയും തമ്മിലെ സൗഹൃദത്തിന്‍െറ ആഴം ലോകം അവസാനമായി അറിഞ്ഞത്. ഫിദലിന്‍െറ രോഗാതുരമായ നാളുകള്‍. ഹവാനയില്‍നിന്ന് വാര്‍ത്തകളൊന്നുമില്ലാതായതോടെ മാധ്യമങ്ങളില്‍ ഫിദല്‍ കാസ്ട്രോ മരിച്ചതായി വാര്‍ത്ത പരന്നു. ഇതിനുള്ള നിഷേധക്കുറിപ്പായിരുന്നു മറഡോണക്ക് കത്തായി വന്നത്. താന്‍ ആരോഗ്യവാനായിരിക്കുന്നുവെന്നറിയിച്ച് കാസ്ട്രോയുടെ കൈയൊപ്പോടെ വന്ന നാല് പേജ് കത്ത് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചതോടെ ആ ഗൂഢാലോചന പൊളിഞ്ഞു. അര്‍ജന്‍റീന ടെലിവിഷനില്‍ മറഡോണയുടെ ചാറ്റ്ഷോയില്‍ അതിഥിയായത്തെിയും മറ്റൊരിക്കല്‍ ഫിദല്‍ ഞെട്ടിച്ചു. സ്പോര്‍ട്സും ഫുട്ബോളും രാഷ്ട്രീയവും നയതന്ത്രവുമെല്ലാം ചര്‍ച്ചയായി വന്നു.
Tags:    
News Summary - fidal castro was a revrevaloutionary leader in ground also

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.