രഞ്ജി: കേരളത്തിന് മേല്‍ക്കൈ

കൊല്‍ക്കത്ത: ഹിമാചലിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് മേല്‍ക്കൈ. ഒന്നാം ഇന്നിങ്സില്‍ കേരളം 248 റണ്‍സിന് പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങാരംഭിച്ച ഹിമാചല്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയിലാണ്.

നാലിന് 163 എന്ന നിലയില്‍ രണ്ടാം ദിവസം കളി പുനരാരംഭിച്ച കേരളത്തിന് 85 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. നായകന്‍ റിഷി ധവാന്‍െറ ബൗളിങ് പ്രകടനമാണ് കേരളത്തിന്‍െറ ബാറ്റിങ് തകര്‍ച്ച എളുപ്പമാക്കിയത്. വി.എ. ജഗദീഷിന്‍െറ വിക്കറ്റാണ് (35) കേരളത്തിന് ആദ്യം നഷ്ടമായത്. തലേദിനം അര്‍ധ സെഞ്ച്വറി കടന്ന സചിന്‍ ബേബി (61) തൊട്ടുപിന്നാലെ കൂടാരം കയറി. ഇഖ്ബാല്‍ അബ്ദുല്ല (17), മനുകൃഷ്ണന്‍ (20), ബേസില്‍ തമ്പി (17), കെ. മോനിഷ് (0) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. സന്ദീപ് വാര്യര്‍ (0) പുറത്താവാതെ നിന്നു. ധവാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗുര്‍വീന്ദര്‍ സിങ്ങും മായങ്ക് ദാഗറും രണ്ട് വിക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമായിരുന്നു ഹിമാചലിന്. ഓപണര്‍മാരായ അന്‍കുഷ് ബെയ്ന്‍സും (22), പ്രശാന്ത് ചോപ്രയും (60) എതിരാളികള്‍ക്ക് മികച്ച അടിത്തറയൊരുക്കി. സ്കോര്‍ 74ലത്തെിയപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. ബെയ്ന്‍സിനെ റിട്ടേണ്‍ക്യാച്ചില്‍ പുറത്താക്കിയ സക്സേന നല്‍കിയ തുടക്കം കേരളം മുതലാക്കി. പിന്നെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടു. നിഖില്‍ ഗങ്ത (6), പരസ് ദൊഗ്ര (2) എന്നിവര്‍ക്കു പിന്നാലെ ചോപ്രയെ സന്ദീപ് വാര്യര്‍ ക്ളീന്‍ ബൗള്‍ഡാക്കി.

അഞ്ചാം വിക്കറ്റില്‍ ധവാനും (28), റോബിന്‍ ബിസ്തും (16) ചെറുത്തുനിന്നെങ്കിലും അല്‍പായുസ്സ് മാത്രമായി. നാലിന് 140ല്‍ നിന്നും വിക്കറ്റുകള്‍ തുരുതുരാ നഷ്ടമായി. ദാഗര്‍ (17), നിര്‍മോഹി (0) എന്നിവരും മടങ്ങിയതോടെ എട്ടിന് 184ലേക്ക് തകര്‍ന്നു. രണ്ട് വിക്കറ്റ് കൂടി എളുപ്പം പുറത്താക്കിയാല്‍ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ് പിടിച്ചെടുക്കാം. സക്സേന അഞ്ചും മോനിഷ്, ഇഖ്ബാല്‍ അബ്ദുല്ല, സന്ദീപ് വാര്യര്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.  

 

Tags:    
News Summary - ranji cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.