അടരുവാന്‍ വയ്യ റിയോ...

മൂന്നാഴ്ച കൊണ്ട് ബ്രസീലും ബ്രസീലുകാരും വല്ലാതെയങ്ങ് ഹൃദയത്തിനകത്തേക്ക് കയറിയിരിക്കുന്നു. അവര്‍ക്കിടയില്‍ ജീവിച്ച ദിവസങ്ങള്‍ അവസാനിക്കുകയാണ്. റിയോയിലെ കായികമാമാങ്കത്തിന് മാത്രമേ തിരശ്ശീല വീഴുന്നുള്ളൂ. സൗഹൃദത്തിന്‍െറയും ആതിഥേയത്വത്തിന്‍െറയും പുതിയ ശീലങ്ങളും ബ്രസീലിയന്‍ ജീവിതവും മനസ്സില്‍നിന്ന് പടിയിറങ്ങുന്നില്ല. തെക്കേ അമേരിക്കയിലത്തെിയ ആദ്യ  ഒളിമ്പിക്സ് എല്ലാ പ്രതിസന്ധികളെയും കുപ്രചാരണങ്ങളെയും അതിജീവിച്ച് വിജയകരമായി നടത്തിയ ബ്രസീല്‍ മൂന്നാഴ്ചകൊണ്ട് ലോകത്തോളം വളര്‍ന്നിരിക്കുന്നു. ലോകകപ്പ് ഫുട്ബാളിന് പിന്നാലെ ഒളിമ്പിക്സും ഗംഭീരമായി നടത്തി ബ്രസീലുകാര്‍. നല്ല മനസ്സുള്ളവര്‍ക്കേ നല്ല ആതിഥേയനാകാനാവൂ എന്നതിന്‍െറ പ്രഖ്യാപനംകൂടിയാണ് ഈ വന്‍ വിജയം. ഒട്ടും അപരിചിതത്വം തോന്നിക്കാത്ത നാട്. ബ്രസീലില്‍ വന്നിറങ്ങിയതു മുതല്‍ അനുഭവിക്കുന്നതാണത്. എല്ലാവരുടെയും പെരുമാറ്റം മുന്‍പരിചയമുള്ളവരെപ്പോലെ. കാഴ്ചയിലും രൂപത്തിലും പെരുമാറ്റത്തിലും ഒരേ നാട്ടുകാര്‍. ആശയവിനിമയത്തിനുള്ള ഭാഷാ തടസ്സം പുഞ്ചിരിയിലൂടെയും സ്നേഹപ്രകടനത്തിലൂടെയും അവര്‍ മറികടന്നു. സഹായിക്കാന്‍ സന്നദ്ധനായി അരികില്‍തന്നെ നിന്നു. ഇവിടെ വരും മുമ്പ് കേട്ട പേടിപ്പെടുത്തുന്ന കഥകളെല്ലാം പച്ചക്കള്ളമായിരുന്നെന്ന് അനുഭവം സാക്ഷി. സിക വൈറസ് പേടിച്ച് ഒളിമ്പിക്സില്‍ പങ്കെടുക്കാതിരുന്നവര്‍ മണ്ടന്മാരായി. റിയോ ഡെ ജനീറോ മുഴുവന്‍ കൊതുകു വിഴുങ്ങിയെന്ന മട്ടിലായിരുന്നു പ്രചാരണം. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ് വാങ്ങാനായി മീഡിയ സെന്‍ററില്‍ ആദ്യ ദിവസം ചെന്നപ്പോള്‍ പാസിനൊപ്പം കൊതുകുനിവാരണലേപനവും തന്നിരുന്നു. കേട്ടതില്‍ കാര്യമുണ്ടോ എന്നു സംശയം തോന്നാതിരുന്നില്ല. എന്നാല്‍, അന്നുമുതല്‍ ഇന്നുവരെ ഒരു കൊതുകിനെപ്പോലും കാണാനായിട്ടില്ല. ലേപനം ബാഗില്‍ ഭദ്രം. നാട്ടില്‍ ഉപയോഗിക്കാമല്ളോ.

