ഒ​ഡി​ഷ ടീം ​ഹോ​ട്ട​ലി​ന് സ​മീ​പ​ത്തെ കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബാ​ൾ സ​മ്മാ​നി​ക്കു​ന്നു

സന്തോഷ് ട്രോഫി ബാക്കിവെച്ച നന്മയുടെ ഓർമക്കൂട്ടുകൾ

മലപ്പുറം: 17 ദിവസം നീണ്ട സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് കേരളത്തിന്‍റെ കിരീടധാരണത്തോടെ അവസാന വിസിലൂതിയിരിക്കുന്നു. ഒമ്പത് സംസ്ഥാനങ്ങളും സൈനിക സംഘമായ സർവിസസും മത്സരിച്ചു. മലപ്പുറത്തെ സംബന്ധിച്ച് എല്ലാം പുതിയ അനുഭവങ്ങളായിരുന്നു. ഇത്രയും വലിയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ജില്ല ആതിഥ്യമരുളുന്നത് ഇതാദ്യം. പയ്യനാട് സ്റ്റേഡിയത്തിലെ ഗാലറികൾ ജനക്കൂട്ടത്തെ ഉൾക്കൊള്ളാനാവാതെ വീർപ്പുമുട്ടി. പൂരം കൊടിയിറങ്ങിയപ്പോൾ ബാക്കിയായത് നന്മയുടെ ഓർമക്കൂട്ടുകൾ.

ഫുട്ബാളിനും സ്നേഹത്തിനും ഭാഷയില്ല

മലപ്പുറം ആലത്തൂർപടിയിലാണ് ഒഡിഷ ടീം താമസിച്ചിരുന്നത്. പരിസരത്തെ കുട്ടികൾ എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഇവിടെയെത്തിയിരുന്നു. ഫുട്ബാളിനും സ്നേഹത്തിനും ഭാഷയില്ലാത്തതിനാൽ ആശയവിനിമയത്തിന് ഒരു തടസ്സവുമുണ്ടായില്ല. രാത്രി പള്ളിയിൽ തറാവീഹ് നമസ്കാരത്തിന് കോച്ച് സലീം അക്ബർ പത്താൻ വരുമ്പോൾ കുട്ടികൾ അദ്ദേഹവുമായി കൂട്ടുകൂടും. ഇടക്ക് ഫോൺ നമ്പറും കൈമാറി. ഒഡിഷ ടീം സെമിഫൈനലിലെത്താതെ പുറത്തായ ശേഷം പത്താന് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. തുടർന്ന് അദ്ദേഹം സഹപരിശീലകനെ വിളിക്കുകയും കുട്ടികൾക്കൊരു സമ്മാനം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സഹപരിശീലകൻ എസ്.കെ. മൻസൂർ, ഗോൾ കീപ്പർ കോച്ച് ഗോതം, താരങ്ങളായ ചിന്മയ്, അഭിഷേക് എന്നിവർ കോച്ചിന്‍റെ ആഗ്രഹം നിറവേറ്റി. ഓർക്കാപ്പുറത്തൊരു സ്നേഹസമ്മാനം കിട്ടിയ സന്തോഷത്തിൽ കുട്ടികളും.

മിതവ്യയത്തിന്‍റെ ജീവാംശങ്ങൾ

അച്ചടക്കത്തിൽ മണിപ്പൂർ ടീമിനെ വെല്ലാൻ ആരുമുണ്ടായില്ല. കളത്തിന് പുറത്ത് പ്രത്യേകിച്ചും. ഭക്ഷണവും വെള്ളവും പാഴാക്കാതിരിക്കുന്നതിൽ ഇവർ കാണിച്ച ജാഗ്രത അനുഭവസ്ഥരെ അത്ഭുതപ്പെടുത്തി. ഗ്രൗണ്ടിലേക്ക് വന്നാൽ വൃത്തിയിൽ അവർ പ്രത്യേകം താൽപര്യം കാണിച്ചു. ചെറിയ കടലാസ് കഷണംപോലും എടുത്തുകളയും. മടങ്ങുമ്പോഴും മൈതാനം കഴിയുന്ന രീതിയിൽ വൃത്തിയാക്കുന്ന താരങ്ങൾ. കുപ്പിവെള്ളം പകുതിയോ മുക്കാലോ കുടിച്ച് ഒഴിവാക്കുന്നവരാണ് മിക്കവരും. എന്നാൽ, മണിപ്പൂരി താരങ്ങൾ വ്യത്യസ്തരായിരുന്നു. ബാക്കി വന്ന വെള്ളം ആര് കുടിച്ചതായാലും എല്ലാം ഒറ്റ കുപ്പിയിലേക്ക് ശേഖരിക്കും. മറ്റു കുപ്പികളും പെറുക്കിയെടുത്താണ് ഇവർ ഗ്രൗണ്ട് വിടാറ്. 


Tags:    
News Summary - Memories of the goodness left by the Santosh Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.