മരണത്തിന്‍െറ ചുവപ്പു കാര്‍ഡ്

ചാപ്പെകോയന്‍സ് ഫുട്ബാള്‍ ക്ളബിന്‍െറ ഡ്രസിങ് റൂമില്‍ ഒരാഴ്ചയായി നിലക്കാത്ത ആഘോഷമായിരുന്നു. തെക്കനമേരിക്കന്‍ ഫുട്ബാളിലെ വമ്പന്മാര്‍ മാറ്റുരക്കുന്ന കോപ സൗത്ത് അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ ഇടം നേടിയതിന്‍െറ ആവേശം. ബ്രസീല്‍ ഫുട്ബാളിലെ പ്രതാപികളായ സാവോ പോളോയും ഇന്‍റര്‍നാഷനലും മാത്രംനേടിയ കിരീടം തങ്ങളിലൂടെ കാനറികളുടെ മണ്ണിലത്തെിക്കുന്നതിന്‍െറ ആഘോഷമായിരുന്നു കഴിഞ്ഞ നാളുകള്‍ മുഴുവന്‍. 1973ല്‍ മാത്രം പിറവിയെടുത്ത ചാപ്പെകോയ്ന്‍സിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു ഈ ഫൈനല്‍ ബര്‍ത്ത്. മൂന്ന് വര്‍ഷം മുമ്പ് മാത്രം ബ്രസീല്‍ സീരി ‘എ’യില്‍ കളിക്കാന്‍ യോഗ്യത നേടിയവരുടെ മിടുക്ക് കോപ സൗത്ത് അമേരിക്ക ഫൈനല്‍ പ്രവേശത്തോടെ പെലെയുടെയും നെയ്മറിന്‍െറയുമെല്ലാം നാട് അംഗീകരിച്ചു വരുകയായിരുന്നു. സെമിഫൈനലില്‍ അര്‍ജന്‍റീന ക്ളബ് സാന്‍ ലോറന്‍സോയായിരുന്നു എതിരാളി. ബ്വേനസ് ഐറിസില്‍ നടന്ന ആദ്യ പാദത്തില്‍ 1-1ന് സമനിലയില്‍ പിരിഞ്ഞു. ഇക്കഴിഞ്ഞ 23ന് സ്വന്തം മണ്ണിലായിരുന്നു രണ്ടാം പാദ സെമി. ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞെങ്കിലും, എതിരാളിയുടെ നാട്ടില്‍ നേടിയ ഒരു ഗോളിന്‍െറ മുന്‍തൂക്കവുമായി ചാപ്പെകോയന്‍സ് ഫൈനലില്‍ ഇടം നേടി.

അന്നുമുതല്‍ തുടങ്ങിയതാണ് ആഘോഷം. ആട്ടും പാട്ടുമായി ഓരോ നിമിഷവും അവര്‍ ആഘോഷിച്ചു. രണ്ടുപാദങ്ങളിലായുള്ള കിരീടപ്പോരാട്ടത്തില്‍ കൊളംബിയന്‍ ക്ളബ് അത്ലറ്റികോ നാഷനലായിരുന്നു എതിരാളി. ബുധനാഴ്ചത്തെ ആദ്യ പാദത്തിനായി മെഡ്ലിനിലേക്ക് പുറപ്പെട്ട സംഘത്തിന് ഗംഭീര യാത്രയയപ്പായിരുന്നു ബ്രസീലിലെ തീരനഗരിയായ ചാപ്പെകോ ഒരുക്കിയത്. ആരാധകരും ക്ളബ് മാനേജ്മെന്‍റുമെല്ലാം അവരെ യാത്രയാക്കാനത്തെി. വിമാനം കയറിയിട്ടും അവരുടെ ആഘോഷം നിലച്ചില്ല. ട്വിറ്ററും ഇന്‍സ്റ്റഗ്രാമും വഴി ടീമിന്‍െറ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെച്ചു. ഇതിനിടയിലായിരുന്നു ആകാശക്കോണില്‍ എവിടെയോ അവരുടെ സ്വപ്നങ്ങളുടെ ആഘോഷവും ജീവിതവും വഴുതിപ്പോയത്. കളിമൈതാനത്തെ ഓഫ്സൈഡ് ട്രാപ്പ് പോലെയോ എതിരാളികള്‍ കാത്തുവെച്ച ചതിക്കുഴിപോലെയോ എത്തിയ മരണത്തില്‍ നിന്നും വഴുതിമാറാന്‍ ആ കളി സംഘത്തിലെ രണ്ടു പേര്‍ക്കേ കഴിഞ്ഞുള്ളൂ. ഫുട്ബാള്‍ ലോകത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തെ തുടര്‍ന്ന് കോപ സൗത്ത് അമേരിക്കാന ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. മൂന്ന് ദിവസത്തെ ദു$ഖാചരണം പ്രഖ്യാപിച്ച തെക്കനമേരിക്കയില്‍ മുഴുവന്‍ ഫുട്ബാള്‍ മത്സരങ്ങളും റദ്ദാക്കി.

 
Tags:    
News Summary - Chapecoense football team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.