സാമൂഹിക മാധ്യമങ്ങളിലും മറ്റും പരക്കെ പ്രചരിപ്പിക്കപ്പെട്ടത് ക്രിമിനലുകളും പിടിച്ചുപറിക്കാരും നിറയെയുള്ള നഗരമാണ് റിയോ എന്നായിരുന്നു. എന്തിനും മടിയില്ലാത്തവര്‍. പരക്കെ അധോലോകവും മയക്കുമരുന്നു മാഫിയകളും. അനങ്ങിയാല്‍ വെടിവെച്ചുകളയും. അതുകൊണ്ടുതന്നെ സാവോപോളോയില്‍ വിമാനമിറങ്ങിയതു മുതല്‍ ലാപ്ടോപ് ബാഗിലും പഴ്സിലും കാര്‍ഡിലുമെല്ലാമായിരുന്നു കൂടുതല്‍ ശ്രദ്ധ. ആരെങ്കിലും ഇതാ ഇപ്പോള്‍ മുന്നിലേക്ക് തോക്കുമായി ചാടിവീഴും എന്ന മട്ടില്‍. എന്നാല്‍, സ്്നേഹംകൊണ്ട് കീഴടക്കുന്ന ഒരു ജനതയെക്കുറിച്ചാണല്ളോ ഈ കേട്ടതെല്ലാം എന്ന് വന്ന അന്നുതന്നെ മനസ്സിലായി. സാവോപോളോ വിമാനത്താവളത്തില്‍നിന്ന് റിയോയിലേക്ക് പോകാനായി ബസ് സ്റ്റേഷനിലത്തെിയത് തന്നെ നാലഞ്ചുപേരുടെ സഹായംകൊണ്ടാണ്. റിയോയിലിറങ്ങി ബേട്ടോഫോഗയിലെ ഹോട്ടലിലത്തെിയതും അങ്ങനത്തെന്നെ. ഒളിമ്പിക്സിനു വരുന്ന വിദേശികളുടെ മുന്നില്‍ നല്ലപിള്ള ചമയാനുള്ള ശ്രമമൊന്നുമായിരുന്നില്ല അത്. ആരും പഠിപ്പിക്കാതെ തന്നെ ബ്രസീലുകാരുടെ രക്തത്തിലുള്ളതാണത്.എല്ലാ സമൂഹത്തിലുമുള്ളപോലെ തെമ്മാടികളും ക്രിമിനലുകളും ഇവിടെയുമുണ്ടാകും. അതിനൊരു ജനതയെ ഒന്നടങ്കം ഭയക്കരുതല്ളോ. റിയോ കാലം ഓര്‍മയില്‍ നിറയുന്നത് യാത്രകളിലൂടെയായിരിക്കും. മികച്ച പൊതുഗതാഗത സംവിധാനമുള്ള ബ്രസീലില്‍ നാട്ടുകാരെ കൂടുതല്‍ അറിയാന്‍ നല്ലത് ബസ്, ട്രെയിന്‍ യാത്രകളാണ്. ദിവസവും ഹോട്ടലില്‍നിന്ന് മുഖ്യ മാധ്യമകേന്ദ്രത്തിലത്തൊന്‍ രണ്ടു ട്രെയിനും ഒരു ബസും മാറിക്കയറണം. അതിനിടയില്‍ കണ്ട എത്രയെത്ര മനുഷ്യര്‍. എത്രയെത്ര സംഭവങ്ങള്‍. നാടകീയ മുഹൂര്‍ത്തങ്ങള്‍, ആഹ്ളാദക്കാഴ്ചകള്‍. പാട്ടുപാടിയും നൃത്തം ചവിട്ടിയും തമാശപറഞ്ഞും പ്രായമുള്ളവരെ ആദരിച്ചും കുട്ടികളെ കളിപ്പിച്ചുമെല്ലാം പ്രസന്നത തുളുമ്പുന്ന സമൂഹം. ഉന്മേഷരഹിതരായ ഒരു കൂട്ടത്തെയും കണ്ടില്ല.

ദേശീയബോധം സദാ നെഞ്ചിലേറ്റുന്നുണ്ടിവര്‍. അതിന്‍െറ അടിസ്ഥാനം കാല്‍പ്പന്തു കളിയും. ഒളിമ്പിക്സായതിനാലാകണം മിക്കവരും ബ്രസീലിന്‍െറ മഞ്ഞ ജഴ്സിയിലാണ്. ബ്രസീല്‍ ടീമുകളെ പ്രചോദിപ്പിക്കുന്ന പാട്ടുകള്‍ പാടിയാണ് പലപ്പോഴും യാത്ര. ആരെങ്കിലും ഒരാള്‍ തുടങ്ങിയാല്‍ മതി എല്ലാവരും പ്രായഭേദമന്യേ ഉച്ചത്തില്‍ അതില്‍ ചേര്‍ന്നുപാടും. കഴിഞ്ഞദിവസവും ബാഹ ബസ്സ്റ്റേഷനില്‍ കുറച്ചു വളന്‍റിയര്‍മാര്‍ പാട്ടുവെച്ച് നൃത്തം ചെയ്യുന്നത് കണ്ടു. കൗതുകമുണ്ടാക്കിയത് അതുവഴി വന്നവരെല്ലാം ഒന്നു രണ്ടു നൃത്തച്ചുവടുകളുമായി അവരോടൊപ്പം ചേരുന്നു എന്നതാണ്. ഭക്ഷണത്തില്‍ മാത്രമാണ് ബ്രസീല്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. നമ്മുടെ രുചിക്ക് പറ്റിയതൊന്നുമില്ല. മാംസപ്രിയരാണിവര്‍. ഇറച്ചി ചേര്‍ക്കാത്ത വിഭവങ്ങള്‍ ചുരുക്കം. അതില്‍ കൂടുതലാകട്ടെ പന്നിയും. ഓരോ വിഭവത്തെക്കുറിച്ചും ചോദിക്കാന്‍ നിന്നാല്‍ കുടുങ്ങിയത് തന്നെ. കഴിഞ്ഞദിവസം റസ്റ്റാറന്‍റില്‍ കയറിയപ്പോള്‍ മത്സ്യ വിഭവം കിട്ടാന്‍ മത്സ്യത്തിന്‍െറ ചിത്രം വരച്ചുകൊടുക്കേണ്ടി വന്നു.ആളിക്കത്തിയശേഷം ഒളിമ്പിക്സിനോട് തന്നെ വിടപറഞ്ഞ ഉസൈന്‍ ബോള്‍ട്ടും മൈക്കിള്‍ ഫെല്‍പ്സും. നാണക്കേടില്‍നിന്ന് അവസാനം ഇന്ത്യയെ രക്ഷിച്ച പി.വി. സിന്ധുവും സാക്ഷി മാലിക്കും. ബ്രസീലിന്‍െറ ആദ്യ ഫുട്ബാള്‍ സ്വര്‍ണം ആഘോഷമാക്കിയ മാറക്കാനയിലെ പതിനായിരങ്ങള്‍. മറക്കാനാവാത്ത മറ്റു നിരവധി താരങ്ങളും അനുഭവങ്ങളും മുഹൂര്‍ത്തങ്ങളും പിന്നെ ഒരു നാടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.