ദഷാമ്സിൻെറ 'ഫ്രഞ്ച്' ടീം

പ്രൊഫഷണല്‍ ഫുട്ബോളിൻെറ ചരിത്രം തന്നെ എഴുതപ്പെടുന്നത് ഫ്രഞ്ച് ലിപികളിലാണ്. ഫിഫയും ലോകകപ്പും യൂറോ കപ്പും ചാമ്പ്യന്‍സ് ലീഗുമൊക്കെ ഫ്രഞ്ച് ഫുട്ബാളുമായി ബന്ധപ്പെട്ട് കിടക്കുന്നതായി കാണാം. 1970 വരെ ലോകകപ്പ് അറിയപ്പെട്ടത് ഫ്രഞ്ചുകാരനായ യൂള്‍റിമേയുടെ പേരിലായിരുന്നു. ഇന്നും യൂറോകപ്പ് ട്രോഫിയില്‍ ഹെന്രി ഡിലൌനെ കപ്പെന്ന് കൊത്തി വെച്ചതായി കാണാം. യൂള്‍റിമേയുടെ സഹചാരിയും ഫ്രഞ്ച് ഫുട്ബാള്‍ ഫെഡറേഷൻെറ ആദ്യകാല പ്രസിഡന്‍റുമാരില്‍ ഒരാളുമാണ് ഡിലൌനെ. ലുസിയന്‍ ലോറെൻെറ എന്ന ഫ്രഞ്ച് സ്ട്രൈക്കറുടെ ഗോളോടു കൂടിയാണ് ലോകകപ്പുത്സവത്തിന് തിരി തെളിയുന്നതെങ്കിലും ഫ്രാന്‍സിനു അതൊരു മഹോത്സവമാവുന്നത് നീണ്ട അറുപത്തെട്ടു വര്‍ഷുങ്ങള്‍ക്ക് ശേഷമാണ്.


1998 ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സിന് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാവുകളായിരുന്നു. ഈ വിജയത്തിന് മറ്റു ചില മാനങ്ങള്‍ കൂടിയുണ്ടായിരുന്നു. അന്ന് പാരീസില്‍ ആര്‍ത്തലച്ച മുദ്രാവാക്യം black, blanc, beur എന്നായിരുന്നു. ആ വിജയത്തെ കറുത്തവൻെറയും വെളുത്തവൻെറയും അറബ് വംശജൻെറയും വിജയമായിട്ടായിരുന്നു ഫ്രാൻസിലെ ജനത നെഞ്ചേറ്റിയത്. അന്ന് ഷാംസ് എലെസീയിലെ (champs elysees) സ്ക്രീനുകളില്‍ 'സിദാന്‍ പ്രസിഡന്‍റ്' എന്ന് തെളിഞ്ഞ് വന്നതോടെ സിദാന്‍ എന്നാ അള്‍ജീരിയന്‍ മുസ്ളിം വംശജന്‍, ഫ്രഞ്ച് ജനത സ്വപ്നം കണ്ടിരുന്ന ഒരു ബഹുസ്വര രാഷ്ര്ടത്തിൻെറ ഏറ്റവും വലിയ പ്രതീകമായി മാറുകയായിരുന്നു. ഈ മഴവില്‍ ടീം ഒരു ഫ്രഞ്ച് ടീം അല്ലെന്ന് അന്ന് ജീന്‍ലെ പെന്നിൻെറ നാഷണല്‍ ഫ്രണ്ട് ഫ്രാന്സിലുടനീളം പ്രചാരണം നടത്തിയെങ്കിലും ഈ വിജയം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത നിമിഷമായാണ് അവിടുത്തെ ബഹുഭൂരിഭാഗം വരുന്ന ജനവിഭാഗങ്ങളും മനസ്സിലാക്കിയത്.

1997ല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ 17 മാത്രം ആയിരുന്ന നാഷണല്‍ ഫ്രണ്ടിൻെറ വോട്ട് ശതമാനം 98 ലോകകപ്പ് വിജയത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചു ശതമാനമായി ഇടിഞ്ഞു. എന്നാല്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രാന്‍സില്‍ മറ്റൊരു യൂറോകപ്പ് വിരുന്നത്തെുമ്പോള്‍ രാജ്യം ആകെ മാറിയിരിക്കുന്നു. ഫ്രഞ്ച് രാഷ്ട്രീയത്തിനും ഫുട്ബാളിനും മാറ്റം വന്നിരിക്കുന്നു. അന്നത്തെ നാഷണല്‍ ഫ്രണ്ട്, പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടി രാജ്യത്തെ ഏറ്റവും ശക്തരായ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായി വളര്‍ന്നിരിക്കുന്നു. തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ ഓരോ തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തത്തെുന്നു. 1998 ജൂലൈ പന്ത്രണ്ടിന് ഫ്രാന്‍സിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മായാജാലത്തിൻെറ പ്രഭ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഇന്ന് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും കായിക നിരീക്ഷകരും.


