ഫുട്ബോൾ ലോകം ഇനി എംബാപ്പെക്ക് ചുറ്റും

2018 ഫിഫ ലോകകപ്പിൻ്റെ സമ്മാനദാനച്ചടങ്ങ്.മികച്ച യുവതാരത്തിനുള്ള അവാർഡിൻ്റെ സമയമാണ്.ഒരു ചെറുചിരിയോടെ ഫ്രാൻസിൻ്റെ ടീനേജർ മുന്നോട്ടുവന്ന് ട്രോഫി സ്വീകരിച്ചു.ഫ്രഞ്ച് പ്രസിഡൻ്റ് ആ തലയിൽ ചുംബിച്ചു.ക്രൊയേഷ്യൻ പ്രസിഡൻ്റ് അയാളെ ആശ്ലേഷിച്ചു.ലുഷ്നിക്കി സ്റ്റേഡിയത്തിലാകെ അയാളുടെ പേര് മുഴങ്ങിക്കേട്ടു.ലോകം ആദരവോടെ ഉരുവിട്ടു-''എംബാപ്പെ ; കൈലിയൻ എംബാപ്പെ....! ''

ലോകകപ്പ് കഴിഞ്ഞു.ക്രൊയേഷ്യ നമ്മുടെ ഹൃദയങ്ങളെ ജയിച്ചു.മാൻസുക്കിച്ചും പെരിസിച്ചും ഗ്രീസ്മാനും പോഗ്ബയുമെല്ലാം ഒാർമ്മച്ചിത്രങ്ങളായി മാറി.എന്നാൽ മറ്റാരും എന്നെ എംബാപ്പെയെപ്പോലെ ആവേശം കൊള്ളിക്കുന്നില്ല.കേവലം 19 വയസ്സുള്ള കുട്ടിയാണ് അയാൾ.ഈ പ്രായത്തിൽ തന്നെ ലോകകിരീടം ! ഇനിയുള്ള വർഷങ്ങളിൽ എംബാപ്പെ നമ്മളെ എത്രമാത്രം ആനന്ദിപ്പിക്കുമെന്ന് വെറുതെ ഒന്നാലോചിച്ചുനോക്കൂ ! അടുത്ത 15 വർഷം ഫുട്ബോൾ ലോകം എംബാപ്പെയ്ക്ക് ചുറ്റും കറങ്ങുമെന്ന് ഡി ബ്രുയിൻ പറഞ്ഞുവെച്ചത് വെറുതെയല്ല.

ലോകകപ്പ് തുടങ്ങുമ്പോൾ മിക്ക കളിപ്രേമികളും എംബാപ്പെയെ ശ്രദ്ധിച്ചിരുന്നില്ല.ഗ്രീസ്മാൻ-ജിറൂഡ് സഖ്യം ഫ്രാൻസിനുവേണ്ടി ഗോളുകൾ അടിച്ചുകൂട്ടുമെന്നാണ് കരുതപ്പെട്ടിരുന്നത്.അർജൻ്റീനയെ തകർത്ത ബ്രേസിലൂടെ എംബാപ്പെ ലോകത്തിൻ്റെ ശ്രദ്ധ തന്നിലേക്കാകർഷിക്കുക തന്നെയായിരുന്നു.കളിപ്രേമികൾ ആ വേഗം കണ്ട് അമ്പരന്നുപോയി.മണിക്കൂറിൽ 40 കിലോമീറ്ററിനടുത്ത് വേഗത്തിലാണ് എംബാപ്പെ ലയണൽ മെസ്സിയ്ക്കും സംഘത്തിനുമെതിരെ ചീറിപ്പാഞ്ഞത് !


1998ൽ സിദാനും സംഘവും ലോകകപ്പ് ഉയർത്തുമ്പോൾ ജനിച്ചിട്ടുപോലുമില്ലായിരുന്ന ഒരു ബാലനിലാണ് ഇരുപതുവർഷങ്ങൾക്കിപ്പുറം ഫ്രഞ്ച് ജനത വിശ്വാസമർപ്പിച്ചത്.ഗോൾ നേടാതെ രണ്ടു നോക്കൗട്ട് മാച്ചുകൾ കടന്നുപോയെങ്കിലും ഫൈനലിൽ എല്ലാവരും ഉറ്റുനോക്കിയത് എംബാപ്പെയെ തന്നെയായിരുന്നു.ഫൈനലിലെത്തിയപ്പോൾ തന്നെ ഫ്രാൻസിൽ ആഘോഷം തുടങ്ങിയിരുന്നു.ഒരു ടീനേജറായ എംബാപ്പെയ്ക്ക് എത്ര മാത്രം സമ്മർദ്ദമുണ്ടായിട്ടുണ്ടാവും!? ഫൈനലിൽ കൂടുതൽ കഠിനാദ്ധ്വാനം ചെയ്യുമെന്ന് ലൂക്കാ മോഡ്രിച്ച് പറഞ്ഞു.1998ൽ ഫ്രാൻസിനോടേറ്റ തോൽവിയ്ക്ക് പകരം വീട്ടാനാണ് ശ്രമമെന്ന് റാക്കിട്ടിച്ച് സൂചിപ്പിച്ചു.ക്രൊയേഷ്യയുടെ മിഡ്-ഫീൽഡ് ട്രയാംഗിൾ നീലപ്പടയെ കാത്തിരിക്കുന്നുണ്ടായിരുന്നു.ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിനെ കീഴടക്കാൻ അവർ കച്ചകെട്ടി.ഒന്നും എംബാപ്പെയെ തളർത്തിയില്ല.എല്ലാം മറികടക്കാനുള്ള മരുന്ന് ആ കാലുകളിൽ ഉണ്ടായിരുന്നു.

