​സൈലന്റ് കില്ലർ

പയ്യനാട്ടെ പോർക്കളത്തിൽ കലാശക്കളി പെയ്തുതീരുമ്പോൾ കൽപറ്റക്കടുത്ത മുണ്ടേരിയിലെ പുറമ്പോക്കുഭൂമിയിൽ രണ്ടേമുക്കാൽ സെന്റിലുള്ള പേങ്ങാടൻ വീട്ടിൽ സന്തോഷത്തിന്റെ പ്രളയമായിരുന്നു. മഴ കനക്കുമ്പോൾ തൊട്ടടുത്ത തോട്ടിൽനിന്ന് വെള്ളം കയറി സർവതും ഒലിച്ചുപോവുമെന്ന് വർഷാവർഷം ആശങ്കപ്പെടുന്ന കുഞ്ഞിപ്പാത്തുവെന്ന വയോധികയുടെ ഉള്ളിൽ അന്നേരം ആഹ്ലാദം ചിറകെട്ടിനിന്നു. കുഞ്ഞിപ്പാത്തുവിന്റെ മകൾ ഫാത്തിമ, പന്തുരുണ്ട നാൾമുതൽ തുടങ്ങിയ പ്രാർഥനകളാണ് പെനാൽറ്റി ഷൂട്ടൗട്ടിന്റെ നൂൽപാലത്തിൽ കേരളത്തിന്റെ അവസാന കിക്കിനൊപ്പം ഗോൾവലയിൽതൊട്ടുനിന്നത്. അപ്പോൾ പയ്യനാട്ടെ പച്ചപ്പുൽമൈതാനിയിൽ ഫാത്തിമയുടെ രണ്ടാമത്തെ മകൻ മുഹമ്മദ് റാഷിദ് ത്യാഗനിർഭരമായ തന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന് സർവശക്തന് നന്ദിപറഞ്ഞ് സാഷ്ടാംഗം നമസ്കരിക്കുകയായിരുന്നു. മക്കൾ നേട്ടങ്ങളുടെ ഗോൾവര കടക്കാൻ ആറ്റുനോറ്റിരുന്ന ഒരു കുടുംബത്തിന്റെ പന്തുകൊണ്ടുള്ള നേർച്ച കൂടിയായിരുന്നു അത്. കഷ്ടപ്പാടുകളുടെ ഫൗൾ േപ്ലകളെ വെട്ടിയൊഴിഞ്ഞുകയറാൻ കാറ്റുനിറച്ച തുകൽപന്തിനെ സാക്ഷിയാക്കി പുലർത്തിയ വിശ്വാസങ്ങളുടെയും പ്രാർഥനകളുടെയും സാക്ഷാത്കാരം.

എല്ലാറ്റിലുമുപരി ഒരൊറ്റ ലക്ഷ്യത്തിലേക്കുമാത്രം കണ്ണയച്ച്, എത്തിപ്പിടിക്കാനാവുമെന്നുറപ്പുള്ള മറ്റൊരുപാടാഗ്രഹങ്ങളെ കളത്തിനുപുറത്ത് കെട്ടിയിട്ട്, പന്തിനൊപ്പം കുതിക്കാൻ വെമ്പുന്ന പാദങ്ങളെ അത്രമേൽ വേദനയോടെ പിന്നോട്ടുവലിച്ച് റാഷിദ് നടത്തിയ ത്യാഗത്തിന്റെ കഥകൂടിയാണിത്. മധ്യനിരയിലെ മുന്നേറ്റങ്ങളെപ്പോലെ ജീവിതം കരുപ്പിടിപ്പിക്കാൻ മോഹിച്ചുപോയ ഒരു മിഡ്ഫീൽഡറുടെ കേവലമൊരു 'ചൂതാട്ട'ത്തിലേക്ക് ചുരുക്കാനാവാത്ത ലക്ഷണമൊത്തൊരു ത്രൂപാസ്. അത് കൃത്യമാവുകയും സന്തോഷം പുലരുകയും ചെയ്യുന്ന അതിശയക്കാഴ്ചകൾക്കപ്പുറത്ത്, ഇനി അധികാരികളുടെ വിസിൽ മുഴങ്ങേണ്ടത് റാഷിദിന്റെ ആഗ്രഹങ്ങൾക്കൊത്തുകൂടിയാണ്.


