ഒരു ‘ഗോസ്റ്റിനും’തളക്കാനാവാത്ത വീര്യവുമായാണ് കോസ്റ്ററീക തങ്ങളുടെ അഞ്ചാം ലോകകപ്പിനായി റഷ്യയിലെത്തുന്നത്. യോഗ്യത റൗണ്ടിൽ വെല്ലുവിളികളില്ലാതെ മുന്നേറവെയായിരുന്നു അവസാന മത്സരത്തിൽ ഗോസ്റ്റ് ഗോളിലൂടെ (ഫാൻറം ഗോൾ) പനാമ കോസ്റ്ററീകയെ 2-1ന് തോൽപിച്ചത്. ഗോൾവര കടക്കാത്ത പന്ത് റഫറി ഗോളായി വിധിച്ചതോടെ കോസ്റ്ററീക തോറ്റു. പക്ഷേ, ആ ജയത്തോടെ പനാമ ഹോണ്ടുറസിനെ പിന്തള്ളി നാലാമനായി റഷ്യയിലേക്ക് ടിക്കറ്റുറപ്പിച്ചു.
ബ്രസീൽ ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ ഉറുഗ്വായ്യെയും ഇറ്റലിയെയും അട്ടിമറിച്ചും പ്രീ ക്വാർട്ടറിൽ ഗ്രീസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നും ക്വാർട്ടർ വരെയെത്തിയാണ് കോസ്റ്ററീക മടങ്ങിയത്. എന്നാൽ, സ്വപ്നക്കുതിപ്പ് നെതർലൻഡ്സിന് മുന്നിൽ അവസാനിച്ചു. എങ്കിലും കെയ്ലർ നവാസും ബ്രയാൻ റൂയീസും കൂട്ടുകാരും ഒരുപിടി ആരാധകരെ സ്വന്തമാക്കിയാണ് മടങ്ങിയത്.
പനാമക്കും നികരാഗ്വക്കും ഇടയിലുള്ള തീരെ ചെറിയ കോസ്റ്ററീകക്ക് 460 കിലോമീറ്റർ നീളവും 120 കിലോമീറ്റർ വീതിയും മാത്രമേയുള്ളു. 1539ൽ പനാമയിലെ റവന്യൂ ഉദ്യോഗസ്ഥരാണ് കോസ്റ്ററീക എന്ന പേര് നൽകിയത്. വിലയേറിയതീരം എന്നർഥം. 96 ശതമാനമാണ് സാക്ഷരത. ആദ്യമായി വിദൂര വിദ്യാഭ്യാസം പ്രായോഗികമാക്കിയതും അവരാണ്. നാളികേരത്തിെൻറ നാട് കേരളം എന്നാണു ചൊല്ലെങ്കിലും. പച്ചനിറമുള്ള ഇളനീർ അർബുദം, മൂത്രരോഗങ്ങൾ എന്നിവക്ക് ഒറ്റമൂലിയായി ഉപയോഗിക്കുന്ന രാജ്യമാണ് കോസ്റ്ററീക. ഒൗദ്യോഗിക സ്പോർട്സ് ഡ്രിങ്ക് കൂടിയാണ് ഇളനീർ. പ്രധാന കായികയിനം ഫുട്ബാൾ ആണെങ്കിലും കാളപ്പോരിനും ഇവിടെ തുല്യ പ്രാധാന്യമുണ്ട്.
ബ്രസീൽ ലോകകപ്പിലെ വീറുമായിട്ടു തന്നെയാണവർ റഷ്യയിലും എത്തിയിരിക്കുന്നത്. ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ് എന്നിവർ അണിനിരക്കുന്ന ഗ്രൂപ്പിൽനിന്ന് പ്രീക്വാർട്ടറും കടന്ന് മുന്നേറാനാണ് ലക്ഷ്യം. റയൽ മഡ്രിഡിെൻറ വലകാക്കുന്ന കെയ്ലർ നവാസിൽതന്നെയാണ് പ്രതീക്ഷകൾ. ഗണ്ണേഴ്സ് അടക്കമുള്ള യൂറോപ്യൻ ക്ലബുകളിലെ പരിചയവുമായി ജോയൽ കാംബൽ മുന്നേറ്റനിര നയിക്കും. 2005 മുതൽ ടീമിനൊപ്പമുള്ള ക്രിസ്റ്റ്യൻ ബൊലാനോഷ്, ബ്രയാൻ റൂയീസ്, മാർക്കസ് യൂറേനിയ എന്നിവരും മുൻനിരയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.