മരണത്തെ തോല്‍പിച്ച്  റഷല്‍ പന്തുതട്ടി

പോര്‍ടോ അലെഗ്രോ: നിറഞ്ഞുകവിഞ്ഞ ഗാലറിയുടെ കൈയടികള്‍ക്കു നടുവില്‍ മഞ്ഞ ജഴ്സിയണിഞ്ഞ അലന്‍ റഷല്‍ മൈതാനമധ്യത്തിലേക്ക് നടന്നു. ദു$സ്വപ്നങ്ങളുടെ ദീര്‍ഘനിദ്ര വിട്ടെഴുന്നേറ്റതുപോലെ.

ഒരുമാസം മുമ്പ് വരെ, ബൂട്ടുകൊണ്ട് ഉഴുതുമറിച്ച മൈതാനത്തേക്ക് ആദ്യ ചുവട് വെക്കുമ്പോഴേക്കും റഷല്‍ ഇടറി. കാലടികള്‍ തെറ്റാതിരിക്കാനും നിറഞ്ഞുതുളുമ്പാനൊരുങ്ങിയ കണ്ണുകളെ പിടിച്ചുകെട്ടാനും പാടുപെട്ടു. അപ്പോഴേക്കും സുഹൃത്ത് ആന്ദ്രെ അലസാന്ദ്രോ ഓടിയത്തെി. കെട്ടിപ്പിടിച്ച്, ഏതാനും മിനിറ്റുകള്‍ നീണ്ട ആശ്ളേഷം.ആകാശച്ചൂഴിയില്‍ കളിക്കൂട്ടുകാരെയെല്ലാം ഒരു നിമിഷംകൊണ്ട് മരണം റാഞ്ചിയെടുത്ത ദുരന്തത്തെ മറക്കാന്‍ ശ്രമിച്ച്, കാല്‍പന്ത് മൈതാനത്തേക്ക് തിരിച്ചുവരുകയാണ് അലന്‍ റഷല്‍. ബ്രസീല്‍ ടോപ് ഡിവിഷന്‍ ക്ളബ് ചാപ്പെകോയന്‍സില്‍ തന്‍െറ ഇടതും വലതുമായി കളിച്ച 19 സഹതാരങ്ങളെയും പ്രിയ കോച്ചിനെയും തട്ടിയെടുത്ത വിമാനദുരന്തത്തെ തോല്‍പിച്ച ഭാഗ്യവും ആത്മവിശ്വാസവും ഈ തിരിച്ചുവരവില്‍ അലന്‍ റഷലിന് കൂട്ടായുണ്ട്. നൊമ്പരമായി മാറിയ കാല്‍പന്തിനെയും പച്ചയണിഞ്ഞമൈതാനത്തെയും വീണ്ടും മനസ്സില്‍ കുടിയിരുത്താനുള്ള ശ്രമത്തിലാണ് ചാപ്പെകോയന്‍സിന്‍െറ ഇടതു വിങ്ബാക്കായ ഈ 27കാരന്‍.കഴിഞ്ഞ നവംബര്‍ 28ന് കൊളംബിയയിലെ മെഡ്ലിനില്‍ തകര്‍ന്നുവീണ വിമാനത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട റഷല്‍ വീണ്ടും പന്തുതട്ടിത്തുടങ്ങുകയാണ്.

പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട റഷല്‍ ആഴ്ചകള്‍ നീണ്ട ചികിത്സക്കുശേഷം വിശ്രമത്തിലിരിക്കെ കഴിഞ്ഞ ദിവസമാണ് വീണ്ടും കളിക്കളത്തിലിറങ്ങിയത്.പോര്‍ടോ അലെഗ്രോയില്‍ മുന്‍ അര്‍ജന്‍റീന താരം ആന്ദ്രെ അലസാന്ദ്രോയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചാരിറ്റി ഫുട്ബാള്‍ മാച്ചിലായിരുന്നു മുഖ്യാതിഥിയായി റഷല്‍ എത്തിയത്. മുന്‍ ബ്രസീല്‍ ക്യാപ്റ്റനും കോച്ചുമായ ദുംഗ, മുന്‍ ഗോളി ദിദ, ചിലി ഇതിഹാസം മാഴ്സലോ സലാസ്, പുഷ്കാസ് അവാര്‍ഡ് ജേതാവ് വിന്‍ഡെല്‍ ലിമ, ഉറുഗ്വായ് ഇതിഹാസം റുബന്‍ പാസ്, എഫ് വണ്‍ ചാമ്പ്യന്‍ ഫിലിപ് മാസ, ടെന്നിസ് താരം ഡേവിഡ് നല്‍ബന്ദിയാന്‍ എന്നിവര്‍ പങ്കെടുത്ത ചാരിറ്റി മത്സരത്തിലായിരുന്നു റഷല്‍ ഫസ്റ്റ് ടച്ചിനായി ഗ്രൗണ്ടിലത്തെിയത്. മൈതാനത്തിറങ്ങി ഗാലറിയെ അഭിവാദ്യംചെയ്ത റഷല്‍ കളിക്കാരുമായി ഫോട്ടോക്കും പോസ്ചെയ്തു. ശേഷം, മത്സരത്തിന്‍െറ ആദ്യ ടച്ച് പൂര്‍ത്തിയാക്കി കളംവിടുമ്പോള്‍, ഗാലറിക്ക് ഉറപ്പുനല്‍കി, ആറു മാസത്തിനുള്ളില്‍ കളിക്കാരന്‍െറ കുപ്പായത്തില്‍ ഞാന്‍ തിരിച്ചത്തെും.

‘‘ദൈവം എനിക്ക് രണ്ടാമതും അവസരം നല്‍കി. ഏറെ സന്തോഷം. ജീവിതത്തിലെ വെല്ലുവിളികളെ അതിജയിക്കാന്‍ കരുത്തുനേടുകയാണ് ഞാന്‍. വീണ്ടും മൈതാനത്തിറങ്ങിയ നിമിഷം, ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ്. പരിശീലനം തുടങ്ങി ആറു മാസത്തിനകം കളിയില്‍ തിരിച്ചത്തെും’’ -റഷല്‍ പറഞ്ഞു. റഷലിനൊപ്പം ഗോളി ജാക്സന്‍ ഫോള്‍മാന്‍, ഡിഫന്‍ഡര്‍ നെറ്റോ എന്നിവര്‍ മാത്രമായിരുന്നു ദുരന്തത്തില്‍ രക്ഷപ്പെട്ടത്. ഇതില്‍ ഫോള്‍മാന്‍െറ കാല്‍ മുറിച്ചുമാറ്റിയതോടെ ഫുട്ബാള്‍ കരിയര്‍ അസ്തമിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നെറ്റോ വൈകാതെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ക്ളബ്.
Tags:    
News Summary - Chapecoense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.