*****

ഇക്കുറി മലപ്പുറം വേദിയൊരുക്കിയ സന്തോഷ് ട്രോഫി ഫുട്ബാളിൽ റാഷിദെന്ന വയനാട്ടുകാരൻ കളിക്കാനിറങ്ങിയത് രണ്ടു ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്. ഒന്ന്, കേരളത്തിനുവേണ്ടി ഒരിക്കലെങ്കിലും സന്തോഷ് ട്രോഫിയുടെ പകിട്ടാർന്ന വേദിയിൽ ജഴ്സിയണിഞ്ഞിറങ്ങുക. രണ്ട്, കേരളം ചാമ്പ്യന്മാരായാൽ ടീമംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന നിറവാർന്ന പ്രതീക്ഷകൾ.

ഒരു ജോലി നേടി കുടുംബത്തിന് അത്താണിയാവാനുള്ള ആഗ്രഹത്തിൽ ആ 28കാരൻ വേണ്ടെന്നുവെച്ചത് ഒരു സീസൺ മുഴുക്കെ ഐലീഗ് ഫുട്ബാളിന്റെ വീറുറ്റ പോർനിലങ്ങളിൽ നിലവിലെ ചാമ്പ്യൻ ക്ലബായ ഗോകുലം കേരള എഫ്.സിയുടെ മധ്യനിരയിൽ നിറഞ്ഞുകളിക്കാനുള്ള അവസരമാണ്. വലിയൊരു പോരാട്ടവേദിയിൽനിന്ന് ഒരു സീസൺ മുഴുവൻ കരക്കിരിക്കാൻ ഉജ്ജ്വല ഫോമിലുള്ള ഒരു കളിക്കാരൻ തീരുമാനിക്കുന്നുവെങ്കിൽ, ആ ത്യാഗത്താൽ അയാൾ നേടാൻ കൊതിക്കുന്നതിന് അത്രമേൽ വിലയുണ്ടാകണം. ഇഷ്ടങ്ങളങ്ങനെ നമുക്കുമേൽ പെയ്തുനിറയുന്ന സമയത്ത്, കരുത്തോടെ നിറഞ്ഞുനിൽക്കുന്നതിനിടെ എല്ലാം ഉപേക്ഷിച്ച് തിരികെക്കയറാൻ തീരുമാനിക്കുന്നവന്റെ മാനസിക വ്യാപാരമെന്താവും?

പക്ഷേ, റാഷിദിനത് അനിവാര്യമായിരുന്നു. ഒരുപക്ഷേ, പടക്കിറങ്ങിയ സംഘത്തിൽ മറ്റാരേക്കാളും. ഭാഗ്യനിർഭാഗ്യങ്ങളുടെ മറ്റൊരു കുമ്മായവരക്കുള്ളിൽ തന്റെ ജീവിതലക്ഷ്യത്തിലേക്ക് വല കുലുങ്ങുമെന്ന ആത്മവിശ്വാസം മാത്രമായിരുന്നു അവന്റെ കൈമുതൽ.

