ലണ്ടൻ: ചെൽസി ഇംഗ്ലണ്ടിൽ വീണ്ടും അദ്ഭുതം രചിച്ചു. കഴിഞ്ഞ സീസണിൽ േക്ലാഡിയോ റാനിയേരിക്കുകീഴിൽ ലെസ്റ്റർ സിറ്റിയെന്ന നീലപ്പട ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിപ്ലവംകുറിച്ച് ജേതാക്കളായപ്പോൾ, വർഷങ്ങളുടെ പ്രതാപവും അനുഭവസമ്പന്നമായ ഭൂതകാലവുമുള്ള മറ്റൊരു നീലപ്പടക്ക് സ്റ്റോക് സിറ്റിക്കും താഴെ പത്താമതായിരുന്നു സ്ഥാനം. വർഷം ഒന്നു കഴിഞ്ഞില്ല. വിസ്മയങ്ങളുടെ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അതേ ചെൽസി തന്നെ രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെ കിരീടമണിഞ്ഞു. പ്രതിരോധവും പ്രത്യാക്രമണവുമായി ഇറ്റലിയുടെ ദേശീയ ടീമിനെ വാർത്തെടുത്ത് പരിശീലിപ്പിച്ച അേൻറാണിയോ കോെൻറക്കു കീഴിൽ ക്ലബ്ഫുട്ബാൾ ലോകത്തെ സാക്ഷിയാക്കിയാണ് ചെൽസി കിരീടമണിഞ്ഞത്. വെസ്റ്റ് ബ്രോംവിച്ചിനെതിരായ മത്സരം 1-0ത്തിന് വിജയിച്ചതോടെയാണ് ‘ദ ബ്ലൂ’ എന്ന പേരിലറിയപ്പെടുന്ന ചെൽസി കിരീടം ഒരുപടി മുന്നേ നേടിയത്. സമനിലയിലേക്കെന്നു തോന്നിച്ച മത്സരത്തിൽ പെഡ്രോക്ക് പകരക്കാരനായിറങ്ങിയ മിക്കി ബാറ്റ്ഷുഹോയ് എന്ന ബെൽജിയംകാരെൻറ 82ാം മിനിറ്റിലെ ഗോളിൽ അവസാന മത്സരം വരെ കാത്തിരിക്കാതെ ചെൽസിയുടെ കിരീടം. ഫ്രഞ്ച് ക്ലബായ മാഴ്സെയിൽനിന്നും ഇൗ സീസണിൽ ചെൽസിയിലേക്കെത്തിയ താരമാണ് മിക്കി ബാറ്റ് ഷുഹോയ്. രണ്ടാം സ്ഥാനക്കാരായ ടോട്ടൻഹാമുമായി 10 പോയൻറിെൻറ വ്യത്യാസത്തിലാണ് ചെൽസി കിരീടം ചൂടിയത്. ഇനിയുള്ള മൂന്ന് കളി ജയിച്ചാൽപോലും ടോട്ടൻഹാമിന് ചെൽസിയെ തൊടാനാവില്ലെന്നുറപ്പായതോടെ കിരീടം സ്റ്റാംഫോഡിലേക്കായി.
ക്ലബിെൻറ ചരിത്രത്തിലെ എട്ടാം കിരീടമാണിത്. യുവൻറസ്, ഇറ്റലി ടീമുകളുടെ കോച്ചായിരുന്ന കോെൻറ ചെൽസിയിലെത്തി ആദ്യ വർഷംതന്നെ കിരീടം നേടിയെടുക്കാനായതിെൻറ സന്തോഷം വാക്കുകളിൽ പ്രകടമായിരുന്നു. ‘ചെൽസിക്കും കളിക്കാർക്കും വിശേഷിപ്പിക്കാനാവാത്ത നേട്ടമാണിത്. അവരുടെ സമർപ്പണത്തിനും ത്യാഗത്തിനും നന്ദിപറയുന്നു. ഒരു വലിയ നേട്ടത്തിനായി വിയർപ്പൊഴുക്കി പൊരുതാനുള്ള മനസ്സ് അവരെനിക്ക് കാണിച്ചുതന്നു. ഇനി ഞങ്ങൾക്ക് സന്തോഷത്തോടെ വിശ്രമിക്കാം’.
കഴിഞ്ഞ സീസണിൽ ഹോസെ മൗറീന്യോക്ക് കീഴിൽ തകർന്നു തരിപ്പണമായ ചെൽസി തരംതാഴ്ത്തപ്പെടുന്ന അവസ്ഥയിലേക്കുവരെയെത്തിയിരുന്നു. കോച്ചും കളിക്കാരും തമ്മിലുള്ള ‘ശീതയുദ്ധം’ പുറംലോകമറിഞ്ഞതോടെ റഷ്യക്കാരനായ ക്ലബ് ഉടമ റൊമാൻ അബ്രമോവിച്ച് പിന്നീടൊന്നും ആലോചിച്ചില്ല. ചെൽസിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗും എഫ്.എ കപ്പും ഫ്രഞ്ച് കപ്പും വാങ്ങിത്തന്ന ‘ആശാനെ’ ചവിട്ടിപ്പുറത്താക്കി. 2015 ഡിസംബർ 17നായിരുന്നു ഹോസെ മൗറീന്യോ എന്ന കാൽപ്പന്തു പരിശീലക ലോകത്തെ കാർക്കശ്യക്കാരന് തലതാഴ്ത്തി പുറത്തുപോവേണ്ടിവന്നത്. ഇടക്കാലത്തേക്ക് നെതർലൻഡ്സിെൻറ ഗസ് ഹിഡിങ്കിന് ചുമതല നൽകുകയും ചെയ്തു. ഇൗ സീസണിലാണ് ഇറ്റലിയെ രണ്ടുവർഷവും യുവൻറസിനെ മൂന്നുവർഷവും പരിശീലിപ്പിച്ച് പയറ്റിത്തെളിഞ്ഞ കോെൻറയെ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്കെത്തിക്കുന്നത്. പിന്നീട് കണ്ടത് ചാരത്തിൽനിന്നും ഉയിർത്തെഴുന്നേറ്റ് ഫീനിക്സ് പക്ഷിയായി മാറിയ ചെൽസിയെ. 36 മത്സരങ്ങളിൽ കോെൻറയുടെ ട ീം 28ലും ജയിച്ചുകയറി. അഞ്ചു മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ മൂന്ന് മത്സരങ്ങളിൽ സമനിലയും പിടിച്ച് 87 പോയൻറാണ് നേടിയത്. എഫ്.എ കപ്പിൽ ആഴ്സനലിനോട് ഫൈനലിൽ ഏറ്റുമുട്ടാനൊരുങ്ങുന്ന നീലപ്പട മറ്റൊരു കിരീടവും സ്വന്തംപേരിൽ കുറിക്കാനുള്ള മുന്നൊരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.