ക്യാപ്റ്റന്‍ കൂള്‍ അഥവാ സൈലന്‍റ് കില്ലര്‍

1996- ക്രിക്കറ്റ് ഇങ്ങനെയും കളിക്കാമെന്ന് സനത് ജയസൂര്യ ലോകത്തിന് കാണിച്ചുകൊടുത്ത കാലം. വിനോദ് കാംബ്ളിയുടെ വിശ്വവിഖ്യാതമായ കണ്ണീര്‍ വീണ കാലം. മൈതാനങ്ങള്‍ ബൗളര്‍മാരുടെ ശവപ്പറമ്പാകണമെന്ന് സച്ചിനും ഡിസില്‍വയും ജയസൂര്യയും കളിച്ചറിയിച്ച നാളുകള്‍. ആവേശം പരകോടിയിലത്തെിയപ്പോള്‍ (ഐ.എസ്.എല്‍ മലയാളം കമന്‍ററി ഭാഷ) റാഞ്ചിയിലെ മെക്കോണ്‍ കമ്പനിയിലെ ജൂനിയര്‍ ജീവനക്കാരനായ പാന്‍സിങിന്‍െറ മകന്‍ മഹേന്ദ്രസിങ് ധോണി ഗോള്‍പോസ്റ്റിനോട് വിട പറഞ്ഞ് ക്രിക്കറ്റ് പിച്ചിലേക്ക് നടന്നുനീങ്ങി. ജവഹര്‍ വിദ്യാമന്ദിര്‍ സ്കൂള്‍ മൈതാനിയില്‍ ബൂട്ടുപേക്ഷിച്ച് പാഡുകെട്ടുമ്പോള്‍ അവന്‍െറ മനസില്‍ ഒറ്റ ആഗ്രഹമെ ഉണ്ടായിരുന്നുള്ളു സച്ചിനെതിരെ കളിക്കണം. ആഗ്രഹ പൂര്‍ത്തീകരണത്തിന് പതിറ്റാണ്ടിന്‍െറ കാത്തിരിപ്പേ വേണ്ടി വന്നുള്ളു. ധോണിയും കാലവും ധോണിയുടെ മുടിയും വളര്‍ന്നുവന്നപ്പോള്‍ സച്ചിനെതിരെ കളിക്കുക തന്നെ ചെയ്തു. പക്ഷെ, കളിനടന്നത് കളരിക്ക് പുറത്താണെന്ന് മാത്രം. ഈ കളിയില്‍ സച്ചിന്‍ വീണില്ളെങ്കിലും മറ്റു പലര്‍ക്കും കാലിടറി. ചിലര്‍ സ്വയം തിരശീല വിട്ടു. മറ്റുചിലര്‍ കാത്തിരിപ്പിനൊടുവില്‍ വിസ്മൃതിയിലാണ്ടു. വി.വി.എസ് ലക്ഷമണ്‍ മുതല്‍ വീരേന്ദര്‍ സെവാഗ് വരെ എന്ന് നമുക്കവരെ വിശേഷിപ്പിക്കാം.

പരകായപ്രവേശം
2007ല്‍ നായകസ്ഥാനം ഏറ്റെടുത്ത ധോണി 2011 വരെ ആക്രമണ ബാറ്റിങിന്‍െറ അമരക്കാരനായാണ് അറിയപ്പെട്ടിരുന്നത്. നാല് വര്‍ഷം മുന്‍പ് ലോകകപ്പ് ജയിച്ചതോടെയാണ് ബാറ്റിങിലെ ആക്രമണം ധോണി നിര്‍ത്തിയത്. ഇതോടെ ആക്രമണം സീനിയര്‍ താരങ്ങളോടായി. ആദ്യ ഇര വി.വി.എസ് ലക്ഷ്മണ്‍ ആയിരുന്നു. 2012ല്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കെയാണ് ലക്ഷമണിന്‍െറ കഴുത്തിനു മേല്‍ വിക്കറ്റിന് പിന്നില്‍ നിന്ന് പിടി വീഴുന്നത്. ഇതൊരു മുന്നറിയിപ്പായിരുന്നുസച്ചിനും ദ്രാവിഡും ഉള്‍പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ്. വിരമിക്കല്‍ പ്രഖ്യാപിച്ചാണ് ലക്ഷ്മണ്‍ പകരം വീട്ടിയത്. ധോണിക്ക് വേണ്ടതും അതായിരുന്നു. ഒരു കാര്യം കൂടി ലക്ഷമണ്‍ ചെയ്തു. വിരമിക്കലിന് ശേഷം നടന്ന പാര്‍ട്ടിയില്‍ ധോണിയെ മാത്രം ഒഴിവാക്കി.