ഒരു ചിരിയോടെയാണ് എംബാപ്പെ ആരംഭിച്ചതുതന്നെ.അത് ശുഭലക്ഷണമായിരുന്നു.ആദ്യ പകുതിയിൽ അയാൾ നിശബ്ദനായിരുന്നു.രണ്ടുതവണ എംബാപ്പെയിൽ നിന്ന് ക്രോട്ടുകൾ അനായാസം പന്ത് കരസ്ഥമാക്കുകയും ചെയ്തു.പക്ഷേ രണ്ടാം പകുതിയിൽ അയാൾ തനിനിറം കാണിച്ചു.ഒരു യാർഡിൻ്റെ പകുതി നൽകിയപ്പോഴേക്കും എംബാപ്പെ ചീറിപ്പാഞ്ഞ് ക്രൊയേഷ്യൻ ബോക്സിലെത്തി.ഗോൾകീപ്പറുടെ മികവുകൊണ്ട് തത്കാലം ക്രൊയേഷ്യ രക്ഷപ്പെട്ടു.

പോഗ്ബയുടെ ഗോളിൻ്റെ ആരംഭവും എംബാപ്പെയുടെ മുന്നേറ്റത്തിൽനിന്നായിരുന്നു.ഒടുവിൽ അറുപത്തിയഞ്ചാം മിനുട്ടിൽ ആ അനിവാര്യതയും സംഭവിച്ചു.പെലെയ്ക്കു ശേഷം ഫൈനലിൽ ഗോൾ നേടുന്ന ആദ്യ ടീനേജറായി എംബാപ്പെ മാറി ! അതും ബോക്സിനു പുറത്തുനിന്ന് വെടിയുണ്ട പോലെ പായിച്ച ഒരു ഷോട്ടിലൂടെ ! ലോകകപ്പ് ഫൈനലിൻ്റെ സ്റ്റാർട്ടിങ്ങ് ഇലവനിൽ ഇതുവരെ ഉണ്ടായിട്ടുള്ളത് മൂന്നേ മൂന്നു ടീനേജർമാരാണ്.ഇത് മാത്രം മതി എംബാപ്പെയുടെ മഹത്വമറിയാൻ !ലോകത്തെമ്പാടുമുള്ള എത്രയോ കുട്ടികൾക്കാണ് അയാൾ ഇനി മുതൽ പ്രചോദനമാകാൻ പോകുന്നത് ! ഫുട്ബോളിൻ്റെ ഏറ്റവും വലിയ ടൂർണ്ണമെൻ്റിൻ്റെ കലാശപ്പോരാട്ടം കഴിഞ്ഞപ്പോൾ നാലു ഗോളുകളുമായി ഒരു 19കാരൻ തിളങ്ങിനിൽക്കുകയാണ് ! അയാൾ പായിച്ച എട്ടു ഷോട്ടുകളിൽ ഏഴെണ്ണവും കീപ്പർക്ക് നേരെയെത്തി.


സെമിഫൈനലിൽ സമയം പാഴാക്കിയതിന് മഞ്ഞക്കാർഡ് വാങ്ങി എന്ന ഒറ്റ പോരായ്മയേ പറയാനുള്ളൂ.അതാണെങ്കിൽ ടീമിനെ ഏതുവിധേനയും ജയിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗവുമായിരുന്നു.പ്രായം വെച്ച് നോക്കുമ്പോൾ ചുരുങ്ങിയത് മൂന്നു ലോകകപ്പുകളെങ്കിലും എംബാപ്പെ ഇനിയും കളിക്കും.വമ്പൻ ക്ലബ്ബുകൾ അയാളെ ഇപ്പോൾ നോട്ടമിട്ടിട്ടുണ്ടാവും.അടുത്ത രണ്ടു ദശകങ്ങളിൽ നമ്മെ രസിപ്പിക്കാൻ എംബാപ്പെയുണ്ടാവും.

മുൻ ഫ്രഞ്ച് പ്രസിഡൻ്റ് നിക്കോളാസ് സർക്കോസി രാജ്യത്തെ കറുത്ത വർഗ്ഗക്കാരെയും കുടിയേറ്റക്കാരെയും 'മാലിന്യങ്ങൾ' എന്ന് വിശേഷിപ്പിച്ചിരുന്നു.എന്നാൽ ഫ്രാൻസിൻ്റെ ജയമുറപ്പിച്ച ഗോൾ നേടാൻ ജന്മംകൊണ്ട് കാമറൂൺകാരനായ,വെളുത്തവർഗ്ഗ ക്കാരനല്ലാത്ത എംബാപ്പെ തന്നെ വേണ്ടിവന്നു.ഫുട്ബോൾ വെറുമൊരു കളി മാത്രമല്ലാതാകുന്നത് ഇത്തരം നിമിഷങ്ങളിലാണ്.'SAY NO TO RASCISM' എന്ന ഫിഫയുടെ സന്ദേശത്തിന് പൂർണ്ണത നൽകുന്നത് എംബാപ്പെമാരാണ്...

Tags:    
News Summary - fifa worldcup 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.