പോര്‍ചുഗലിന്‍െറ എന്‍ജിനീയര്‍

ലോകതാരമായ ക്രിസ്റ്റ്യാനോ മുതല്‍, തുടക്കക്കാരനായ 18കാരന്‍ റെനറ്റോ സാഞ്ചസ് വരെയുള്ള ഡ്രസിങ് റൂമിനെ ഒരു ടീമാക്കിമാറ്റിയ കോച്ച് ഫെര്‍ണാണ്ടോ സാന്‍റസിന്‍െറ എന്‍ജിനീയറിങ് മിടുക്കിന് കൂടിയുള്ള അംഗീകാരമാണ് പോര്‍ചുഗലിന്‍െറ യൂറോ കിരീടനേട്ടം. സെല്‍ഫിഷ് പ്ളെയറായ നാനിയെയും പന്തത്തെിയില്ളെങ്കില്‍ പൊട്ടിത്തെറിക്കുന്ന ക്രിസ്റ്റ്യാനോയെയും പ്രതിരോധനിരയിലെ വികൃതിയായ പെപെയെയും 38കാരന്‍ റികാര്‍ഡോ കാര്‍വലോയെയും തലമുതിര്‍ന്ന ക്വറെസ്മയെയുമെല്ലാം ഒരു ടീമാക്കി അണിനിരത്തിയാണ് ഈ ടെലികമ്യൂണിക്കേഷന്‍ ബിരുദധാരി പറങ്കിപ്പടയെ വന്‍കരയുടെ ചാമ്പ്യന്മാരാക്കിയത്. വര്‍ഷങ്ങളായി പോര്‍ചുഗല്‍ നിരയില്‍ ക്രിസ്റ്റ്യാനോയുടെ നിഴലിലായിരുന്നു നാനിയും കാര്‍വലോയുമെല്ലാം. പക്ഷേ, സാന്‍േറാസ് അടിമുടി മാറ്റി ഒരു കുടുംബമാക്കിയ ടീമിന്‍െറ വിജയമായി ഫൈനലില്‍ കണ്ടത്. ‘ക്രിസ്റ്റ്യാനോ ആന്‍ഡ് കമ്പനി’ എന്ന് വിളിച്ച വിമര്‍ശകരെക്കൊണ്ട് തന്നെ ഫ്രഞ്ചുമണ്ണില്‍ പറങ്കിപ്പട ജാതകം തിരുത്തുമ്പോള്‍ യൂറോ കപ്പിന് അവകാശികളാവുന്ന പത്താമത്തെ ടീമായി മാറി അവര്‍.

കളിക്കാരനെന്ന നിലയില്‍ വലിയ പെരുമയൊന്നും സാന്‍േറാസിന് അവകാശപ്പെടാനില്ല. പോര്‍ചുഗലിലെ പ്രമുഖ ക്ളബായ ബെന്‍ഫികയുടെ യൂത്ത് അക്കാദമിയിലായിരുന്നു തുടക്കം. 1973ല്‍ എസ്റ്റോറിലിന്‍െറ താരമായി പ്രഫഷനല്‍ ക്ളബില്‍ അരങ്ങേറ്റം. ഇതിനിടെയാണ് 1977ല്‍ എന്‍ജിനീയറിങ് ബിരുദം സ്വന്തമാക്കുന്നത്. പിന്നീട്, മരിറ്റിമോയില്‍ കൂടി കളിച്ച് 1987ല്‍ പ്രഫഷനല്‍ ഫുട്ബാള്‍ ജീവിതത്തിന് അന്ത്യംകുറിച്ചു. ആദ്യ ക്ളബ് എസ്റ്റോറിലിന്‍െറ സഹപരിശീലകനായാണ് പുതിയ കുപ്പായമണിഞ്ഞത്. 1988ല്‍ ഹെഡ്കോച്ചുമായി. 1998ല്‍ പോര്‍ടോയിലും പിന്നീട് ആതന്‍സ്, പനതിനായ്കോസ്, സ്പോര്‍ടിങ്, ബെന്‍ഫിക, ഗ്രീസ് വഴിയാണ് പോര്‍ചുഗല്‍ ദേശീയ ടീം പരിശീലകനായി 2014ല്‍ എത്തുന്നത്. ബ്രസീല്‍ ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ പൗലോ ബെന്‍േറാക്ക് പകരക്കാരനായാണ് പറങ്കിപ്പടയിലേക്കുള്ള വരവ്.

രണ്ടുവര്‍ഷത്തെ കഠിന ദൗത്യത്തിനൊടുവിലായിരുന്നു ഇദ്ദേഹം യൂറോ കപ്പിനുള്ള ടീമിനെ കെട്ടിപ്പടുത്തതും. മുതിര്‍ന്ന താരമായ കാര്‍വലോയെ തിരിച്ചുവിളിച്ചപ്പോള്‍ പലരും നെറ്റിചുളിച്ചെങ്കിലും സാന്‍േറാസിന് ചില കാഴ്ചപ്പാടുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ അടക്കം, ടീമിലെ ഓരോ താരത്തിനും അദ്ദേഹം ചുമതലകള്‍ പങ്കുവെച്ചു നല്‍കി. വെയ്ല്‍സിനെതിരെ ക്രിസ്റ്റ്യാനോ പ്രതിരോധ ചുമതലകൂടി ഏറ്റെടുത്തത് ഈ തന്ത്രത്തിന്‍െറ ഭാഗമായിരുന്നു. സാധാരണ 18കാരനായൊരു പുതുമഖത്തെ പ്ളെയിങ് ഇലവനില്‍ ഇറക്കാന്‍ മടിക്കുമ്പോള്‍ സാഞ്ചസിന് അവസരം നല്‍കാന്‍ ധൈര്യംകാണിച്ചതും ഫൈനലിലെ നിര്‍ണായക ഘട്ടത്തില്‍ തിരിച്ചുവിളിച്ച് വിജയ ശില്‍പി എഡറെ കളത്തിലിറക്കിയതും കളത്തിലെ എന്‍ജിനീയറുടെ ബുദ്ധിതന്നെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.