രഞ്ജി ക്രിക്കറ്റില്‍ വെടിക്കെട്ട് പ്രകടനവുമായി കാസര്‍കോടിന്‍െറ 'അസ്റു'

കാസര്‍കോട്: രഞ്ജി ക്രിക്കറ്റില്‍ റണ്‍ മഴ പെയ്യിക്കുകയാണ് കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസറുദ്ദീന്‍. തളങ്കരയുടെ പുത്തന്‍ താരോദയമായ അസ്റുവാണ് രഞ്ജിയില്‍ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞയാഴ്ച്ച ത്രിപുരക്കെതിരായ മല്‍സരത്തില്‍ 99 റണ്‍സ് നേടി ടീമിനെ വിജയത്തിലത്തെിച്ചത് അസ്റുവിന്‍െറ മിന്നും ഫോമായിരുന്നു. സര്‍വീസിനെതിരായ മല്‍സരത്തിലും വലിയ പ്രതീക്ഷയാണ് കേരള ടീമിനുള്ളത്. മികച്ച കീപ്പറും ഓപ്പണിങ് ബാറ്റസ്മാനുമായ അസ്ഹറുദ്ദീന്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്നായി 333 റണ്‍സാണ് അടിച്ച് കൂട്ടിയത്. ത്രിപുരക്കെതിരായ മല്‍സരത്തില്‍ 'മാന്‍ ഓഫ് ദി മാച്ച്, പുരസ്കാരവും അഞ്ച് ക്യാച്ചുകളും അസ്ഹറുദ്ദീന്‍ നേടിയിരുന്നു. 23 കാരനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ തളങ്കര കടവത്തെ പരേതരായ പി.കെ മൊയ്തുവിന്‍്റെയും നഫീസയുടെയും മകനാണ്. അണ്ടര്‍ 23 വിഭാഗത്തില്‍ മഹാരാഷ്ട്രക്കെതിരെ സെഞ്ച്വറി നേടിയതോട് കൂടിയാണ് രഞ്ജി ടീമിലേക്ക് അസ്ഹറുദ്ദീന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

കാസര്‍കോട്ടെ ക്രിക്കറ്റ് കുടുംബത്തില്‍ നിന്നാണ് അസ്ഹറുദ്ദീന്‍ ജനിച്ച് വളര്‍ന്നത്. അസ്ഹറുദ്ദീന്‍െറ സഹോദരങ്ങളായ ജലീല്‍, സിറാജുദ്ദീന്‍, മുഹമ്മദലി, ഉനൈസ് എന്നിവര്‍ ജില്ല ക്രിക്കറ്റ് ലീഗ് കളിക്കാരാണ്. അജ്മല്‍ എന്നായിരുന്നു അസ്ഹറുദ്ദീന് ആദ്യം പേരിട്ടിരുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍െറ കടുത്ത ആരാധകനായിരുന്ന ജ്യേഷ്ഠന്‍ കമാലുദ്ദീനാണ് അജ്മല്‍ എന്ന പേര് ഒഴിവാക്കി  അസ്ഹറുദ്ദീന്‍ എന്ന പേരിട്ടത്. തളങ്കരയിലെ ക്രിക്കറ്റ് ക്ളബ്ബായ ടി.സി.സിയിലൂടെയാണ് അസ്ഹഹുദ്ദീന്‍ ക്രിക്കറ്റില്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ചെറുപ്രായത്തില്‍ തന്നെ ജില്ല ലീഗ് പോരാട്ടങ്ങളിലെ വെടിക്കെട്ട് ബാറ്റ്സ്മാനായിരുന്നു അസ്റു.അണ്ടര്‍ 19, 23 വിഭാഗങ്ങളില്‍ കേരളത്തിന്‍്റെ വിക്കറ്റ്കീപ്പറായും മികച്ച വലംകയ്യ ബാറ്റ്സ്മാനായും നായകനായും തിളങ്ങി നിന്നു. ഏത് പൊസിഷനിലും ബാറ്റ് ചെയ്യനുള്ള മികവും കളിക്കളത്തില്‍ മാന്യത കാത്ത് സൂക്ഷിക്കുന്ന താരം എന്നതാണ് അസ്ഹറുദ്ദീനെ വ്യത്യസ്തനാക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ കെ.സി.എ (കേരള ക്രിക്കറ്റ് അസോസിയേഷന്‍)യുടെ മികച്ച വിക്കറ്റ് കീപ്പര്‍ പുരസ്കാരം അസ്റു നേടിയിരുന്നു. എറണാകുളം സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നിന്ന്  ബി.എ ഇംഗ്ലീഷ് ബിരുദം പൂര്‍ത്തിയാക്കി. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറയുടെ കീഴില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കാനായത് ക്രിക്കറ്റ് ജീവിതത്തിലെ മികച്ച നേട്ടമായി. ജീവിതം ക്രിക്കറ്റാക്കി മാറ്റിയ അസ്റു രഞ്ജി ക്രിക്കറ്റിലൂടെ ഐ.പി.എല്ലില്‍ എത്തുകയും അതിലൂടെ ഇന്ത്യന്‍ ടീമിന്‍െറ ഓപ്പണറായി മാറുമെന്ന് തന്നെയാണ് ജന്‍മനാടായ തളങ്കര കടവത്തുകാരുടെ വിശ്വാസം.                           

Tags:    
News Summary - ranji trophy cricketer azharudheen from kasargode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT