ഉമ്രി (എം. സുരേഷ് കുമാർ)

നോവായി ഉമ്രി

കേരള ക്രിക്കറ്റിൽ ഗോഡ്ഫാദർമാരില്ലാത്ത കാലത്ത് ആദ്യമായി ദേശീയ ടീമിലിടം പിടിച്ച മലയാളി താരമായിരുന്നു ഉമ്രി എന്ന ആലപ്പുഴക്കാരൻ എം.സുരേഷ് കുമാർ. ഒന്നര പതിറ്റാണ്ട് കാലം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങു വാണിട്ടും കളിയുടെ മേച്ചിൽപ്പുറങ്ങളിൽ നിന്ന് മാറി റെയിൽവേയിലെ ഔദ്യോഗിക വേഷത്തിൽ അഭിരമിച്ച ഉമ്രി എന്നും ഒരു അത്ഭുതമായിരുന്നു. അധികദൂരമില്ലാത്ത ഒരു കൂടിക്കാഴ്ചയിൽ കേരളത്തിൻ്റെ രഞ്ജി ട്രോഫി വിജയനേട്ടങ്ങളുടെ സുവർണദിനങ്ങൾ പകുത്തെടുക്കുമ്പോഴും വെറ്ററൻസ് മൽസരങ്ങളിൽ മാത്രമൊതുങ്ങി ഉമ്രി ഒതുങ്ങി കൂടുകയാണല്ലോ എന്ന ചിന്ത അലോസരപ്പെടുത്തുന്നതായിരുന്നു.

ജീവിതത്തിൻ്റെ പാതി വഴിയിൽ സ്വയം വിരമിക്കാൻ തീരുമാനിച്ച് മറ്റൊരു ലോകത്തേക്ക് യാത്രയാകുമ്പോൾ കേരള ക്രിക്കറ്റിനെ പ്രണയിച്ചവർക്ക് നോവായി പടരു കയാണ്. ആ ജീവിതം.കളിക്കളത്തിൽ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പാതി വഴിയിൽ നിലച്ച ഒരിന്നിങ്ങ്സ് പോലെ ജീവിതത്തിൽ നിന്നും യാത്രയായിരിക്കുന്നു ഉമ്രി.

അണ്ടർ-16, അണ്ടർ-19 തലത്തിൽ മികവ് കാട്ടി സാക്ഷാൽ രാഹുൽ ദ്രാവിഡിൻ്റെ നായകത്വത്തിലുള്ള ദേശീയ ടീമിലിടം പിടിച്ച പ്പോൾ പോലും വാഴ്ത്തുപ്പാട്ടുകാരാൽ ആഘോഷിക്കപ്പെടാതെ പോയ താരമാണ് ഉമ്രി. അന്ന് ന്യൂസിലാൻ്റിനെതിരായ രാജ്യാന്തര പരമ്പരയിൽ ഈ ഇടം കൈയ്യൻ സ്പിന്നർ പന്തെറിഞ്ഞത് സ്റ്റീഫൻ ഫ്ലെമിങ്ങിനെതിരെയായിരുന്നു. ബാറ്റ് കൊണ്ട് നേരിട്ടത് ഡിയോൺ നാഷിനെ പോലെയുള്ളവരെയും.

നന്നേ ചെറുപ്പത്തിലെ അന്താരാഷ്ട്ര മൽസര പരിചയമാർജിച്ച ഉമ്രി കേരളത്തിൻ്റെ രഞ്ജി ടീമിലെത്താനും ഏറെ വൈകിയില്ല .തൊണ്ണൂറുകളുടെ ആദ്യം തന്നെ ടീമിലെത്തി. പിന്നീടങ്ങോട്ട് ഒരു വ്യാഴവട്ടക്കാലത്തിലേറെ കേരള ക്രിക്കറ്റിൻ്റെ അവിഭാജ്യ ഘടകമായിരുന്നു ഈ സൗമ്യ ശീലക്കാരൻ.സഹകളിക്കാരുടെ ആ വിളിപ്പേരിൽ പോലുമുണ്ട് സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും അടയാളപ്പെടുത്തലുകൾ .


