മഡ്രിഡ്: 2014 ലോകകപ്പിനുപിന്നാലെ 80 ദശലക്ഷം യൂറോ എന്ന വമ്പന്‍ തുകക്ക് ലോകത്തെ മുന്‍നിര ക്ളബായ റയല്‍ മഡ്രിഡിലത്തെുമ്പോള്‍ ഹാമിഷ് റോഡ്രിഗസ് എന്ന യുവതാരം ഏറെ പ്രതീക്ഷയിലായിരുന്നു.
ബ്രസീല്‍ ലോകകപ്പിലെ ടോപ്സ്കോറര്‍ പദവിയും ഏറെ ആരാധകരെ നേടിക്കൊടുത്ത അനുപമമായ കേളീശൈലിയും ടൂര്‍ണമെന്‍റിലെ മികച്ച ഗോളുമൊക്കെയായി സാന്‍റിയാഗോ ബെര്‍ണബ്യൂവിലത്തെിയ ഹാമിഷ് ആദ്യ സീസണില്‍ മികച്ച പ്രകടനവുമായി കോച്ചിന്‍െറയും ആരാധകരുടെയും മനംകവരുകയും ചെയ്തു.
സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോയും ഗാരെത് ബെയ്ലും കരീം ബെന്‍സേമയും അടങ്ങിയ മുന്‍നിരയിലും ടോണി ക്രൂസും ലൂക മോഡ്രിച്ചും നയിക്കുന്ന മധ്യനിരയിലുമായി കിട്ടിയ അവസരങ്ങളില്‍ മിന്നിത്തിളങ്ങിയ ഹാമിഷ് 2014-15 സീസണില്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ ഇഷ്ടതാരങ്ങളിലൊരാളായിരുന്നു.
എന്നാല്‍, ഇറ്റലിക്കാരന്‍ മടങ്ങിയ ശേഷമത്തെിയ റാഫേല്‍ ബെനിറ്റസിന്‍െറയും ഇപ്പോള്‍ ടീമിനെ ഒരുക്കുന്ന സിദാന്‍െറയും കീഴില്‍ കൊളംബിയന്‍ താരത്തിന് കാര്യമായ റോളില്ലാത്ത അവസ്ഥയാണ്. ഇടക്ക് അലട്ടിയ പരിക്കുമാറി തിരിച്ചത്തെിയിട്ടും സിദാന്‍െറ പദ്ധതികളില്‍ കാര്യമായി ഇടംപിടിക്കാന്‍ ഹാമിഷിനായിട്ടില്ല. പരിക്കുമൂലം ക്രിസ്റ്റ്യാനോയും ബെന്‍സേമയും പുറത്തായിട്ടുപോലും ലാ ലിഗ സീസണിലെ ആദ്യ മത്സരത്തില്‍ ഹാമിസിന് ആദ്യ ഇലവനില്‍ ഇടംകിട്ടിയില്ല. മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രീസീസണിലെ മികച്ച പ്രകടനവുമായി മാര്‍കോ അസെന്‍സ്യോ കൂടി ഉയര്‍ന്നുവന്നതോടെ 25കാരന്‍െറ സാധ്യത ഒന്നുകൂടി കുറഞ്ഞിരിക്കുകയാണ്.
ഹാമിഷ് പ്രധാനപ്പെട്ട താരമാണെന്ന് വ്യക്തമാക്കുമ്പോഴും കളിക്കാന്‍ അവസരംകുറയുന്നത് താരത്തിന് തിരിച്ചടിയാണെന്ന് സിദാന്‍ സമ്മതിക്കുന്നുണ്ട്. ഹാമിഷ് റയല്‍ താരമാണ്. അദ്ദേഹത്തിന് ഇപ്പോഴും ടീമുമായി കരാറുണ്ട്. എന്നാല്‍, കളി കുറയുന്നത് ഒരു പ്രശ്നം തന്നെയാണ് -കോച്ച് പറയുന്നു. ഇംഗ്ളീഷ് കരുത്തരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയുമൊക്കെ ഹാമിസിനെ നോട്ടമിട്ടിട്ടുണ്ടെങ്കിലും റയലോ താരമോ ഇതുവരെ മനസ്സുതുറന്നിട്ടില്ല. കൈമാറ്റജാലകം അടയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇപ്പോള്‍ ട്രാന്‍സ്ഫറിന് സാധ്യത കുറവാണെങ്കിലും വരും മത്സരങ്ങളിലും അവസരം കുറയുകയാണെങ്കില്‍ ജനുവരി ജാലകത്തിലോ അടുത്ത സീസണിലോ കൊളംബിയക്കാരന്‍ പുതിയ തട്ടകം തേടുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.