കാനറികള്‍ക്ക് കാലിടറുമ്പോള്‍...

ക്ലോവിസ് അകോസ്റ്റ ഫെര്‍ണാണ്ടസിനെ ഓര്‍മയുണ്ടോ. പേര് മറന്നാലും മുഖം മറക്കാനിടയില്ല. രണ്ട് വര്‍ഷം പിന്നിലേക്ക് പോകണം. ബ്രസീലിലെ മിനിറാവോ സ്റ്റേഡിയിത്തില്‍ ജര്‍മനിക്ക് മുന്നില്‍ വീണ് കാനറികള്‍ പുറത്തേക്ക് നടക്കുമ്പോള്‍ ഗാലറിയിലെവിടെയോ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ക്ലോവിസുമുണ്ടായിരുന്നു. ലോകകിരീടവും നെഞ്ചോട് ചേര്‍ത്ത് വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി കൊച്ചുമകളോടൊപ്പമിരിക്കുന്ന ക്ലോവിസിന്‍െറ ചിത്രങ്ങള്‍ കാമറകണ്ണുകള്‍ ഒപ്പിയെടുക്കുമ്പോള്‍ അതിനൊരു പുതുമയുണ്ടായിരുന്നു. അസ്വാഭാവികമായതെന്തോ സംഭവിച്ച പ്രതീതി. ഇന്ന് ആ പുതുമ നഷ്ടപ്പെട്ടിരിക്കുന്നു. ഇതൊരു സ്ഥിരം കാഴ്ചയായി മാറുന്നു. ക്ലോവിസ് പക്ഷെ ഭാഗ്യവാനാണ്. ഹൃദയത്തിലേറ്റിയ ടീമിന്‍െറ തുടര്‍പതനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാതെ ഒരുവര്‍ഷം മുമ്പ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. ക്ലോവിസ് ഒരു പ്രതീകമായിരുന്നു. തകര്‍ന്ന് വീഴുന്ന മഞ്ഞകൊട്ടാരത്തിന്‍െറ പ്രതീകം. ലോകകപ്പില്‍ നിന്ന് കടല്‍കടന്ന് കോപയിലത്തെി നില്‍ക്കുമ്പോള്‍, ഭൂതകാലത്തിന്‍െറ പകിട്ട് പറഞ്ഞ് പിടിച്ചുനില്‍ക്കേണ്ട ഗതികേടിലത്തെി നില്‍ക്കുന്നു ബ്രസീലുകാര്‍. ഒരുകാലത്ത് ഫുട്ബാളിൻെറ സൗന്ദര്യം പേറിയവര്‍ അങ്ങിനെ എരിഞ്ഞുതീരേണ്ടവരല്ലെന്ന് ശത്രുക്കള്‍പോലും പറയും.