കേരള ക്രിക്കറ്റിൻ്റെ വഴിത്തിരിവ് ഘട്ടത്തിലാണ് ഉമി, അനന്തപത്മനാഭനൊപ്പം കേരളത്തിൻ്റെ സ്പിൻ ആക്രമണത്തിൻ്റെ കുന്തമുനയായത്. ഒപ്പം തമിഴ് നാട്ടുകാരനായ ഒഫ് സ്പിന്നർ ബി.രാം പ്രകാശും ചേർന്നപ്പോൾ ദക്ഷിണമേഖലയിലെ ക്രിക്കറ്റ് വമ്പന്മാർക്ക് കേരളം ഒരു ഭീഷണിയായി തുടങ്ങി. അബ്ദുൽ ജബ്ബാറിൻ്റെയും സത്യേന്ദ്രൻ്റെ ശിക്ഷണത്തിൽ കേരള രഞ്ജി ടീമിന് രൂപ പരിണാമങ്ങൾ സംഭവിക്കുമ്പോൾ അവക്കത്രയും ചുക്കാൻ പിടിച്ചത് ഈ സ്പിൻ ത്രയ മാ യി രു ന്നു.

ചരിത്രത്തിലാദ്യമായി കേരളം തമിഴ്നാടിനെ തോൽപിച്ച് നോക്കൗട്ട് റൗണ്ടിനർഹത നേടിയ വിജയത്തിൽ മുഖ്യപങ്ക് വഹിച്ചത് ഉമ്രിയെന്ന സുരേഷ് കുമാറായിരുന്നു.

പ്രതിഭയുണ്ടായിട്ടും അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയതാരമാണ് ഉമ്രി. പരമ്പരാഗത സ്പിൻ രീതികളിൽ നിന്ന് ആം ബാൾ കൊണ്ട് എതിർ ബാറ്റ്സ്മാന്മാരെ ചെറുപ്പം മുതലേ വിസ്മയിപ്പിച്ച താരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ സഖ് ലൈൻ മുഷ്താഖും ഹർഭജനും വികസിപ്പിച്ചെടുത്ത ദൂസരയുടെ ആദ്യരൂപം. കുത്തി തിരിയുന്ന പന്തുകളിലൂടെയും ഫ്ലൈറ്റ് വാരിയേഷനുകളിലൂടെയും പ്രതിരോധം പിളർക്കുന്ന സ്പിന്നർമാർക്കിടയിൽ ഉമ്രിയുടെ ആംബാൾ പരീക്ഷണം വേറിട്ട കാഴ്ചയായിരുന്നു.

ഇന്ത്യയുടെ കുപ്പായമിടനായില്ലെങ്കിലും രാജ്യത്തെ അന്നത്തെ മുൻനിര ബാറ്റ്സ്മാന്മാർക്കെല്ലാം ചങ്കിടിപ്പായി മാറിയിരുന്നു. അസ്ഹറുദ്ദീനടക്കം ക്രിക്കറ്റ് വാണ പല മഹാരഥന്മാരുടെയും അടിത്തറയിളക്കിയ വിക്കറ്റുകൾ ഉമിയുടെ നേട്ടങ്ങളുടെ ചെപ്പിലുണ്ട്. ഇന്ത്യയിലെത്തിയ കിവീസിനെതിരെ ഒമ്പത് വിക്കറ്റെടുത്ത ചരിത്രവും ആ ക്രിക്കറ്റ് ജീവിതത്തിലുണ്ട്. അന്ന് ഫ്ലെമിങ്ങും കിഴക്കിൻ്റെ വെനീസിൽ നിന്നും ഉദിച്ചുയർന്ന താരത്തിൻ്റെ ഇരയായിരുന്നു.


ഓർമകളിലെ അറകളിൽ ഉമ്രി എന്നും സൂക്ഷിക്കുന്നതാണ് പല തവണ രാഹുൽ ദ്രാവിഡിൻ്റെ വൻമതിൽ തകർത്ത നേട്ടങ്ങൾ. കുട്ടിക്രിക്കറ്റിൽ അഞ്ചോ ആറോ തവണ തൻ്റെ കുറ്റിപിഴുത ഉമ്രിക്ക് അണ്ടർ-19 ക്രിക്കറ്റിൽ അവസരങ്ങൾ നൽകിയതും ദ്രാവിഡ് തന്നെ. ക്രിക്കറ്റിന് ഭാഷയുടെ അതിരുകളില്ലെന്ന് ഒരിക്കൽ ബ്രാഡ്മാൻ പ്രഭാഷണത്തിൽ ദ്രാവിഡ് ഓർത്തെടുത്ത കളി കൂട്ടുകാരനും ഉമ്രിയായിരുന്നു. അന്ന് തലേ ദിവസം പനിച്ചു കിടന്ന ഉമിയെ പ്രചോദിപ്പിച്ച് ബംഗളുരുവിലെ കളത്തിലിറക്കിയ മൽസരത്തിൽ പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് മറ്റൊരു ചരിത്രമായത്.