തീവ്രവംശീയ പാര്‍ട്ടികള്‍ ശക്തമായ, ചാര്‍ലി എബ്ദോയും പാരീസ് ആക്രമണവും സൃഷ്ടിച്ച മുസ്ലിം വിരുദ്ധത നിറഞ്ഞു നില്‍ക്കുന്ന ഫ്രാന്‍സടക്കം എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ ഇമിഗ്രേഷന്‍ പോളിസികള്‍ പുന:പരിശോധിച്ചു കൊണ്ടിരിക്കുന്ന പുതിയ  രാഷ്ട്രീയ സാഹചര്യത്തിലാണ് ദിദിയര്‍ ദഷാംസ് തൻെറ ടീമിനെയും കൊണ്ട് സ്വന്തം നാട്ടില്‍ പോരിനിറങ്ങുന്നത്. തന്‍െറ ടീമില്‍ നിന്ന്, ഇന്നത്തെ ഫ്രാന്‍സിൻെറ ഏറ്റവും മികച്ച കളിക്കാരനായ റയല്‍മാഡ്രിഡ് താരം കരീം ബെന്‍സേമയും ലീഗ് വണ്ണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹാത്തിം ബെന്‍ അറഫയെയും ഒഴിവാക്കിയത് പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ബ്ലാക്ക്മെയില്‍ വിവാദത്തിലുള്‍പ്പെട്ടത് കൊണ്ടാണ് ബെന്‍സേമക്ക് സ്ഥാനം നഷ്ടമായതെന്നാണ് ഒൗദ്യോഗിക ഭാഷ്യം. എന്നാല്‍ ദഷാംസ് രാഷ്ട്രീയക്കാരുടെ സമ്മര്‍ദത്തിനു വഴങ്ങിയെന്നും ബെന്‍സേമക്കും ബെന്‍ അറഫക്കും സ്ഥാനം നഷ്ടമായത് അവര്‍ വടക്കേ ആഫ്രിക്കന്‍ വംശജരായതിനാലാണെന്നും ആരോപിച്ച് ദഷാംസിൻെറ സഹതാരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായിരുന്ന എറിക് കൻറോണ രംഗത്തത്തെിയത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ദഷാംസിനെ കൻറോണ വിശേഷിപ്പിക്കുന്നത് ഫ്രാന്‍സിലെ ഒരേയൊരു ഫ്രഞ്ച്നാമമുള്ള ആള്‍ എന്നാണ്. ഫ്രാന്‍സിലെ രാഷട്രീയക്കാര്‍ക്ക് മുന്നില്‍ ദശാംസ് മുട്ട് മടക്കിയതില്‍ സഹതപിക്കുന്നതായി ബെന്‍സേമയും പ്രതികരിച്ചു.


2010 ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷമാണ് ഫ്രാന്‍സ് ഫുട്ബാളിലെ വംശീയത ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഫ്രാന്‍സിലെ വെള്ളക്കാരല്ലാത്ത താരങ്ങള്‍ പണത്തിനു വേണ്ടിയാണ് കളിക്കുന്നതെന്നും രാജ്യത്തിന് വേണ്ടിയല്ലെന്നും ടീമിൻെറ പരാജയത്തിന് ശേഷം  പ്രചരിച്ചിരുന്നു. അന്നത്തെ കോച്ച് റയ്മണ്ട് ഡൊമിനിക്, ടൂര്‍ണമെൻെറിനിടെ നിക്കോളാസ് അനല്‍കയെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സില്‍ കറുത്ത കളിക്കാരുടെ സാന്നിധ്യം അധികമാണെന്ന് പലരും പറയുന്നുണ്ടെന്നും അത് കൊണ്ടാണ് താന്‍ മടങ്ങിയത്തെിയത് എന്നുമായിരുന്നു അന്ന് അനല്‍ക പ്രതികരിച്ചത്. ടീം പ്രതിസന്ധികളിലൂടെ കടന്നു പോവുമ്പോള്‍ ഫ്രാന്‍സിലെ ജനങ്ങള്‍ റിബെറി യോര്‍കെറഫിനെ തല്ലിയെന്ന് പറയുമെന്നും റിബെറി ചീത്ത മുസ്ലിമും യോര്‍കെഫ് നല്ല 'ഫ്രഞ്ച്' കുട്ടിയാവുമെന്നും അന്ന് അനല്‍ക പറഞ്ഞു. ടീം തോൽക്കുമ്പോള്‍ ആളുകള്‍ കളിക്കാരുടെ നിറവും മതവും നോക്കിത്തുടങ്ങുമെന്ന് അനല്‍ക്കക്ക് പുറമേ ഒരിക്കല്‍ ബെന്‍സേമയും അഭിപ്രായപ്പെട്ടിരുന്നു. ഫ്രാന്‍സില്‍ മുസ്ലിമായി ജീവിക്കാനുള്ള പ്രയാസത്തെക്കുറിച്ച് ഒരിക്കല്‍ സമീര്‍ നസ്രിയും അഭിപ്രായപ്പെട്ടിരുന്നു. ഇവരാരും തന്നെ ഇപ്പോള്‍ ടീമിലില്ലെന്നതാണ് ഏറ്റവും രസകരമായ വസ്തുത. അങ്ങനെ പല ചീത്ത മുസ്ലിമുകളും കറുത്തവരും ഫ്രാന്‍സ് ടീമില്‍ നിന്ന് പടിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. 2014 ലോകകപ്പ് ടീമില്‍ നിന്ന തന്നെ തഴഞ്ഞതോടെ ഇനിയൊരിക്കലും ദേശീയ ടീമിലേക്ക് തിരിച്ച് വരില്ലെന്ന് സമീര്‍ നസ്രി പ്രഖ്യാപിക്കുകയുണ്ടായിരുന്നു.