ലക്ഷ്മണിന് അത്രമാത്രമെ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. കാരണം, എം.എസ് ധോണി അത്രയേറെ വളര്‍ന്നിരുന്നു. ബാറ്റുകൊണ്ടും സ്വാധീനം കൊണ്ടും ജനപിന്തുണ കൊണ്ടും ശക്തനായിരുന്നതിനാല്‍ സച്ചിനെതിരായ ധോണിയുടെ നീക്കങ്ങള്‍ പലതും അവസാന നിമിഷം പാളിപ്പോയി. എങ്കിലും, വിരമിക്കാന്‍ സമയമായെന്ന് സച്ചിനെയും ദ്രാവിഡിനെയും നായകന്‍ ഇടക്കിടെ ഉണര്‍ത്തികൊണ്ടേയിരുന്നു. പേര് ചീത്തയാക്കാന്‍ ഇടനല്‍കാതെ ഇരുവരും കളമൊഴിഞ്ഞപ്പോള്‍ ധോണിയുടെ തിരുവായ്ക്ക് എതിര്‍വാ ഇല്ലാതായി. അങ്ങിനെ ധോണിയും പത്തുപേരും എന്ന നിലയിലേക്ക് ടീം ഇന്ത്യയത്തെി. ശബ്ദമുയര്‍ത്തുന്നവരും താല്‍പര്യമില്ലാത്തവരും ഗാലറിയിലിരുന്നു കളി കണ്ടു. ഗംഭീര്‍, ഇര്‍ഫാന്‍, ഹര്‍ഭജന്‍, ശ്രീശാന്ത്, യുവരാജ്, ഉത്തപ്പ, സഹീര്‍, സെവാഗ്...ഇവര്‍ക്കൊന്നും ധോണിയുടെ ഗുഡ് ലിസ്റ്റില്‍ ഇടം നേടാനാവാതെ പോയി. അനന്തര ഫലമായിരുന്നു ഇവരുടെ പുറത്താകല്‍.

ഗംഭീര്‍ സ്വാര്‍ഥനാണെന്നും അയാളുടെ മനോഭാവം ടീമിന്‍െറ പ്രകടനത്തെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ബി.സി.സി.ഐക്ക് കത്തെഴുതി. ഇഷ്ടക്കാര്‍ക്ക് പക്ഷെ വാരിക്കോരി കൊടുത്തു നായകന്‍. രവീന്ദ്ര ജദേജയെ നോക്കുക. ഇത്രയേറെ അവസരങ്ങള്‍ കിട്ടിയ വേറൊരു താരം അടുത്തിടെയൊന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടില്ല. ഒരിക്കലും യുവരാജിന്‍െറ പകരക്കാരനാകാനുള്ള കാലിബര്‍ ജദേജക്കില്ളെന്നറിഞ്ഞിട്ടും മാനസപുത്രന് വേണ്ടി ധോണി യുവിയെ വീട്ടിലിരുത്തി. ഒന്നല്ല, പലതവണ. യുവി ടീമിലുണ്ടായിരുന്നെങ്കില്‍ ജദേജ ഇപ്പോഴും രഞ്ജി കളിച്ചു നടക്കേണ്ടി വരുമായിരുന്നു. രാമായണത്തിലെ വില്ലനായ രാവണനെ പോലെയാണ് ധോണിയെന്ന് യുവരാജിന്‍െറ പിതാവ് യോഗ്രാജ് സിങിന്‍െറ വാക്കുകളില്‍ അടങ്ങിയിട്ടുണ്ട് ബാക്കി സത്യങ്ങളെല്ലാം. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നറിഞ്ഞപ്പോഴാണ് പ്രതിസ്വരവുമായി ഭാജിയും സെവാഗും കളത്തിലിറങ്ങുന്നത്.
 

