കോഴിക്കോട്: പരസ്പരം പോരടിച്ച സംസ്ഥാന സ്പോർട്സ് കൗൺസിലും കേരള വോളിബാൾ അസോസിയേഷനും വീണ്ടും ചങ്ങാത്തത്തിലേക്ക്. സി.പി.എം നേതാവും കൺസ്യൂമർ ഫെഡ് ചെയർമാനുമായ എം. മെഹബൂബ് മുൻകൈയെടുത്ത് നടത്തിയ ചർച്ചയിലാണ് താൽക്കാലിക പരിഹാരമുണ്ടായത്. ചട്ടങ്ങൾ ലംഘിച്ച് തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ നിശ്ചയിച്ചതിനെ തുടർന്ന് വോളി അസോസിയേഷനെ കൗൺസിൽ പുറത്താക്കിയിരുന്നു. കളിക്കാരെ ബാധിക്കുന്ന തരത്തിൽ പ്രശ്നം വഷളായതോടെയാണ് കൗൺസിലും അസോസിയേഷനും ഒത്തുതീർപ്പിന് തയാറായത്. കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിലാണ് ചർച്ച നടന്നത്.
വോളി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചാർളി ജേക്കബും സെക്രട്ടറി നാലകത്ത് ബഷീറും കേരളത്തിലെ പ്രവർത്തനങ്ങളിൽനിന്ന് ലീവെടുത്ത് മാറിനിൽക്കാൻ ചർച്ചയിൽ വോളി അസോസിയേഷൻ സമ്മതിച്ചു. എന്നാൽ, വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ (വി.എഫ്.ഐ) ഇവർ തുടർന്നും പ്രവർത്തിക്കും. അസോസിയേഷെൻറ നിയമപരമായ കാര്യങ്ങളും നിർവഹിക്കും. പകരം ചുമതല നൽകി നീതിപൂർവകമായ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തീരുമാനിക്കണമെന്ന് കൗൺസിൽ അധികൃതർ നിർദേശിച്ചു. തെരഞ്ഞെടുപ്പ് വരെ കേരളത്തിലെ കളിക്കാരുടെ നന്മ ലക്ഷ്യമിട്ട് അസോസിയേഷെൻറ ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരം നൽകും.
കൗൺസിൽ അംഗീകാരമാകുന്നതോടെ കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭ്യമാകും. സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകളിലെ കുട്ടികൾക്ക് അസോസിയേഷെൻറ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാം. അസോസിയേഷന് കൗൺസിൽ നൽകാനുള്ള തുക നൽകാനും തീരുമാനമായി. ചാമ്പ്യൻഷിപ്പുകളിൽ കൗൺസിലിെൻറ നിരീക്ഷകരെയും അയക്കും. ചർച്ചയിൽ സ്പോർട്സ് കൗൺസിലിനെ പ്രതിനിധാനം ചെയ്ത് പ്രസിഡൻറ് ടി.പി. ദാസനും ഭരണസമിതി അംഗം ഒ.കെ. വിനീഷും പങ്കെടുത്തു. വോളി അസോസിയേഷനുവേണ്ടി പ്രസിഡൻറ് ചാർലി ജേക്കബ്, സെക്രട്ടറി നാലകത്ത് ബഷീർ, ട്രഷറർ സുനിൽ സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻറ് ആർ. ബിജുരാജ്, ജോയൻറ് സെക്രട്ടറി സി. സത്യൻ, ജില്ല സെക്രട്ടറി കെ.കെ. മൊയ്തീൻ കോയ, ജോയൻറ് സെക്രട്ടറി പ്രദീപൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.