സന്തോഷ് ട്രോഫി ദക്ഷിണമേഖല മത്സരങ്ങള്‍ക്ക് ജനുവരി അഞ്ചിന് കിക്കോഫ്

കോഴിക്കോട്: ഐ.എസ്.എല്‍ ആവേശം കൊടിയിറങ്ങുംമുമ്പ് കേരളത്തിന് മറ്റൊരു ഫുട്ബാള്‍ വിരുന്നുമായി സന്തോഷ് ട്രോഫി പോരാട്ടമത്തെുന്നു. 71ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ദക്ഷിണമേഖലയില്‍നിന്നുള്ള ടീമുകളെ നിര്‍ണയിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ 2017 ജനുവരി 5 മുതല്‍ 10 വരെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചക്ക് രണ്ടരക്കും വൈകീട്ട് നാലരക്കുമാണ് യോഗ്യതാറൗണ്ടിലെ മത്സരങ്ങള്‍ അരങ്ങേറുക. നേരത്തെ തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ച മത്സരങ്ങള്‍ കെ.എഫ്.എയുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

കേരളം ഉള്‍പ്പെട്ട എ ഗ്രൂപ്പില്‍ കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവയും ബി ഗ്രൂപ്പില്‍ സര്‍വിസസ്, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നീ ടീമുകളാണ് ഏറ്റുമുട്ടുക. ജനുവരി അഞ്ചിന് ഉച്ചക്ക് രണ്ടരക്ക് നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ കേരളം പുതുച്ചേരിയെ നേരിടും. ഒരുദിവസം രണ്ട് മത്സരം വീതം 12 മത്സരങ്ങളാണ് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ടില്‍ അരങ്ങേറുക.

ഗ്രൂപ് ജേതാക്കളാവുന്ന രണ്ട് ടീമുകള്‍ മേഖലയില്‍നിന്ന് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടും. നാല് സോണുകളിലുള്ള രണ്ട് ടീമുകള്‍ വീതമാണ് ടൂര്‍ണമെന്‍റിന്‍െറ രണ്ടാംഘട്ടത്തില്‍ മാറ്റുരക്കുക. കോര്‍പറേഷന്‍ സ്റ്റേഡിയത്തിനുപുറമെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഗ്രൗണ്ടുകളും ദേവഗിരി സെന്‍റ്ജോസഫ്സ് കോളജ് ഗ്രൗണ്ടുമാണ് ടീമുകള്‍ക്ക് പരിശീലനമത്സരത്തിന് ഒരുക്കിയിരിക്കുന്നത്. കേരള ടീമിനെ ഈ മാസം 30ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമെന്ന് കെ.എഫ്.എ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ.ഡി.എഫ്.എ വൈസ് പ്രസിഡന്‍റ് സി. ഉമ്മര്‍, സെക്രട്ടറി പി. ഹരിദാസ്, ട്രഷറര്‍ പി. പ്രിയേഷ്കുമാര്‍, പി. രാജീവ്മേനോന്‍, എം.എ. അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.

നിലവില്‍ സര്‍വിസസാണ് സന്തോഷ് ട്രോഫി ജേതാക്കള്‍. നാഗ്പുരിലാണ് കഴിഞ്ഞവര്‍ഷം ടൂര്‍ണമെന്‍റ് നടന്നത്. അഞ്ചുതവണ സന്തോഷ് ട്രോഫി ജേതാക്കളായ കേരളം എട്ടുതവണ രണ്ടാംസ്ഥാനക്കാരായിട്ടുണ്ട്. 2013ല്‍ മഞ്ചേരിയിലും കൊച്ചിയിലും നടന്ന മത്സരങ്ങളില്‍ കേരളത്തെ തോല്‍പിച്ച് സര്‍വിസസ് ജേതാക്കളായിരുന്നു. നിരവധിതവണ സന്തോഷ്ട്രോഫി മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം 2014ല്‍ ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്കും 2016ല്‍ നാഗ്ജി അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്‍റിനും അണ്ടര്‍ 16 ഐ ലീഗ് ഹോം മത്സരങ്ങള്‍ക്കും വേദിയായിരുന്നു. വി.പി. ഷാജിയുടെ പരിശീലനത്തിലാണ് കേരള ടീം മത്സരത്തിനിറങ്ങുന്നത്.

Tags:    
News Summary - Santosh Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.