2012ല്‍ ആസ്ട്രേലിയയോട് ഇന്ത്യ തുടര്‍ച്ചയായ നാല് ടെസ്റ്റുകളില്‍ വമ്പന്‍ പരാജയം രുചിച്ചപ്പോള്‍ സെവാഗിനെ നായകനാക്കാന്‍ സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നു. സെലക്ഷന്‍ കമ്മിറ്റിയിലെ അഞ്ചു പേരില്‍ നാലും സെവാഗിനെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍, ശ്രീനിവാസന്‍ ധോണിക്ക് തുണയായത്തെി. ഇതോടെയാണ് സെവാഗിനോടുള്ള കലിപ്പ് തുടങ്ങുന്നത്. ശ്രീനിവാസന്‍ ധോണി കൂട്ടുകെട്ടിനോട് പിടിച്ചുനില്‍ക്കാനുള്ള ബുദ്ധിയൊന്നും സെവാഗിനില്ലായിരുന്നു. വീരുവിനൊപ്പം നിന്ന യുവരാജും ഹര്‍ഭജനും അങ്ങിനെ ധോണിയുടെ ഹിറ്റ്ലിസ്റ്റില്‍ ഇടം നേടി. അതുകൊണ്ടാണ്, ഇക്കുറി വീണ്ടും ടീമില്‍ മടങ്ങിയത്തെിയപ്പോള്‍ കോഹ്ലിക്കും രവിശാസ്ത്രിക്കും മാത്രം ഭാജി നന്ദി പറഞ്ഞത്.

ചെന്നൈ സൂപ്പര്‍ കിങ്സ്
മര്യാദക്കാരനായിരുന്ന ധോണിയെ ഇത്ര വഷളാക്കിയത് ചെന്നൈ സൂപ്പര്‍കിങ്സാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കൊപ്പം ചെന്നൈയുടെ താല്‍പര്യങ്ങള്‍ കൂടി ഇണചേര്‍ന്നപ്പോഴാണ് ധോണിയിലെ സൈലന്‍റ് കില്ലര്‍ പുറത്തുവരുന്നത്. ചെന്നൈ താരങ്ങളെ ഇന്ത്യന്‍ ടീമിന്‍െറ ഭാഗമാക്കേണ്ടത് ധോണിയുടെ കൂടി ആവശ്യമായിരുന്നു. സൂപ്പര്‍ കിങ്സിന്‍െറ പ്രൊമോട്ടറായ കൃഷ്ണമാചാരി ശ്രീകാന്ത് ടീം ഇന്ത്യയുടെ മുഖ്യസെലക്ടറായിരിക്കുമ്പോള്‍ ധോണിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. 11 അംഗ ടീമില്‍ അഞ്ച് ചെന്നൈ താരങ്ങള്‍ വരെ (ധോണി, ജദേജ, അശ്വിന്‍, മോഹിത്, റെയ്ന) കളിച്ച ദിവസങ്ങളുണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടിയാണ് ധോണി പലരെയും കുടിയൊഴിപ്പിച്ചത്.

