ലണ്ടൻ: കുട്ടിക്കാലത്ത് തന്നെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്നതാണെന്നും യഥാർഥ പേര് ഹുസൈൻ അബ്ദുൽ കാഹിനാണെന്നുമുള്ള ഇതിഹാസതാരം മോ ഫറയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആരംഭിച്ച് ലണ്ടൻ പൊലീസ്. ദത്തുനൽകിയ രാജ്യത്തിനായി ദീർഘദൂര വിഭാഗങ്ങളിൽ ഒളിമ്പിക് ഡബ്ൾ നേടിയ താരം കഴിഞ്ഞ ദിവസം ബി.ബി.സിക്കായി നൽകിയ അഭിമുഖത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്. എട്ടോ ഒമ്പതോ വയസ്സിൽ തന്നെ കടത്തിക്കൊണ്ടുവന്ന സ്ത്രീയാണ് മുഹമ്മദ് ഫറ എന്നു പേരിട്ടതെന്നും കുഞ്ഞുപ്രായത്തിൽ വീട്ടുവേലക്ക് നിർബന്ധിക്കപ്പെട്ടുവെന്നും സൂപ്പർ താരം പറഞ്ഞിരുന്നു. കടത്തിക്കൊണ്ടുവന്ന സ്ത്രീയാണ് പേരു മാറ്റിയത്. സ്കൂളിലെ അധ്യാപകനായ അലൻ വിൽകിൻസണാണ് പൗരത്വത്തിന് സഹായിച്ചത്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മോ ഫറയുടെ പൗരത്വം റദ്ദാക്കില്ലെന്നും അദ്ദേഹം രാജ്യത്തിന്റെ സ്പോർട്ടിങ് ഹീറോയാണെന്നും ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
മാതാവിനും രണ്ടു സഹോദരങ്ങൾക്കുമൊപ്പം ബ്രിട്ടനിൽ ഐ.ടി ജീവനക്കാരനായ പിതാവിനെ തേടിയാണ് അഭയം തേടി എത്തിയതെന്നായിരുന്നു നേരത്തേ മോ ഫറ പറഞ്ഞിരുന്നത്. ഭാര്യയും മക്കളും നിർബന്ധിച്ചതോടെ സത്യം വെളിപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ജന്മം സോമാലിലാൻഡിലായിരുന്നുവെങ്കിലും ജിബൂതിയിൽനിന്നാണ് ഒരു സ്ത്രീ തന്നെ കടത്തിക്കൊണ്ടുവന്ന് വീട്ടുവേലക്ക് നിർത്തിയതെന്ന് 39കാരൻ പറഞ്ഞു. തന്നെ കൊണ്ടുവന്ന സ്ത്രീയെ അറിയില്ല. ഭക്ഷണത്തിനു പകരം വീട്ടുവേലയെന്നായിരുന്നു നിബന്ധന. കുടുംബത്തെ എന്നെങ്കിലും കാണണമെന്നുണ്ടെങ്കിൽ ഒന്നും മിണ്ടരുതെന്നും ഭീഷണിപ്പെടുത്തി. 2000ത്തിലാണ് ബ്രിട്ടീഷ് സർക്കാർ പൗരത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.