മഡ്രിഡ്: സ്പാനിഷ് ലാ ലിഗ സീസൺ ഫിനിഷിങ് േപായൻറിനോടടുക്കവെ, കിരീടപ്പോരാട്ടം ഇഞ്ചോടിഞ്ച്. കഴിഞ്ഞ രാത്രിയിലെ മത്സരത്തിൽ മുൻനിരയിലുള്ള റയൽ മഡ്രിഡും ബാഴ്സലോണയും മികച്ച മാർജിനിൽ ജയിക്കുകയും മൂന്നാം സ്ഥാനത്തേക്ക് അത്ലറ്റികോ മഡ്രിഡ് നിലയുറപ്പിക്കുകയും ചെയ്തതോടെ ശേഷിക്കുന്ന എട്ട് മത്സരങ്ങളും നിർണായകമാവുന്നു. ആദ്യമത്സരത്തിൽ ്ലയണൽ മെസ്സിയുടെ ഇരട്ട ഗോളിൽ ബാഴ്സലോണ 3-0ത്തിന് സെവിയ്യയെ വീഴ്ത്തിയപ്പോൾ, തൊട്ടുപിന്നാലെ ഗ്രൗണ്ടിലിറങ്ങിയ റയൽ മഡ്രിഡ് രണ്ടാം നിരക്കാരുമായി ലെഗാനെസിനെതിരെ 4-2ന് ജയിച്ചു. റയലിനായി അൽവാരോ മൊറാറ്റ ഹാട്രിക് ഗോളുമായി (18,23,48 മിനിറ്റ്) മിന്നിത്തിളങ്ങി. ഇതോടെ, 29 കളിയിൽ റയലിന് 71 പോയൻറും, 30 കളിയിൽ ബാഴ്സക്ക് 69 പോയൻറുമായി. തുടർച്ചയായ അഞ്ചു ജയങ്ങളുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയ അത്ലറ്റികോ മഡ്രിഡിന് 61 പോയൻറായി.
മെസ്സി റീ ലോഡഡ് ഫോമിലും ക്ലാസിലും ഉയിർത്തെഴുന്നേറ്റ ബാഴ്സലോണയാണ് നൂകാംപിലെ കളത്തിലിറങ്ങിയത്. മിന്നുന്ന ഫോമിലുള്ള സെവിയ്യയെ നേരിടാനിറങ്ങിയപ്പോൾ എം.എസ്.എൻ തന്നെ കറ്റാലന്മാരുടെ ആക്രമണമേറ്റെടുത്തു. പ്ലേമേക്കറുടെ റോളിൽ മെസ്സി നിറഞ്ഞു കളിച്ചപ്പോൾ, സുവാരസും നെയ്മറും സെർജിയോ റോബർടോയും ചേർന്ന് മുൻനിരക്ക് വേഗവും നൽകി. ലയണൽ മെസ്സിയുടെ തിരിച്ചുവരവിെൻറ ദിനമായിരുന്നു ഇത്. സസ്പെൻഷൻ കാരണം ബാഴ്സയുടെ കഴിഞ്ഞ മത്സരം നഷ്ടമായതും, അർജൻറീന കുപ്പായത്തിലെ നാലു മത്സരങ്ങളിലെ വിലക്കുമെല്ലാമായതോടെ പ്രതിരോധത്തിലായ മെസ്സിക്ക് ആരാധകരെ പ്രീതിപ്പെടുത്താൻ ഒരു തിരിച്ചുവരവ് അനിവാര്യവുമായിരുന്നു. വിമർശകരുടെ നാവടക്കി തക്കസമയത്ത് തന്നെ സൂപ്പർതാരം ഫോമിലേക്കുയർന്നു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളടിച്ച് ബാഴ്സ വിജയമുറപ്പിച്ചപ്പോൾ രണ്ട് ഗോളും മെസ്സിയുടെ ബൂട്ടിൽ നിന്ന്. 25ാം മിനിറ്റിൽ മെസ്സിയുടെ ക്രോസ് ബോക്സിന് മുന്നിൽ നിന്നും ബൈസിക്കിൾ കിക്കിലൂടെ വലയിലാക്കി സുവാരസ് ബാഴ്സക്ക് ആദ്യഗോൾകുറിച്ചു. അടുത്ത എട്ട് മിനിറ്റിനകമായിരുന്നു മെസ്സിയുടെ രണ്ട് ഗോളുകൾ. 28ാം മിനിറ്റിൽ ഇവാൻ റാകിടിച് എത്തിച്ച പന്തിൽ നിന്നും നെയ്മറും സുവാരസും വഴി മെസ്സിയുടെ ബൂട്ടിൽ നിന്നും ഗോളായി മാറി. 33ാം മിനിറ്റിൽ മൂന്നാം കോർണർകിക്കിലൂടെ പിറന്ന പന്ത് ഗോൾ ബോക്സിനുള്ളിൽ നിന്നും വോളിയിലൂടെ വലയിലേക്ക് നിറച്ച് മെസ്സി ഡബ്ൾ തികച്ചു. സീസണിൽ മെസ്സിയുടെ 43ാം ഗോൾ.
റയലിന് വാം അപ് പിൻനിരയിലുള്ള ലെഗാനെസിനെതിരെ 4-2ന് ജയിച്ചെങ്കിലും വഴങ്ങിയ രണ്ട് ഗോളുകൾക്കുള്ള കാരണം കണ്ടെത്തുകയാവും റയൽ മഡ്രിഡ് കോച്ച് സിനദിൻ സിദാെൻറ മുന്നിലെ വെല്ലുവിളി. വരാനിരിക്കുന്ന കഠിന പോരാട്ടങ്ങൾ മുന്നിൽകണ്ട് സൂപ്പർതാരങ്ങളടക്കം ഒമ്പത് പേരെ മാറ്റി അൽവാരോ മൊറാറ്റക്ക് ആക്രമണ ചുമതല നൽകിയാണ് റയൽ കളത്തിലിറങ്ങിയത്. കാസ്മിറോയും ഹാമിഷ് റോഡ്രിഗസും മൊറാറ്റയുമടക്കമുള്ള മുൻനിര സൂപ്പർതാരങ്ങളുടെ അസാന്നിധ്യം നികത്തിയെങ്കിലും പരിചയ സമ്പന്നമായ പ്രതിരോധത്തിലെ വീഴ്ച പരിഹരിക്കൽ വലിയ വെല്ലുവിളിയാവും. 23 മിനിറ്റിനകം മൂന്ന് ഗോൾ ലീഡുചെയ്ത റയലിനെതിരെ സെർജിയോ റാമോസ്, മാഴ്സലോ, ഡാനിലോ എന്നിവരുടെ പ്രതിരോധ നിരയെ പിളർത്തിയായിരുന്നു ലെഗാനിസ് രണ്ട് ഗോളടിച്ചു കയറ്റിയത്. മൂന്നാഴ്ചക്കകം ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലുമായി ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്, ബയേൺ മ്യൂണിക് എന്നീ വമ്പന്മാരെ നേരിടാനിരിക്കുന്ന റയലിന് ഇൗ പ്രതിരോധ ചോർച്ച പരിഹരിച്ചേ പറ്റു. കളിയുടെ 15ാം മിനിറ്റിൽ അസെൻസിയോയുടെ ക്രോസിലൂടെ റോഡ്രിഗസാണ് ആദ്യ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.