അശ്വിനും ജദേജക്കും വേണ്ടി ഹര്‍ഭജനും യുവരാജും വീട്ടിലിരുന്നു. റെയ്ന ഫോം ഒൗട്ട് ആയപ്പോഴും ഉത്തപ്പയും ഗംഭീറും സെവാഗുമൊന്നും ധോണിയുടെ കണ്ണില്‍പെട്ടില്ല. മോഹിത് ശര്‍മ തല്ലുവാങ്ങികൂട്ടുമ്പോള്‍ സഹീറും ഷമിയും പുറത്തുണ്ടായിരുന്നു (26 ഏകദിനത്തില്‍ 31 വിക്കറ്റാണ് മോഹിതിന്‍െറ സാമ്പാദ്യം). ഫോമില്‍ കളിക്കുന്നവരാണെങ്കിലും പരിക്കിന്‍െറ പേരില്‍ പുറത്തായാല്‍ ടീമില്‍ തിരികെയത്തൊത്തതിന്‍െറ കെമിസ്ട്രി ഇതായിരുന്നു. ഇവിടെയും കണ്ണീരായി അവശേഷിക്കുന്നുണ്ട് ശ്രീശാന്തിന്‍െറ കരിയര്‍. ആര്‍ക്കോ വേണ്ടി ബലിയാടാക്കപ്പെട്ടതാണ് ശ്രീയുടെ ക്രിക്കറ്റ്. ആര്‍ക്കോ വേണ്ടി അതായത് ധോണിയും ചെന്നൈ സൂപ്പര്‍ കിങ്സും മെയ്യപ്പനും ഉള്‍പെട്ട ആര്‍ക്കോ വേണ്ടി...
 


ഇനിയാര് ?
കോഹ്ലിയുടേതുള്‍പെടെ പല തലകളും നോട്ടമിട്ടിരിക്കുമ്പോഴാണ് ധോണിക്ക് ഇടിത്തീയായി ശ്രീനിവാസനും മെയ്യപ്പനും ഐ.പി.എല്‍ വാതുവെപ്പില്‍ പ്രതിക്കൂട്ടിലായത്. ഇന്ത്യന്‍ ടീമാകട്ടെ തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടേയിരുന്നു. ടീമംഗങ്ങളെ ‘ഫിനിഷ്’ ചെയ്യുന്ന തിരക്കിനിടെ ഇന്ത്യയുടെ ബെസ്റ്റ് ഫിനിഷര്‍ക്ക് ബാറ്റിങും മറന്നു. ചുരുക്കിപ്പറഞ്ഞാല്‍ ധോണിക്ക് അത്ര നല്ല കാലമായിരുന്നില്ല 2015, കളത്തിനകത്തും പുറത്തും. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ കൂള്‍ പ്രതിരോധത്തിലാണ്. വീര്യം വീണ്ടെടുത്താല്‍ ആദ്യം തെറിക്കുന്നത് കോഹ്ലിയുടെ തൊപ്പിയായിരിക്കും. ടീമിലെ പ്രതിപക്ഷ നേതാവാണല്ളൊ കോഹ്ലി. സ്റ്റുവര്‍ട്ട് ബിന്നിയോട് അത്ര താല്‍പര്യമുണ്ടായിട്ടൊന്നുമല്ല ടീമില്‍ നിര്‍ത്തിയിരിക്കുന്നത്. റോജര്‍ ബിന്നി സെലക്ഷന്‍ കമ്മിറ്റിയിലിരിക്കുമ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നിക്കെതിരെ കളിക്കാനിറങ്ങിയാല്‍ ആരോഗ്യം മോശമാകുമെന്ന് ധോണിക്കറിയാം. നിലവിലെ ടീമില്‍ ഏറെയും അനുസരണയുള്ള കുട്ടികളാണ്. തിരിച്ചുവന്ന ഹര്‍ഭജന്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് പാട്ട്നിര്‍ത്താനാണ് സാധ്യത. ഇല്ളെങ്കില്‍ സെവാഗിന്‍െറ അവസ്ഥ വരുമെന്ന് ഭാജിക്കറിയാം. എന്തായാലും കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ധോണി കളിക്കുന്ന മനോഹര കാഴ്ചക്കുള്ള അവസരം മഹി ഉണ്ടാക്കില്ളെന്നുറപ്പ്. അങ്ങിനെയൊരവസ്ഥ ഉണ്ടാകുമെന്ന് തോന്നിയാല്‍ വീണ്ടുമൊരു അപ്രതീക്ഷിത വിരമിക്കല്‍ ധോണിയില്‍ നിന്ന് പ്രതീക്ഷിക്കാം. ടെസ്റ്റില്‍ ചെയ്തത് പോലെ.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.