പെലെയില്‍നിന്ന് കപ്പ് വാങ്ങാന്‍ എം.എസ്.പിയുടെ പടയൊരുക്കം

മലപ്പുറം: സുബ്രതോ കപ്പില്‍ ബ്രസീലില്‍നിന്നുള്ള കരുത്തുറ്റ സംഘത്തെ കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ഞെട്ടിച്ച് കീഴടങ്ങിയ മലപ്പുറം മലബാര്‍ സ്പെഷല്‍ പൊലീസ് (എം.എസ്.പി) ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം ഇക്കുറി ഇറങ്ങുന്നത് രണ്ടും കല്‍പിച്ചല്ല, ലക്ഷ്യം ഒന്നു മാത്രം. 2012ലും ’14ലും കൈപ്പിടിയില്‍ നിന്ന് വഴുതിപ്പോയ കിരീടം ഫുട്ബാള്‍ ഇതിഹാസമായ പെലെയുടെ കരങ്ങളാല്‍ അദ്ദേഹം കളിച്ചുവളര്‍ന്ന ക്ളബിനെ തോല്‍പ്പിച്ച് സ്വന്തമാക്കുക. കഠിന പരിശീലനവും പ്രാര്‍ഥനയും ഫലിക്കുന്ന പക്ഷം ഒക്ടോബര്‍ 16ന് അത് സംഭവിക്കും. മുന്നൊരുക്കങ്ങള്‍ എം.എസ്.പി കുട്ടികള്‍ എന്നേ തുടങ്ങിക്കഴിഞ്ഞു.
ഇപ്പോള്‍ മൂന്നാറിലാണ് ടീം. മഞ്ഞുപെയ്തിറങ്ങുന്ന മലമുകളിലെ തണുപ്പില്‍ ദിവസവും രാവിലെയും വൈകുന്നേരവുമായി അഞ്ച് മണിക്കൂര്‍ പരിശീലനത്തിലാണ് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇത്തവണയും കേരളത്തെ പ്രതിനിധീകരിക്കുന്ന മലപ്പുറം സംഘം. സെപ്റ്റംബര്‍ ആറിന് തുടങ്ങിയ ക്യാമ്പ് 21 വരെ നീളും. കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കാനാണ് മൂന്നാര്‍ തന്നെ പരിശീലനത്തിനായി തിരഞ്ഞെടുത്തതെന്നും ഇത്തവണ ശുഭപ്രതീക്ഷയുണ്ടെന്നും കോച്ച് ബിനോയ് സി. ജെയിംസ് പ്രതികരിച്ചു. സഹപരിശീലകന്‍ യു. ശുഹൈബും മാനേജര്‍ സന്തോഷും ടീമിനൊപ്പമുണ്ട്.
22ന് നാട്ടില്‍ തിരിച്ചത്തെുന്ന ഇവര്‍ 27ന് കോയമ്പത്തൂര്‍ വഴി വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് പോവും. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ 30ന് ആര്‍മി ബോയ്സുമായാണ് ആദ്യ കളി. അണ്ടര്‍ 14 ആണ്‍കുട്ടികളില്‍ കോഴിക്കോട് ഫാറൂഖ് കോളജ് സ്കൂള്‍ ടീമും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ (അണ്ടര്‍ 17) തിരുവനന്തപുരം  വെള്ളായണി അയ്യാളി മെമോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളുമാണ് കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നത്. ഈ മത്സരങ്ങള്‍ യഥാക്രമം 11 മുതല്‍ 24 വരെയും 16 മുതല്‍ 29 വരെയും നടക്കും. 30ന് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ടൂര്‍ണമെന്‍റും ആരംഭിക്കും.
ബ്രസീല്‍, ഇംഗ്ളണ്ട്, യുക്രെയ്ന്‍, സ്വീഡന്‍, ദക്ഷിണ കൊറിയ, അഫ്ഗാനിസ്താന്‍ തുടങ്ങി പത്ത് വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 103 കൗമാരസംഘങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ കളിക്കുന്നുണ്ട്. ഇത്തവണ ബ്രസീലില്‍ നിന്നത്തെുന്നത് പെലെയും സൂപ്പര്‍ താരം നെയ്മറുമുള്‍പ്പെടെയുള്ളവര്‍ കളിയുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ച സാന്‍േറാസ് ഫുട്ബാള്‍ ക്ളബിന്‍െറ അക്കാദമി സ്കൂളാണ്. വിവിധ ഐ ലീഗ് ക്ളബുകളുടെ അക്കാദമികളും ഇന്ത്യന്‍ എയര്‍ഫോഴ്സ് സംഘാടകരായ സുബ്രതോ കപ്പിന്‍െറ ഭാഗമാവും.
2012ല്‍ യുക്രെയ്നിലെ ഡൈനാമോ കീവിനോട് രണ്ടിനെതിരെ അഞ്ച് ഗോളിന് എം.എസ്.പി കുട്ടികള്‍ അണ്ടര്‍ 17 കലാശക്കളിയില്‍ പരാജയം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം എം.എസ്.പിയും ബ്രസീലിലെ സെന്‍റ് അന്‍േറാണിയോ സംഘവും തമ്മിലായിരുന്നു കിരീടപ്പോരാട്ടം.  ഫൈനല്‍ കളിച്ച ഏക കേരള ടീം എം.എസ്.പിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.