ഒരു ജോലി വേണം, വീടും

കുഞ്ഞുന്നാൾ മുതൽ കഷ്ടപ്പാടുകളുടെ ഓഫ്സൈഡ് ട്രാപ്പിൽ തളച്ചിടപ്പെട്ടുപോയ കുടുംബത്തിനുമുന്നിൽ പ്രാരബ്ധങ്ങളൊരുക്കിയ കത്രികപ്പൂട്ടുകൾ പൊട്ടിച്ചുകയറാൻ റാഷിദിനൊരു സ്ഥിരജോലി വേണം. സ്വന്തമായി സ്ഥലവും വീടുമൊന്നുമില്ലാത്ത കുടുംബത്തിനുവേണ്ടി അവനൊരു വീട് പണിയണം. വല്യുമ്മ കുഞ്ഞിപ്പാത്തുമ്മയുടെ പേരിലുള്ള തറവാട്ടുവീട്ടിലാണിപ്പോൾ ഫാത്തിമയും മക്കളായ റഫീഖും റാഷിദും കഴിയുന്നത്. തലചായ്ക്കാൻ കൂരപോലുമില്ലാത്ത പരിമിതികളുടെ പെനാൽറ്റിബോക്സിൽനിന്നൊന്ന് കുതറിത്തെറിക്കണം. ആഗ്രഹങ്ങൾക്കൊപ്പം മുന്നേറിക്കളിക്കണമെന്ന് തോന്നിയപ്പോഴാണ്, ഐ ലീഗോ സന്തോഷ് ട്രോഫിയോ എന്ന അതീവശ്രമകരമായ തിരഞ്ഞെടുപ്പിൽ, അവൻ സന്തോഷ് ട്രോഫിക്കൊപ്പം നിലയുറപ്പിച്ചത്. ഗോകുലത്തിനൊപ്പം ഐ ലീഗ് കളിച്ചാൽ ലഭിക്കുമായിരുന്ന പ്രതിഫലത്തുക ജീവിതസാഹചര്യങ്ങളിൽ പ്രധാനമായിരിക്കേ, അതുപോലും ത്യജിച്ചാണ് സന്തോഷ് ട്രോഫി തിരഞ്ഞെടുത്തത്.

സീസണിന്റെ തുടക്കത്തിൽ ഐ.എസ്.എൽ ടീമുകൾക്കെതിരെ ഗോവയിൽ സന്നാഹമത്സരങ്ങളിൽ കളിക്കുമ്പോഴാണ് 'ഇക്കുറി സന്തോഷ് ട്രോഫി കളിക്കുന്നുണ്ടോ? എന്ന കോച്ച് ബിനോ ജോർജിന്റെ ചോദ്യമെത്തുന്നത്. അനുകൂലമായി സമ്മതം മൂളി കേരളത്തിനൊപ്പം ചേർന്നതോടെ ഐ ലീഗിൽ റാഷിദിന് രജിസ്റ്റർ ചെയ്യാൻ പറ്റുമായിരുന്നില്ല. പരിഷ്കരിക്കപ്പെട്ട മാനദണ്ഡങ്ങളനുസരിച്ച് ഐ.എസ്.എല്ലിലും ഐ ലീഗിലും കളിക്കുന്ന താരങ്ങൾക്ക് സന്തോഷ് ട്രോഫി 'വിലക്കപ്പെട്ട കനി' ആണ്. താരത്തിന്റെ ആവശ്യവും ജോലിയെന്ന ലക്ഷ്യവും പരിഗണിച്ച് ഗോകുലം മാനേജ്മെന്റും ഒരു സീസൺ വിട്ടുനിൽക്കാൻ സമ്മതം മൂളുകയായിരുന്നു.

