???????????? ?????????

ഫോര്‍ലാന്‍െറ ചിറകിലേറി മുംബൈ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ പ്രഥമ കലാശപ്പോരാട്ടത്തിന് വേദിയായെങ്കിലും മുംബൈ സിറ്റി എഫ്.സിയുടെ ഐ.എസ്.എല്‍ കണക്കുകള്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്നതല്ല. ആദ്യ സീസണില്‍ ഏഴാമതായി പോരാട്ടം അവസാനിപ്പിച്ച മുംബൈക്കാര്‍ രണ്ടാം സീസണില്‍ ആറാമതാണ് എത്തിയത്. ഫ്രഞ്ച് താരം നിക്കോളാസ് അനല്‍ക്കയെ ആദ്യ സീസണില്‍ മാര്‍ക്വീ താരമായും രണ്ടാം സീസണില്‍ മാനേജരായും പരീക്ഷിച്ചെങ്കിലും വിജയം കണ്ടില്ല.
രണ്ടാം സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയെയും മുംബൈ പാളയത്തിലത്തെിച്ചിരുന്നു. മുന്‍ സീസണുകളിലെ കയ്പേറിയ അനുഭവങ്ങള്‍ മറന്നുകളയാന്‍ തന്നെയാണ് ഇക്കുറി മാനേജ്മെന്‍റ് തീരുമാനം. അതിനായി അവതരിപ്പിച്ചിരിക്കുന്നത് 2010 ലോകകപ്പിലെ മികച്ച കളിക്കാരനായ ഉറുഗ്വായ് താരം സാക്ഷാല്‍ ഡീഗോ ഫോര്‍ലാനെ. കൂട്ടാളിയായി ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയും. സെമി പ്രവേശമല്ല, കിരീടമാണ് മുംബൈ സിറ്റി ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം.

ലാറ്റിനമേരിക്കന്‍ വിശ്വാസം

പല ഐ.എസ്.എല്‍ ടീമുകളെയും പോലെ ലാറ്റിനമേരിക്കന്‍ താരങ്ങളിലാണ് മുംബൈ എഫ്.സിയുടെയും വിശ്വാസം. 11 വിദേശതാരങ്ങളില്‍ എട്ടു പേര്‍ ലാറ്റിനമേരിക്കയില്‍നിന്നാണ്. അനല്‍ക്കെയില്‍നിന്ന് ചുമതലയേറ്റെടുത്ത കോസ്റ്റാറിക്കക്കാരനായ അലക്സാണ്ടര്‍ ഗ്വിമറെസാണ് തന്ത്രങ്ങള്‍ മെനയുന്നത്.  ബ്രസീല്‍, അര്‍ജന്‍റീന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് മൂന്നുപേര്‍ വീതവും ഉറുഗ്വായില്‍നിന്ന് രണ്ടുപേരുമാണ് മുംബൈക്കായി കളിക്കാനിറങ്ങുന്നത്. റുമാനിയ, ഹംഗറി, ഹെയ്തി തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് മറ്റു വിദേശ താരങ്ങള്‍.

പ്രതിരോധം കുറ്റമറ്റതാക്കി ഒരുക്കം

24 അംഗ ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങളും നാല് വിദേശ താരങ്ങളുമുള്‍പ്പെടെ ഒമ്പത് പ്രതിരോധക്കാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെര്‍സന്‍ വിയേറ (ബ്രസീല്‍), ഫാകുന്‍ഡോ കൊര്‍ഡോസ (അര്‍ജന്‍റീന), ലൂസിയന്‍ ഗൊയാന്‍ (റുമാനിയ), വാള്‍ട്ടര്‍ ഇബാനെസ് (ഉറുഗ്വായ്) എന്നിവരാണ് പ്രതിരോധത്തിലെ വിദേശ സാന്നിധ്യം. മുന്‍ സീസണുകളില്‍ ദുര്‍ബലമായിരുന്ന പ്രതിരോധനിര ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ താരങ്ങളെ ഡിഫന്‍സില്‍ പരീക്ഷിക്കുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ അശുതോഷ് മേഹ്തയെ മാത്രമാണ് പ്രതിരോധനിരയില്‍ നിലനിര്‍ത്തിയത്. ബാക്കിയെല്ലാം പുതുമുഖങ്ങള്‍. പുണെ സിറ്റിയില്‍നിന്ന് എത്തിച്ച മുന്‍മുന്‍ ലുഗുന്‍, നോര്‍ത് ഈസ്റ്റ് യുനൈറ്റഡില്‍നിന്നത്തെിച്ച ഐബോര്‍ലങ് ഖോങ്ചീ, ഐ ലീഗ് താരങ്ങളായ സേനാ റാള്‍ട്ടെ, അന്‍വര്‍ അലി എന്നിവരാണ് പ്രതിരോധത്തിലെ ഇന്ത്യന്‍ സാന്നിധ്യം.

മധ്യനിരയില്‍ കരുത്തായി സോണി നോര്‍ദെ

മധ്യനിരയില്‍ ഇന്ത്യന്‍, വിദേശ സാന്നിധ്യം തുല്യമാണ്. കഴിഞ്ഞ സീസണില്‍ മുംബൈയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹെയ്തി താരം സോണി നോര്‍ദെ ഇക്കുറിയും മധ്യനിരയിലുണ്ടാകും. അര്‍ജന്‍റീന താരം മതിയാസ് ഡിഫെഡിറികൊ, ഹംഗറിയുടെ ക്രിസ്റ്റ്യന്‍ വെഡോക്സ്, ബ്രസീലിന്‍െറ ലിയോ കോസ്റ്റ എന്നിവര്‍ക്കൊപ്പം ബോയിതാങ് ഹയോകിപ്, രാകേഷ് ഓറം, ഡേവിഡ് ലാല്‍റിന്‍മവുന, പ്രണോയ് ഹാള്‍ഡര്‍, ജാക്കിചന്ദ് സിങ് എന്നിവരും അണിനിരക്കും.

ഗോളടിക്കാന്‍ ഫോര്‍ലാനും  ഛേത്രിയും

മുന്നേറ്റ നിരയില്‍ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്‍ തന്നെയാണ് താരവും പ്രതീക്ഷയും. മൂന്നുപേരെ മാത്രം മുന്‍നിര്‍ത്തിയാണ് പരിശീലകന്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഫോര്‍ലാനോടൊപ്പം സുനില്‍ ഛേത്രി കൂടെ ചേരുന്നത് ആരാധകര്‍ക്ക് വിരുന്നാകും. ഇവര്‍ക്കു പുറമെ, അര്‍ജന്‍റീനന്‍ താരം ഗാസ്ടന്‍ സന്‍ഗോയാണ് മുന്നേറ്റ നിരയിലെ മൂന്നാമന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.