ദഷാമ്സും ബെൻസേമയും
 


ഫ്രാൻസിലെ ഫുട്ബാള്‍ അക്കാദമികളില്‍ ഇരട്ട ദേശീയത്വമുള്ള കുട്ടികളുടെ എണ്ണം മുപ്പത് ശതമാനമാക്കി കുറക്കുന്നതിനെക്കുറിച്ചു ലോറെന്‍റ് ബ്ളാങ്ക് ചില 'ഫ്രഞ്ച്' കോച്ചുകളോട് സംസാരിക്കുന്നതിൻെറ ഓഡിയോ ടേപ്പ് ലീക്കായിരുന്നു. തുടര്‍ന്നാണ് 2012ല്‍ അദ്ദേഹത്തിന് പരിശീലകസ്ഥാനം നഷ്ടമാവുന്നത്. തിയറി ഹെന്‍റി, പാട്രിക്ക് വിയേറ, വില്ല്യം ഗാലാസ്, ബെന്‍ അറഫ, അനല്‍ക തുടങ്ങിയ അത്ഭുത പ്രതിഭകള്‍ ജന്മം കൊടുത്ത ക്ളേര്‍ഫോണ്ടായിന്‍ അടക്കം ഇതിലുള്‍പ്പെടും. ഫ്രാന്‍സില്‍ ട്രെയിന്‍ ചെയ്യപ്പെടുന്ന പല താരങ്ങളും പിന്നീട് അള്‍ജീരിയ, കാമറൂണ്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് വേണ്ടി കളിക്കുന്നു എന്നതായിരുന്നു അവര്‍ ഇതിനു നല്‍കിുയ വിശദീകരണം. അങ്ങനെയുള്ള കളിക്കാരെല്ലാം തന്നെ ഫ്രാന്‍സ് ടീമിലേക്ക് യോഗ്യത നേടാനാവാതെയിരിക്കെ ഇതിനെ പൊള്ളയായ വാദമായാണ് പല ഫുട്ബോള്‍ വിദഗ്ദ്ധരും നോക്കിക്കാണുന്നത്.