പകരക്കാരനില്ലാത്ത താരം

കരിയറിന്റെ ആദ്യത്തിൽ അറ്റാക്കിങ് മിഡ്ഫീൽഡറായാണ് റാഷിദിന്റെ തുടക്കം. ലയണൽ മെസ്സിയെ പ്രണയിക്കുന്നവന് ഗോളുകളല്ലാതെന്ത് പ്രചോദനം? മുന്നേറ്റനിരയിലേക്ക് നിരന്തരം പന്തെത്തിച്ചും എതിരാളികളുടെ നിയന്ത്രണഭൂമിയിലേക്ക് കടന്നുകയറി നിറയൊഴിച്ചും റാഷിദ് ആഗ്രഹങ്ങൾക്കൊപ്പം വല ചലിപ്പിച്ചുകൊണ്ടിരുന്നു. 2013-14ൽ അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാളിന്റെ കിരീടപ്പോരാട്ടം കാലിക്കറ്റും എം.ജിയും തമ്മിലായിരുന്നു. കോതമംഗലം എം.എ കോളജിലെ ബിരുദവിദ്യാർഥിയായ റാഷിദ് അണിനിരക്കുന്ന എം.ജിയുടെ പരിശീലകൻ ബിനോ ജോർജ്. മധ്യനിരയുടെ കടിഞ്ഞാൺ ബിനോ ഏൽപിച്ചത് റാഷിദിനെ. അന്ന് ഫൈനലിൽ എം.ജി പൊരുതി കീഴടങ്ങിയെങ്കിലും ഇന്ത്യയിലെ മുഴുവൻ സർവകലാശാലകളും മാറ്റുരച്ച ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി തിരഞ്ഞെടുക്കപ്പെട്ടത് റാഷിദായിരുന്നു.


ഈ സന്തോഷ് ട്രോഫിയിൽ ഒരു മിനിറ്റുപോലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടാതെ, മുഴുവൻ മത്സരങ്ങളിലും സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടംപിടിച്ച റാഷിദ് കോച്ച് ബിനോ ജോർജിന്റെ വജ്രായുധമായിരുന്നു. പഴയ അറ്റാക്കിങ് മിഡ്ഫീൽഡറിൽനിന്ന് ഒന്നാന്തരമൊരു ഡിഫൻസിവ് മിഡ്ഫീൽഡറുടെ റോളിലേക്കുള്ള വേഷപ്പകർച്ച കൂടിയായിരുന്നു റാഷിദിന് ഈ സന്തോഷ് ട്രോഫി.

ബിനോയുടെ 'സൈലന്റ് കില്ലർ'

മുന്നേറ്റങ്ങളിലേക്ക് കളംനിറയുന്നതിനൊപ്പം മൈതാനമധ്യത്ത് എതിരാളികളുടെ കരുനീക്കങ്ങളുടെ മുനയൊടിക്കുകയെന്നതായിരുന്നു കോച്ച് 'സൈലന്റ് കില്ലർ' എന്ന് വിശേഷിപ്പിക്കുന്ന റാഷിദിനെ ഏൽപിച്ച പ്രധാനദൗത്യം. 25 ശതമാനം മാത്രം ആക്രമണങ്ങളിലേക്ക് ശ്രദ്ധയൂന്നിയ റാഷിദിന്റെ 75 ശതമാനം ഊർജവും മിഡ്ഫീൽഡിലെ പ്രതിരോധതന്ത്രങ്ങളുടേതായി. റാഷിദിന്റെ ഭാഷയിൽ പറഞ്ഞാൽ 'മെസ്സിയെപ്പോലെ കളിക്കാൻ കൊതിച്ചയാൾക്ക് സെർജിയോ ബുസ്ക്വെറ്റ്സിന്റെ റോൾ'. പരിശീലകൻ ഏൽപിച്ച ആ ദൗത്യം, മിഡ്ഫീൽഡറിൽനിന്ന് എണ്ണംപറഞ്ഞ സെൻട്രൽ ഡിഫൻഡറായി സ്വയം പരിവർത്തിപ്പിച്ച യാവിയർ മഷറാനോയെപ്പോലെ റാഷിദ് അതിന്റെ പൂർണാർഥത്തിൽതന്നെ ഏറ്റെടുത്തു.

