ക്രിക്കറ്റ് കഴിഞ്ഞാൽ ലോകഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഗെയിമാണ് ഹോക്കി. എന്നാൽ, ഇന്ത്യൻ ഹോക്കിയുടെ ഭാഗമാകാൻ കഴിഞ്ഞില്ലെങ്കിലും ലോക ഹോക്കിയിൽ സ്വന്തം പേരെഴുതിച്ചേർത്ത മലയാളിയുണ്ട് ദുബൈയിൽ, ഷാനവാസ് നടുവത്ത് വളപ്പിൽ. ക്ലബ്ബ് ഹോക്കിയിൽ ഗോൾ പോസ്റ്റിന് മുന്നിലെ വിശ്വസ്ഥനായ കാവൽക്കാരൻ.

തലശ്ശേരി മാളിയേക്കൽ തറവാട്ടിൽ കളിച്ചു വളർന്ന് ഹോക്കിയെ നെഞ്ചോട് ചേർത്ത കഥയാണ് ഷാനവാസിന്‍റേത്. കേരളത്തിലെ പ്രമുഖ മുസ്‍ലിം കുടുംബത്തിലാണ് ഷാനവാസിന്‍റെ വേരുകൾ. ഉപ്പ അബൂബക്കർ മാളിയേക്കൽ, ഉമ്മ സഫിയ. ഈയടുത്ത് മരണപ്പെട്ട ഇംഗ്ലീഷ് മറിയുമ്മ ഷാനവാസിന്‍റെ ഉപ്പയുടെ സഹോദരിയും ഷാനവാസിന്‍റെ സഹോദരീ ഭർത്താവിന്‍റെ ഉമ്മയുമാണ്.

തലശ്ശേരി ബ്രണ്ണൻ കോളജിൽ പഠനം പൂർത്തിയാക്കി 18ാം വയസ്സിൽ ദുബൈയിലേക്ക് ചേക്കേറിയ ഷാനവാസിന് സംസ്ഥാന ഹോക്കി ടീമിലും ഇന്ത്യൻ ഹോക്കി ടീമിലും അവസരം ലഭിച്ചില്ല. എന്നാൽ, ദുബൈ നഗരം ഷാനവാസിന് വേണ്ടി തന്‍റെ മണ്ണിനെ ഒരുക്കി ഒരുക്കി നിർത്തുകയായിരുന്നു.1993 മുതൽ 2022 വരെ ദുബൈയിൽ വിവിധ രാജ്യങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി ഷാനവാസ് സ്റ്റിക്കെടുത്തു. 2008ല്‍ ആദ്യമായി യു.കെ സിക്ക് യൂനിയൻ ഹോക്കി ടൂർണമെന്‍റിൽ പങ്കെടുത്തു. ആദ്യതവണ പരാജയം ഏറ്റുവാങ്ങിയ ടൂർണമെന്‍റിൽ തൊട്ടടുത്തവർഷം സെമിഫൈനൽ വരെയെത്തി. പിന്നീട് തുടർച്ചയായ നാലുവർഷം ഷാനവാസും കൂട്ടരും യൂറോപ്പിൽ സിക്ക് യൂനിയൻ കളിച്ചു.

ഹോളണ്ടിൽ രണ്ടുതവണ കളത്തിലിറങ്ങി. 2015ൽ ഹോളണ്ടിലേക്ക് മറ്റൊരു ക്ലബ്ബിനുവേണ്ടി കളിക്കാൻ ഷാനവാസ് ദുബൈയിൽ നിന്നും പുറപ്പെട്ടു. ജർമ്മനി, സ്പെയിൻ, ഹോളണ്ട് തുടങ്ങിയ അയൽ രാജ്യങ്ങളിലെ ടീമുകളും താരങ്ങളും പങ്കെടുത്ത വാശിയേറിയ ടൂർണമെന്‍റിന്‍റെ ഫൈനലിൽ ബെസ്റ്റ് ഗോൾകീപ്പറായത് ഷാനവാസായിരുന്നു.കേരളത്തിലെ ഹോക്കി പ്രേമികൾക്ക് തന്‍റെ സ്ഥാപനത്തിൽ തന്നെ ധാരാളം ജോലി അവസരങ്ങൾ ഒരുക്കിനൽകിയത് ഷാനവാസിന്‍റെ ജീവിതത്തിലെ വലിയ ചാരിതാർത്ഥ്യമായിരുന്നു. ഹോക്കിക്ക് പുറമേ ക്രിക്കറ്റ്, ഫുട്ബാൾ ആരാധകർക്കും തന്‍റെ കമ്പനിയായ ലാക്നോറിൽ ഷാനവാസ് ഇടം നൽകി. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഷാനവാസ് ഹോക്കി ‌കൂടുതൽ വിപുലമാക്കി.