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമുമായി ബ്രസീല്‍ ഫു്ടബാളിന് എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികമല്ല, ഒരു യാഥാര്‍ഥ്യമാണ്. ഒരുകാലത്ത് ക്രിക്കറ്റെന്നാല്‍ കരീബിയന്‍സായിരുന്നു, ഫുട്ബാളെന്നാല്‍ കാനറികളും. 21ാം നൂറ്റാണ്ടിലേക്കത്തെുന്നതിന് മുമ്പേ കരീബിയന്‍സ് കട്ടയും പടവും മടക്കി. അവര്‍ക്കും പറയാന്‍ കുന്നോളമുണ്ട് ഭൂതകാലക്കുളിര്‍. ചാമ്പ്യന്‍സ് ട്രോഫി മുതല്‍ ലോകകപ്പ് വരെ. ഇന്ന് വെറും കുട്ടിക്രിക്കറ്റ് ടീമായി വെസ്റ്റിന്‍ഡീസ് തരംതാഴ്ന്നെങ്കില്‍ അതിന് പിന്നില്‍ മാനേജ്മെന്‍റ് താല്‍പര്യങ്ങളും ക്രിക്കറ്റ് ബോര്‍ഡിന്‍െറ പിടിപ്പുകേടുമൊക്കെ വേണ്ടത്രയുണ്ട്. ബ്രസീല്‍ ഫുട്ബാളിനും പറയാനുണ്ട് സമാനമായ കഥകള്‍. കഴിഞ്ഞ ലോകകപ്പ് മുതലാണ് ബ്രസീലിന്‍െറ കഷ്ടകാലം തെളിഞ്ഞുവരുന്നത്. ബ്രസീല്‍ ഫുട്ബാളിനെ രണ്ട് കാലഘട്ടമായി തിരിക്കുകയാണെങ്കില്‍, രണ്ടാമത്തെ ‘കഷ്ടകാലഘട്ടം’ തുടങ്ങുന്നത് 2014 ജൂലൈ എട്ടിനായിരിക്കും. അന്നാണ് ലോകത്തെ ഞെട്ടിച്ച ഏഴു ഗോളുകള്‍ ബ്രസീല്‍ വലയില്‍ പതിച്ചത്. മ്യൂളറിന്‍െറയും ക്ലോസെയുടെയും ക്രൂസിന്‍െറയും ബൂട്ടുകള്‍ വല നിറച്ചപ്പോള്‍ ക്ലോവിസ് അകോസ്റ്റ ഫെര്‍ണാണ്ടസിനെ പോലെ പതിനായിരങ്ങള്‍ കണ്ണീര്‍വാര്‍ത്ത് ഗാലറിയിലും തെരുവോരങ്ങളിലുമുണ്ടായിരുന്നു. ഈ കണ്ണീര്‍ കാണാതെ പോയതാണ് ബ്രസീലിന് പറ്റിയ വലിയപിഴ.

ലോകകപ്പ് കഴിഞ്ഞതോടെ സ്കൊളാരിക്ക് പകരം ദുംഗയത്തെിയെങ്കിലും ഗുണമൊന്നുമുണ്ടായില്ല. ദിവസം കഴിയുന്തോറും ദുംഗ ഇത് തെളിയിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കോപ്പയിലും സ്ഥിതി വിത്യസ്തമായിരുന്നില്ല. നാല് മത്സരങ്ങളില്‍ രണ്ടിലും തോറ്റു. 2018 ലോകകപ്പില്‍ ബ്രസീലിനെ കണ്ടില്ലെങ്കിലും അത്ഭുതപ്പെടേണ്ടതില്ല. ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ ആറ് മത്സരം പിന്നിടുമ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് മഞ്ഞപ്പട വിജയം കണ്ടത്. എന്നിട്ടും ദുംഗയിലെ കോച്ചുമായി തന്നെയാണ് ഇക്കുറിയും കോപ്പയിലത്തെിയത്. പക്ഷെ, പരീക്ഷണങ്ങള്‍ക്ക് മാത്രം ഒരു കുറവുമുണ്ടായില്ല. പരിചയ സമ്പന്നരായ മാര്‍സെലൊ, തിയഗൊ സില്‍വ, ഫിര്‍മിനൊ, ഫെര്‍ണാഡിഞ്ഞൊ, ഓസ്കര്‍, കക്ക എന്നിവര്‍ പുറത്തിരുന്നപ്പോള്‍ ദുംഗയുടെ മാനസപുത്രന്‍ ഏലിയാസ് അകത്തുകയറി. ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ടെങ്കിലൂം മൂന്നാം മത്സരത്തിലും ഏലിയാസത്തെി. ഒളിമ്പിക്സ് മുന്നില്‍ കണ്ടുള്ള പരീക്ഷണമാണെന്ന് വേണമെങ്കില്‍ ന്യായം പറയാം. പക്ഷെ, കോപ അമേരിക്ക ഒരു പരിശീലനമോ സൗഹൃദ മത്സരമോ അല്ലെല്ലോ.

