ഡഗ്‌നാല്‍ ബ്‌ളാസ്റ്റേഴ്‌സിനെ രക്ഷപ്പെടുത്തി

കൊച്ചി: വിജയവഴിയിലത്തെിയില്ളെങ്കിലും കേരളപ്പിറവി ദിനത്തിലേക്കുണരുന്ന മലയാളിക്ക് സമനില സമ്മാനമൊരുക്കി കേരള ബ്ളാസ്റ്റേഴ്സിന്‍െറ തിരിച്ചുവരവ്. ഓരോ മത്സരവും നിര്‍ണായകമായ നിലയില്‍ ഹോംഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്.സിയെ നേരിട്ട ബ്ളാസ്റ്റേഴ്സ് ആക്രമിച്ചു കളിക്കുന്നതില്‍ മികവ് പുലര്‍ത്തിയെങ്കിലും വിജയം അകന്നുനിന്നു. 33ാം മിനിറ്റില്‍ ബോക്സില്‍ മെന്‍ഡോസയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി എലാനോ ഗോളാക്കിയപ്പോള്‍ ആദ്യ പകുതി ചെന്നൈയിന്‍ സ്വന്തമാക്കി. രണ്ടാം പകുതിക്ക് വിസിലൂതി നിമിഷങ്ങള്‍ക്കകം ക്രിസ് ഡഗ്നലിന്‍െറ ഗോളിലൂടെ ബ്ളാസ്റ്റേഴ്സിന് സമനില. പിന്നീട് ആക്രമണത്തിന് മൂര്‍ച്ച കൂട്ടി ഇരു കൂട്ടരും മുന്നേറിയെങ്കിലും സമനില കുരുക്കഴിക്കാനായില്ല. ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലത്തെിക്കാന്‍ കഴിയാതിരുന്ന ബ്ളാസ്റ്റേഴ്സ് ചെന്നൈയിന്‍ ഗോള്‍വല ലക്ഷ്യമാക്കി തൊടുത്ത ഷോട്ടുകള്‍ ഗോളി കരണ്‍ജിത്തിന്‍െറ മികച്ച പ്രകടനത്തില്‍ പാഴായി. അവസാന 15 മിനിറ്റ് 10 പേരുമായി പൊരുതേണ്ടിവന്നിട്ടും ബ്ളാസ്റ്റേഴ്സ് കരുത്തന്മാര്‍ക്കെതിരെ സമനില പിടിച്ചു.

അടിമുടി മാറി ബ്ളാസ്റ്റേഴ്സ്
പരിശീലകന്‍ മാറിയതിനൊപ്പം ടീം ഫോര്‍മേഷനിലും അടിമുടി മാറ്റവുമായാണ് ബ്ളാസ്റ്റേഴ്സ് ചെന്നൈയിനെതിരെ കളിച്ചത്. പുണെക്കെതിരെ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. സൗമിക് ഡേ, ബ്രൂണോ പെറോണ്‍, സാഞ്ചസ് വാട്ട് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടി. ജോസു പ്രീറ്റോ, ശങ്കര്‍ സംപിങ്കിരാജ്, മാര്‍കസ് വില്യംസ് എന്നിവര്‍ പകരക്കാരുടെ നിരയിലായിരുന്നു. 4-3-1-2 ഫോര്‍മേഷനില്‍ ഡഗ്നലിനും റാഫിക്കുമായിരുന്നു ആക്രമണ ചുമതല. അറ്റാക്കിങ് മിഡ്ഫീല്‍ഡറായി സാഞ്ചസ് വാട്ട്. മെഹ്താഫ് ഹുസൈന്‍, കൊയിമ്പ്ര, ബ്രൂണോ പെറോണ്‍ എന്നിവര്‍ തീര്‍ത്ത മധ്യനിര. പീറ്റര്‍ റാമേജും സന്ദേശ് ജിങ്കാനും തീര്‍ത്ത പ്രതിരോധ കണ്ണിയിലെ ഇടതുവലതു അറ്റക്കാരായി രാഹുല്‍ ഭേകെയും സൗമിക് ഡേയും. ഗോള്‍ വല കാത്തത് സ്റ്റീഫന്‍ ബൈവാട്ടറും.
മൂന്ന് മാറ്റങ്ങളോടെയാണ് ചെന്നൈയിന്‍ എഫ്.സിയും കളിച്ചത്. ജെജെ, റാല്‍ട്ടെ, പൊട്ടെന്‍സോ എന്നിവര്‍ ആദ്യ ഇലവനിലത്തെിയപ്പോള്‍ ധനചന്ദ്ര സിങ്, മെന്‍ഡി, ജയേഷ് റാണെ എന്നിവര്‍ പകരക്കാരായി. മെന്‍ഡോസക്കും എലാനോ ബ്ളൂമെറിനുമായിരുന്നു ആക്രമണ ചുമതല.

