ലാ ലിഗ: റയല്‍ ബാഴ്സക്കരികെ

മഡ്രിഡ്: ബാഴ്സലോണയുടെ ചങ്കിടിപ്പുകൂട്ടി തകര്‍പ്പന്‍ ജയത്തോടെ റയല്‍ മഡ്രിഡ് തൊട്ടരികെ. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ സെമിഫൈനല്‍ പ്രവേശത്തിന്‍െറ ആവേശത്തിലിറങ്ങിയ റയല്‍ സ്പാനിഷ് ലാ ലിഗയില്‍ ഗെറ്റാഫയെ 5-1ന് തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ ബാഴ്സക്ക് തൊട്ടുപിറകിലത്തെി. 32 കളിയില്‍ ബാഴ്സലോണക്ക് 76 പോയന്‍റാണ് സമ്പാദ്യമെങ്കില്‍ റയല്‍ 33 കളിയില്‍ 75 പോയന്‍റ് നേടി. 73 പോയന്‍റുമായി അത്ലറ്റികോ മഡ്രിഡ് മൂന്നാം സ്ഥാനത്തുമുണ്ട്. 

ചാമ്പ്യന്‍സ് ലീഗ് സെമി കാണാതെ പുറത്തായി ആരാധക വിമര്‍ശങ്ങള്‍ക്ക് നടുവിലായ ബാഴ്സലോണയെയും കോച്ച് ലൂയി എന്‍റിക്വെയയും സമ്മര്‍ദത്തിലാക്കുന്നതായി റയലിന്‍െറ വിജയക്കുതിപ്പ്.ടീമെന്നനിലയില്‍ ഒത്തൊരുമയിലേക്ക് തിരിച്ചുവന്നുവെന്ന് ഒരിക്കല്‍ക്കൂടി അടിവരയിടുന്നതായിരുന്നു റയലിന്‍െറ പ്രകടനം. കളിയുടെ 29ാം മിനിറ്റില്‍ കരിം ബെന്‍സേമയിലൂടെ തുടങ്ങിയ ഗോള്‍വേട്ടയില്‍ ഇസ്കോ (40), ഗാരെത് ബെയ്ല്‍ (50), ഹാമിഷ് റോഡ്രിഗസ് (88), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (90+) എന്നിവരും പങ്കുചേര്‍ന്നു. 83ാം മിനിറ്റില്‍ പാബ്ളോ സ്രാബിയുടെ വകയായിരുന്നു ഗെറ്റാഫെയുടെ ആശ്വാസ ഗോള്‍ പിറന്നത്. 

ഗോളടിച്ചും സഹതാരത്തെക്കൊണ്ട് ഗോളടിപ്പിച്ചുമായിരുന്നു റയലിന്‍െറ സ്കോറിങ്. ആദ്യം വലകുലുക്കിയ ബെന്‍സേമയിലൂടെയായിരുന്നു തൊട്ടുപിന്നാലെ ബെയ്ലും ഇസ്കോയും ലക്ഷ്യം കണ്ടത്. ക്രിസ്റ്റ്യാനോ നേടിയ അവസാന ഗോളിനാവട്ടെ ജെസെയും പന്തു നല്‍കി. വോള്‍ഫ്സ്ബര്‍ഗിനെ തകര്‍ത്ത മത്സരത്തില്‍നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് സിനദിന്‍ സിദാന്‍ റയലിനെ കളത്തിലിറക്കിയത്. സെര്‍ജിയോ റാമോസ്, ലൂകാ മോദ്റിച്, കാസ്മിറോ എന്നിവര്‍ക്കു പകരമായി റാഫേല്‍ വറാനെ, ഇസ്കോ, റോഡ്രിഗസ് എന്നിവര്‍ കളത്തിലിറങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.