ഉമ്രി വെറുമൊരു ബൗളറായിരുന്നില്ല. നിർണായക ഘട്ടങ്ങളിൽ ബാറ്റ് കൊണ്ടും ഇന്ദ്രജാലം കാട്ടിയ ഉമ്രി ഫീൽഡിൽ മിന്നൽ പിണറായിരുന്നു. അവിശ്വസനീയമായ ത്രോകളിലൂടെയും അത്ഭുതപ്പെടുത്തുന്ന ക്യാച്ചുകളിലൂടെയും കളിയിൽ പലപ്പോഴും ഗതിമാറ്റങ്ങൾ സൃഷ്ടിച്ചു. ഒരു ദേവ്ധർ ട്രോഫിയിൽ യുവരാജ് സിങ്, നയൻ മോംഗിയ തുടങ്ങി മുൻനിര താരങ്ങളെ ഫീൽഡിങ് പ്രാഗൽഭ്യത്തിലൂടെ എറിഞ്ഞു വീഴ്ത്തി പിന്നീട് ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാനായ അന്നത്തെ ദക്ഷിണമേഖലാ നായകൻ എം.എസ്.കെ പ്രസാദിൻ്റെ ആദരം പിടിച്ചുപറ്റിയ മുഹൂർത്തങ്ങൾ സുഹൃത്തുക്കൾ എന്നും ഓർത്തെടുക്കാറുണ്ട്.നിർണായകമായ ആ മൽസരം ജയിച്ചു കയറിയ ദക്ഷിണമേഖല അത്തവണ കിരീടവും ചൂടി. കേരളം ഫീൽഡിങ്ങിൽ തീർത്തും ദുർബലമായ പ്രകടനം കാഴ്ചവെക്കുന്ന കാലത്താണ് ഉമ്രി വ്യത്യസ്തനായി നിലകൊണ്ടത്.

കേരള താരത്തിന് ഇന്ത്യൻ ടീമിലൊരിടം അന്യമാണെന്ന് എന്ത് കൊണ്ടോ തോന്നലുളവാക്കിയ കാലത്താണ് ഉമ്രി കളിച്ചു വളർന്നത്.ദേവ്ധർ ട്രോഫിയിലും ദുലീപ് ട്രോഫിയിലും ദക്ഷിണമേഖല ടീമിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടും വേണ്ടത്ര അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന് തന്നെ വേണം പറയാൻ. അന്ന് ഇടങ്കയ്യൻ സ്പിന്നർക്ക് അവസരങ്ങളേറെയായിരുന്നു.പക്ഷെ മലയാളിക്കുണ്ടായിരുന്ന അയിത്തം തുടർന്നു. ഇടക്ക് റെയിൽവേയിൽ കുടിയേറിയപ്പോഴും വിധിയിൽ മാറ്റങ്ങളൊന്നുമുണ്ടായില്ല.

ക്രിക്കറ്റിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും തന്നിലേക്കൊതുങ്ങി കൂടുന്ന പ്രകൃതമായിരുന്നു ഉമ്രിക്ക്. കളിയിൽ നിന്ന് വിരമിച്ചപ്പോഴും തഥൈവ. രഞ്ജി ക്രിക്കറ്റിൽ തൻ്റെ നാലയലത്ത് പോലുമില്ലാതിരുന്ന പലരും കേരള ക്രിക്കറ്റിൽ പല തലങ്ങളിൽ വിരാജിക്കപ്പെട്ടപ്പോൾ അവിടെയൊന്നും ഈ ആലപ്പുഴക്കാരനുണ്ടായിരുന്നില്ല. അജ്ഞാതമായ അക്ഷരത്തെറ്റിനൊടുവിൽ പാതി വഴിയെ ഉമ്രി ജീവിതത്തിൽ നിന്ന് മടങ്ങുമ്പോഴും കൊതിച്ചതെന്തോ കിട്ടാതെ പോയ നിരാശ ആ ആത്മാവിനെ പിന്തുടരുന്നുണ്ടാവണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.