ഫ്രാൻസിലെ ഫുട്ബാളിനെ വംശീയമായി ശുദ്ധീകരിച്ച് തങ്ങളുടെ ചരിത്രവും സംസ്കാരവും കാത്തു സൂക്ഷിക്കുന്ന ഒരു 'ഫ്രഞ്ച്' ടീമായി വാര്‍ത്തെടുക്കുക എന്നതായിരുന്നു ആ സംഭാഷണത്തിൻെറ ആകത്തെുക. കോടതി ബ്ലാങ്കിനെ കുറ്റവിമുക്തനാക്കിയെങ്കിലും ഇത് സൃഷ്ടിച്ച കോലാഹലങ്ങള്‍ അത്ര പെട്ടെന്നൊന്നും അടങ്ങുന്ന ഒന്നല്ല. നീണ്ട താടിയുള്ളവര്‍ക്ക്  ജോലി കിട്ടാത്ത സ്ഥലമാണ് ഫ്രാന്‍സ് എന്നായിരുന്നു മുന്‍ ഫ്രഞ്ച് അണ്ടര്‍ 21താരവും കാമറൂണ്‍ സീനിയര്‍ ടീം അംഗവുമായ നോര്‍വിച്ച് സിറ്റി ഡിഫന്‍റര്‍ സെബാസ്റ്റ്യന്‍ ബാസോംഗ് പറഞ്ഞത്. 2014 നവംബറില്‍ ആഫ്രിക്കന്‍ താരങ്ങളെ കുറിച്ച് മുന്‍ ഫ്രഞ്ച് താരം വില്ലി സായ്നോള്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഫ്രാന്സിന് വേണ്ടി ഏറ്റവും അധികം മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ലിലിയന്‍ തുറാം ശക്തമായി രംഗത്തത്തെിയിരുന്നു. താന്‍ കോച്ചായിരിക്കെ  ബോര്ഡോസ (bordeux) ക്ലബ്ബിലേക്ക് ആഫ്രിക്കന്‍ താരങ്ങളെ പരിഗണിക്കില്ലെന്നും, ആഫ്രിക്കന്‍ താരങ്ങള്‍ക്ക്  കരുത്ത് മാത്രമേയുള്ളൂവെന്നും സാങ്കേതികമികവില്‍ അവര്‍ മറ്റു താരങ്ങളേക്കാള്‍ വളരേ പുറകിലാണെന്നുമായിരുന്നു സായ്നോളിൻെറ പ്രസ്താവന. ബ്ലാങ്കായാലും സായ്നോളായാലും ദഷാമ്സായാലും, ഇവരെല്ലാം തന്നെ ഫ്രാന്‍സിൻെറ എക്കാലത്തെയും ഇതിഹാസ താരങ്ങളായ കറുത്തവരോ അറബ് വംശജരോ ആയിട്ടുള്ള സിദാൻെറയും ഡിസയിലിയുടെയും ഹെന്‍റിയുടെയും വിയേറയുടെയും തുറാമിൻെറയുമൊക്കെ സഹതാരങ്ങളായിരുന്നു എന്നത് മാറുന്ന രാഷ്ട്രീയ സാഹചര്യം ഫ്രാന്‍സിലെ ഫുട്ബാളിനെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിൻെറ തെളിവാണ്.


ലോക മഹായുദ്ധങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിലേക്ക് തങ്ങളുടെ കോളനികളില്‍ നിന്ന്, പ്രത്യേകിച്ച് ആഫ്രിക്കയില്‍ നിന്ന് തൊഴിലാളികളായി വന്നവരുടേയും അള്‍ജീരിയന്‍ യുദ്ധസമയത്ത് ഫ്രാന്‍സിലത്തെിയ, ഫ്രഞ്ച് അനുകൂലികളുടെയും പരമ്പരകളാണ് ഇന്ന് ഫ്രാന്‍സിലെ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും. ഫുട്ബാളിനെ സ്ഥാപകവല്‍കരിക്കുന്നതില്‍ ചരിത്രത്തിലുടനീളം നേതൃസ്ഥാനം വഹിച്ചതിൻെറ ഖ്യാതി ഫ്രാന്‍സിന് തന്നെയാണെങ്കിലും ഈയൊരു പ്രകടനം കളത്തില്‍ കാണിക്കുന്നതില്‍ ടീം പരാജയപ്പെട്ടിട്ടുണ്ട്. രാജ്യാന്തര ടൂര്‍ണമെൻറുകളിലെ നേട്ടങ്ങളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളോടോ മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളോടോ യൂറോപ്പ്യന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പുകളില്‍ മറ്റു രാജ്യങ്ങളിലെ ക്ലബുകളുമായോ ഫ്രാന്‍സിനെ താരതമ്യം ചെയ്യാന്‍ പറ്റില്ല. രാജ്യത്തോട് കൂറ് പുലർത്താത്ത, കുടിയേറ്റക്കാരുടെ ആധിക്യമാണ് ഫ്രഞ്ച് ഫുട്ബാളിനെ ഈ ഗതിയിലെത്തിച്ചത് എന്ന് വിശ്വസിക്കുന്നവര്‍ ഫ്രാന്‍സില്‍ ഏറെയാണ്. ഈ ഒരു രാഷ്ട്രീയം ഫ്രാൻസിലെ പ്രധാന നഗരങ്ങളുടെ അരികു ചേര്‍ന്ന്, തൊഴിലില്ലായ്മ കൊണ്ടും വംശീയാതിക്രമങ്ങള്‍ക്കൊണ്ടും പൊറുതി മുട്ടി ജീവിക്കുന്ന വലിയൊരു ജനവിഭാഗത്തെ തീര്‍ത്തും  പ്രതികൂലമായി ബാധിക്കും എന്നുറപ്പാണ്, കാരണം ഫുട്ബാളാണ് അവരുടെ ജീവനും ജീവിതവും.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.