2021ലാണ് ഓൾ ഇന്ത്യ മാസ്റ്റേഴ്സിനു വേണ്ടി ഒ.ടി.ഒ.ടി സംഘടിപ്പിച്ച ടൂർണമെന്‍റിന് ഷാനവാസ് മുംബൈയിലേക്ക് പറക്കുന്നത്. തന്‍റെ മദർ ക്ലബ്ബ് യു.ടി.എസ്‌.സിക്ക് വേണ്ടി വീണ്ടും സ്റ്റിക്കെടുത്ത അദ്ദേഹം ടൂർണമെന്‍റിലെ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരുവിൽ 2022ൽ ഒ.ടി.ഒ.ടി നേതൃത്വം നൽകിയ നൽകിയ ഓൾ ഇന്ത്യ മാസ്റ്റേഴ്സിലും ഷാനവാസം സംഘവും കളത്തിലിറങ്ങി.

2022 യൂറോപ്യൻ മാസ്റ്റർ കളിക്കാൻ സ്പെയിനിലേക്ക് തിരിച്ചതാണ് ഷാനവാസിന്‍റെ ഹോക്കി യാത്രയിലെ മറ്റൊരു നാഴികക്കല്ല്. യു.കെയിലെ ക്ലബ്ബ് അവരുടെ പേഴ്സണൽ ഗോൾകീപ്പറായി ക്ഷണിക്കുകയായിരുന്നു. ബെൽജിയം, ജർമ്മനി, ഹോളണ്ട്, പോർച്ചുഗൽ തുടങ്ങിയ ടീമുകളുമായി ഏറ്റുമുട്ടി സെമിഫൈനലിൽ പരാജയപ്പെട്ടു. എന്നാൽ, ലൂസേഴ്സ് ഫൈനലിൽ ബെൽജിയത്തിനെ മറികടന്ന് മൂന്നാം സ്ഥാനം നേടി. ഈ വർഷം ഒക്ടോബറിൽ ക്രൊയേഷ്യൻ ദേശീയ ടീമിനെതിരെ പാക്കിസ്ഥാന്‍റെ ഒരു ടീമിനു വേണ്ടി അവിസ്മരണീയമായ പോരാട്ടം നടത്തി.

ഹൈദരാബാദിൽ നടക്കുന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ടൂർണമെന്‍റിനായുള്ള ഒരുക്കത്തിലാണ് ഷാനവാസ്. മകൻ അമർ നവാസും മകൾ ഗസലും കായിക മേഖലകളിൽ നിറസാന്നിധ്യമാണ്. ദുബൈ മലയാളികൾക്കിടയിൽ തന്‍റേതായ ശൈലിയും ഭാവനയും ഉപയോഗിച്ച് റീൽസുകൾ സൃഷ്ടിക്കുന്നതിൽ മിടുക്കിയാണ് കുഞ്ഞു ഗസൽ.

25 വർഷമായി ദുബൈ ലാക്നോറിൽ സെയിൽസ് ഹെഡ് ആയി സേവനമനുഷ്ഠിച്ചു വരികയാണ് ഷാനവാസ്. സർവ്വ കരുത്തും സാമീപ്യവുമായി പ്രിയതമ ബേനസീർ ഷാനവാസിനൊപ്പം തന്നെയുണ്ട്. കളിയോടൊപ്പം കാര്യമായ യാത്രയും ഇരുവർക്കും പ്രധാനപ്പെട്ടതാണ്.

Tags:    
News Summary - The Guard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.