കോഴിക്കോട്: ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ തീവണ്ടിപ്പടയിലെ സുപ്രധാന എൻജിനാണ് പ്രിയങ്ക ഖേഡ്കർ എന്ന ലിബറോ. ഇന്ത്യൻ ടീമിൽ എട്ടുവർഷത്തിലേറെയായി സ്ഥിരം സാന്നിധ്യമായ പ്രിയങ്ക, റെയിൽവേയുടെയും തുറുപ്പുശീട്ടാണ്. എതിരാളികളുടെ സ്മാഷുകളും സെർവുകളും പുഷ്പംപോലെ സ്വീകരിക്കുന്ന ഈ 33കാരി പുതുതലമുറയേക്കാൾ ഊർജസ്വലമായാണ് കളംഭരിക്കുന്നത്.
കൂട്ടുകാരികൾക്ക് പ്രോത്സാഹനവും തന്ത്രങ്ങളും പറഞ്ഞ് കൊടുക്കാൻ ലിബറോ എന്ന നിലയിൽ സാധിക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യൻ വോളിബാൾ ഇനിയും ഏറെ മുന്നേറാനുണ്ടെന്നാണ് ഈ താരത്തിെൻറ അഭിപ്രായം. മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിനിയായ പ്രിയങ്ക സർവകലാശാല തലം മുതൽ അറിയപ്പെടുന്ന താരമാണ്. 2002ൽ വിയറ്റ്നാമിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി അന്താരാഷ്ട്ര ജഴ്സിയണിഞ്ഞത്. വിയറ്റ്നാമിൽ നടന്ന ഇൻവിറ്റേഷൻ ടൂർണമെൻറിൽ സീനിയർ ടീമിലും സാന്നിധ്യമറിയിച്ചു. 2010, 2014 ഏഷ്യൻ ഗെയിംസുകൾ, മൂന്ന് ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ എന്നിവയിൽ ഇന്ത്യൻ ടീമിൽ പ്രിയങ്കയുണ്ടായിരുന്നു. 2016ൽ ഗുവാഹതിയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ വോളിബാളിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും അംഗമായി.
സെൻട്രൽ റെയിൽവേയിൽ ഉദ്യോഗസ്ഥയായ ഇവർ കോളജ് പഠന കാലത്ത് കോതമംഗലത്ത് ഇൻറർവാഴ്സിറ്റി മത്സരങ്ങൾക്കാണ് ആദ്യമായി കേരളത്തിലെത്തിയത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ കർണാടകക്കായി കളിക്കാൻ കോഴിക്കോട്ടുണ്ടായിരുന്നു. ഈ നാടിെൻറ വോളിബാൾ പ്രേമം ആവേശമുണർത്തുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. പഴയകാല താരങ്ങളായ അശോക് ഖേഡ്കറിെൻറയും സന്ധ്യയുടെയും മകളാണ് ഈ ലിബറോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.