2002 ലോകകപ്പ് ജേതാക്കളായ ബ്രസീൽ ടീം. എക്കാലത്തെയും മികച്ച ബ്രസീൽ ടീമുകളിലൊന്ന്
 

അവസാന മത്സരത്തില്‍ റൗള്‍ റൂയിഡിയസിന്‍െറ ഹാന്‍ഡ് ബോള്‍ ഗോളിന്‍െറ പേരില്‍ ബ്രസീലിനെ ഭാഗ്യമില്ലാത്തവരുടെ ടീമായി പരിഗണിച്ച് മാപ്പുസാക്ഷിയാക്കാന്‍ വരട്ടെ. ഇതേ ഭാഗ്യമാണ് ഇക്വഡോറിനെതിരായ ആദ്യ മത്സരത്തില്‍ ബ്രസീലിന്‍െറ രക്ഷക്കത്തെിയത്. അല്ലെങ്കില്‍ തന്നെ, പെറുവിനെ പോലെ ലോക റാങ്കിങില്‍ 46ാം സ്ഥാനത്ത് നില്‍ക്കുന്ന ടീമിനോട് ഒരു ഗോള്‍ പോലും നേടാതെ ഭാഗ്യക്കേടിനെ പഴി പറയുന്നതില്‍ അര്‍ഥമുണ്ടോ. 71ാം സ്ഥാനക്കാരായ ഹെയ്തിയുടെ വലയില്‍ വീഴ്ത്തിയ ഏഴ് ഗോളിന്‍െറ മധുര സ്വപ്നങ്ങള്‍ കണ്ട് വിമാനം കയറാനാണ് ബ്രസീലിന്‍െറ വിധി. അപ്പോഴും ഹെയ്തി ഫാന്‍സ് പറയും, ഞങ്ങളുടെ ഏക ഗോള്‍ ബ്രസീലിനെതിരെയാണെന്ന്.

നെയ്മറുടെ അഭാവം ടീമിനെ ബാധിച്ചിട്ടുണ്ടാവാം. എന്നാല്‍, നെയ്മര്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിനപ്പുറം  സംഭവിക്കുമെന്ന് പറയാനും വയ്യ. ഫുട്ബാള്‍ ഒരു ടീം ഗെയിമാണ്. അങ്ങിനെ നോക്കുമ്പോള്‍ ബ്രസീല്‍ ഒരു ടീമേ ആയിരുന്നില്ല, 11 പേരുടെ ഒരു ചെറു സംഘം. ആസൂത്രണമില്ലായ്മ നിഴലിച്ചുകാണാമായിരുന്നു. ആകെയുണ്ടായിരുന്ന കോസ്റ്റക്ക് പരിക്കേറ്റതോടെ എല്ലാം പൂര്‍ത്തിയായി. നാഥനില്ലാ കളരിയായിരുന്നു ബ്രസീലിന്‍െറ മധ്യനിര. നെയ്മറെ ടീമിലത്തെിക്കുന്നതില്‍ ബ്രസീല്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനും പരാജയപ്പെട്ടു. അല്ലെങ്കില്‍ തന്നെ, അഴിമതിയും കുതികാല്‍വെട്ടും കഴിഞ്ഞ് അവര്‍ക്ക് ഇതിനൊക്കെ എവിടെയാണ് സമയം. കാനറികള്‍ ഇനി നോക്കേണ്ടത് ഒളിമ്പിക്സിലേക്കല്ല, ലോകകപ്പിലേക്കാണ്. യോഗ്യതാപോരാട്ടം ആറെണ്ണം കഴിഞ്ഞപ്പോള്‍ ആറാമതാണ് ബ്രസീലിന്‍െറ സ്ഥാനം. അഞ്ച് ടീമുകള്‍ മാത്രമെ പരമാവധി യോഗ്യത നേടു എന്നിരിക്കെ തമാശ കളിക്കാനുള്ളതല്ല ഇനിയുള്ള കാലമെന്ന് കോണ്‍ഫെഡറേഷന്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. യോഗ്യതക്ക് ഇനിയും 12 മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെന്ന് ആശ്വസിക്കാം. ഒരു പക്ഷെ ബ്രസീല്‍ ഫാന്‍സ് പ്രതീക്ഷിച്ചിരുന്നതാവാം ഈ തോല്‍വി. അതുകൊണ്ട് തന്നെ, ബ്രസീല്‍-ഇക്വഡോര്‍ മത്സരത്തിന്‍െറ പകുതി ടിക്കറ്റുകളും ഇളക്കം തട്ടാതെ ഇപ്പോഴും സംഘാടകരുടെ കൈയിലുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.