അശ്ഗബാത് (തുര്‍ക്മെനിസ്താന്‍): ഫലത്തിന് മാറ്റമൊന്നുമില്ല. നാലാം പോരിലും ഇന്ത്യ വീണു. 2018 ഫുട്ബാള്‍ ലോകകപ്പ് ഏഷ്യന്‍ മേഖല ആദ്യഘട്ട യോഗ്യതാ മത്സരങ്ങളില്‍ തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ കാര്യത്തില്‍ തീരുമാനമായി.
ഗ്രൂപ് ഡിയില്‍ തുര്‍ക്മെനിസ്താനോട് 2^1നാണ് നീലപ്പട തോറ്റത്. ഗുവാഞ്ച് അബിലോവിലൂടെ എട്ടാം മിനിറ്റില്‍തന്നെ സന്ദര്‍ശകരുടെ വലയില്‍ പന്തത്തെിച്ച് തുര്‍ക്മെനിസ്താന്‍ മികച്ച തുടക്കം സ്വന്തമാക്കിയപ്പോള്‍ 28ാം മിനിറ്റില്‍ ജെജെ ലാല്‍പെഖ്ലുവയുടെ ഗോളിലൂടെ സമനില പിടിച്ച ഇന്ത്യ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍, 60ാം മിനിറ്റില്‍ അഴ്സ്ലാന്‍മിറാത് അമനോവിന്‍െറ ഗോളിലൂടെ ആതിഥേയര്‍ ഇന്ത്യന്‍സ്വപ്നം തകര്‍ത്തെറിഞ്ഞു. നാലാം തോല്‍വിയോടെ, ഗ്രൂപ്പില്‍നിന്നുള്ള മുന്നേറ്റം എന്ന ഇന്ത്യന്‍മോഹം പൊലിഞ്ഞിരിക്കുകയാണ്.
മത്സരത്തിന്‍െറ തുടക്കത്തില്‍ ഇന്ത്യന്‍ ആധിപത്യമായിരുന്നു. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിലൂടെ ആദ്യ ഗോളവസരം തുറന്നതും ഇന്ത്യയാണ്. എന്നാല്‍, അത് മുതലാക്കാനായില്ല. കളിയുടെ ഒഴുക്കിന് എതിരായി, രണ്ട് മിനിറ്റിനപ്പുറം തുര്‍ക്മെനിസ്താന്‍ വലകുലുക്കുകയും ചെയ്തു. ഇന്ത്യന്‍ശ്രമങ്ങള്‍ക്കുള്ള ഫലമായി 28ാം മിനിറ്റില്‍ ജെജെ ലക്ഷ്യംകണ്ടു. തുര്‍ക്മെനിസ്താന്‍െറ കീപ്പര്‍ നടത്തിയ സേവില്‍നിന്ന് വീണുകിട്ടിയ പന്ത് ജെജെ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആദ്യ പകുതി 1^1 സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ മുന്നില്‍ കയറാനുള്ള പോരാട്ടം ഇരുപക്ഷത്തുനിന്നും മുറുകവെയാണ് അമനോവിന്‍െറ ഗോള്‍ പിറന്നത്. രണ്ടു മിനിറ്റിനപ്പുറം ജെജെയുടെ കരുത്തുറ്റൊരു ഹെഡര്‍ എളുപ്പത്തില്‍ കൈപ്പിടിയിലാക്കി കീപ്പര്‍ ആതിഥേയര്‍ക്ക് രക്ഷകനായി. 86ാം മിനിറ്റില്‍ കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കെ പിറന്ന സുവര്‍ണാവസരം മുതലാക്കാന്‍ റോബിന്‍ സിങ്ങിനുമായില്ല.
ഡി ഗ്രൂപ്പില്‍ ഏറ്റവും ഒടുവിലാണ് ഇന്ത്യയുടെ കിടപ്പ്. ബംഗളൂരുവില്‍ ഗുവാമിനെതിരെയാണ് അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.