ആദ്യ ഗോള്‍, തെറ്റിനു കിട്ടിയ ശിക്ഷ
ചെന്നൈയിന്‍ ആക്രമണത്തില്‍ നിന്നാണ് കളി തുടങ്ങിയത്. എന്നാല്‍, പതുക്കെ കളം പിടിച്ചെടുക്കുകയായിരുന്നു ബ്ളാസ്റ്റേഴ്സ്. അഞ്ചാം മിനിറ്റില്‍ ബ്ളാസ്റ്റേഴ്സ് മുന്നേറ്റം കോര്‍ണറിന് വഴങ്ങി പൊട്ടെന്‍സോ രക്ഷപ്പെടുത്തി. മെഹ്താബ് ഹുസൈന്‍ എടുത്ത കോര്‍ണറില്‍ ഒന്നും സംഭവിച്ചില്ല. 10ാം മിനിറ്റിലായിരുന്നു അടുത്ത അവസരം. പക്ഷേ, സാഞ്ചസ് വാട്ടിന്‍െറ ശ്രമം വാദൂ ക്ളിയര്‍ ചെയ്തു. പിന്നീടുള്ള ഇരുടീമുകളുടെയും മുന്നേറ്റത്തിന് കാര്യമായ ഫലം കൊണ്ടുവരാനായില്ല. 31ാം മിനിറ്റിലായിരുന്നു ചെന്നൈയിന്‍െറ ആദ്യ ഗോള്‍. ബോക്സില്‍ മെന്‍ഡോസയെ വീഴ്ത്തിയ സന്ദേശ് ജിങ്കാന്‍െറ നിസ്സാര തെറ്റിന് കിട്ടിയ വലിയ ശിക്ഷ. പെനാല്‍റ്റിയെടുത്ത എലാനോ ഇടതുമൂലയിലേക്ക് തൊടുത്ത ഷോട്ട് മുന്‍കൂട്ടി കാണാന്‍ ബൈവാട്ടര്‍ക്കായില്ല. ആരാധകരെ ഞെട്ടിച്ച് ചെന്നൈ ടീമിന്‍െറ ആഹ്ളാദം. ചെന്നൈയിന്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയെങ്കിലും ഗോള്‍ അകന്നുനിന്നു. 41ാം മിനിറ്റില്‍ കേരളം ആദ്യ മാറ്റം വരുത്തി. പരിക്കേറ്റ കൊയിമ്പ്രക്ക് പകരം ഹോസു കളത്തിലിറങ്ങി. ആദ്യ പകുതി പിരിയും മുമ്പ് സ്വന്തം പകുതിയില്‍നിന്ന് ചെന്നൈയിന്‍ ബോക്സിലേക്ക് നീട്ടിക്കിട്ടിയ പന്തിന് മുഹമ്മദ് റാഫി തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.

പകരക്കാരുടെ രണ്ടാം പകുതി
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ബ്ളാസ്റ്റേഴ്സിന്‍െറ ആക്രമണം. പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി ബ്ളാസ്റ്റേഴ്സിന്‍െറ സമനിലഗോള്‍. ഇടതുവിങ്ങില്‍ക്കൂടി ചാട്ടൂളി കണക്കെ കുതിച്ചുകയറിയശേഷം സൗമിക് ഡേ ബോക്സിലേക്ക് നല്‍കിയ തകര്‍പ്പന്‍ ക്രോസ് ഒരു ബുള്ളറ്റ് ഹെഡറിലൂടെ ക്രിസ് ഡഗ്നല്‍ ഗോളി കരണ്‍ജിത് സിങ്ങിനെ നിഷ്പ്രഭനാക്കി വലയില്‍ കയറ്റി. തൊട്ടുപിന്നാലെ മെന്‍ഡോസയുടെ ഒരു ലോങ് ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. 51ാം മിനിറ്റില്‍ ബ്ളാസ്റ്റേഴ്സിന് പെനാല്‍റ്റി. എന്നാല്‍, ഹോസുവിന്‍െറ ഇടംകാലന്‍ ഷോട്ട് കരണ്‍ജിത് തട്ടിയകറ്റി. രണ്ടു മിനിറ്റിനുശേഷം ജോസു എടുത്ത ഫ്രീകിക്കും കരണ്‍ജിത് രക്ഷപ്പെടുത്തി. ഇതിനിടെ, ചെന്നൈയിന്‍െറ വാദൂവിനും ആല്‍വ്സിനും റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചു. 68ാം മിനിറ്റില്‍ ബോക്സിന്‍െറ വലതുമൂലയില്‍നിന്ന് എലാനോ പായിച്ച ഇടംകാലന്‍ ഷോട്ട് ബൈവാട്ടര്‍ മുഴുനീളെ പറന്ന് തട്ടിയകറ്റി. തുടര്‍ന്ന് ആക്രമണം മാറിമറിഞ്ഞെങ്കിലും ഗോള്‍ അകന്നുനിന്നു.
 75ാം മിനിറ്റില്‍ ബ്ളാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി ബ്രൂണോ പെറോണിന് ചുവപ്പുകാര്‍ഡ്. സ്റ്റീവന്‍ മെന്‍ഡോസയുടെ മുഖത്ത് ചവിട്ടിയതിനാണ് റഫറി മാച്ചിങ് ഓര്‍ഡര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.