'ഒരു സൈലന്റ് കില്ലറുണ്ടായിരുന്നു നമ്മുടെ ടീമിൽ. ആരും അദ്ദേഹത്തെ ശ്രദ്ധിച്ചിട്ടില്ല. ഡിഫൻസിവ് മിഡ്ഫീൽഡർ മുഹമ്മദ് റാഷിദ്. ഈ ടൂർണമെന്റിലുടനീളം ഔട്സ്റ്റാൻഡിങ് പെർഫോർമൻസാണ് ആ കളിക്കാരൻ കാഴ്ചവെച്ചത്. ഡിഫൻസിനെയും ഗോളടിക്കുന്ന സ്ട്രൈക്കർമാരെയും ശ്രദ്ധിക്കുന്നതിനിടയിൽ ആരുമദ്ദേഹത്തെ കണക്കിലെടുത്തിട്ടുണ്ടാകില്ല. പക്ഷേ, ഞങ്ങളുടെ ശക്തനായ പോരാളിയായായിരുന്നു അവൻ. ഗോകുലം ഐലീഗ് ചാമ്പ്യന്മാരാകുമ്പോൾ ഗോകുലത്തിന്റെ പ്രധാന തുറുപ്പുചീട്ട് അവനായിരുന്നു.' -കേരളം കപ്പുയർത്തിയശേഷം കോച്ച് ബിനോ ജോർജ് പറഞ്ഞ ഈ വാക്കുകളിൽ എല്ലാമുണ്ട്.


ഗോകുലത്തിൽ ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്ന രീതികളിൽനിന്ന് മാറി സന്തോഷ് ട്രോഫിയിൽ ഡിഫൻസിവ് സ്ട്രാറ്റജികളിലേക്ക് പാദമൂന്നിയപ്പോൾ 'നീ ഗോളടിക്കാത്തതെന്താ?' എന്ന ചോദ്യമാണ് ഏറ്റവും കൂടുതൽ കേട്ടതെന്ന് റാഷിദ് പറയുന്നു. കളിക്കാരനായ, കളിയറിയുന്ന ജ്യേഷ്ഠൻ മുഹമ്മദ് റഫീഖ് പോലും ആ ചോദ്യമുന്നയിച്ചതോടെ വല്ലാതായെന്നും റാഷിദ്.

ജ്യേഷ്ഠന്റെ വഴിയേ...

വയനാട് ജില്ല ക്യാപ്റ്റനായിരുന്ന റഫീഖിന്റെ കാൽപാടുകൾ പിന്തുടർന്നാണ് റാഷിദ് കളിക്കളത്തിലെത്തുന്നത്. കോച്ച് ജി.എസ്. ബൈജുവാണ് റാഷിദിലെ പ്രതിഭയെ തേച്ചുമിനുക്കിയത്. സർവകലാശാലാതലത്തിൽ തിളങ്ങിയശേഷം ഗോകുലം നിരയിൽ. ഗോകുലത്തിന്റെ പിറവി മുതൽ മധ്യനിരയിലെ നിർണായകതാരമാണ്.

സന്തോഷ് ട്രോഫിക്കുശേഷം ചില ഐ.എസ്.എൽ ടീമുകൾ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ, ഗോകുലത്തെ പിരിയുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് റാഷിദ്. കരിയറിൽ എനിക്കേറെ തുണനിന്നവരാണവർ. ഐ ലീഗിൽനിന്ന് വിട്ടുനിന്ന് സന്തോഷ് ട്രോഫി കളിക്കാൻ അവർ അനുവദിച്ചതുകൊണ്ടാണ് ഇന്നീ സന്തോഷങ്ങൾക്ക് നടുവിൽ നിൽക്കാൻ കഴിയുന്നത്. ഒരു സീസൺ കൂടി ഗോകുലം ഐ ലീഗ് ചാമ്പ്യന്മാരായാൽ ഗോകുലത്തിനുവേണ്ടിത്തന്നെ ഐ ലീഗിന്റെ കളത്തിലിറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ 'സൈലന്റ് കില്ലർ'.

l

Tags:    
News Summary - Story of kerala mid fielder muhammed rashid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.