ആദ്യ ടെസ്റ്റിന്‍െറ ആദ്യ ദിവസം ദക്ഷിണാഫ്രിക്കയെ ഇന്ത്യ ചുരുട്ടിക്കെട്ടി

കേപ്ടൗണ്‍: സ്വന്തം മണ്ണിലെ വിജയപരമ്പരകളുടെ തുടര്‍ച്ച തേടി ദക്ഷിണാഫ്രിക്കന്‍ മണ്ണിലത്തെിയ ഇന്ത്യക്ക് തുടക്കം മോശമായില്ല. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ആദ്യ ടെസ്റ്റിന്‍െറ ആദ്യ ദിവസം 286 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ കരുത്തുകാട്ടിയത്. അതിവേഗത്തില്‍ പന്ത് കുത്തിയുയരുന്ന വിദേശ പിച്ചുകളില്‍ പതറുന്ന പതിവിന് വിപരീതമായി തുടക്കം മുതല്‍ ഇന്ത്യന്‍ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിക്കുകയായിരുന്നു.

74ാമത്തെ ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് ചുരുട്ടിക്കെട്ടാന്‍ ഇന്ത്യയെ തുണച്ചത് ഭുവനനേശ്വര്‍ കുമാറിന്‍െറ നാല് വിക്കറ്റ് പ്രകടനമാണ്. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീഴ്ത്തി ഒപ്പം കൂടിയപ്പോള്‍ വാലറ്റത്തെ രണ്ടുവിക്കറ്റും കീശയിലാക്കി രവിചന്ദ്ര അശ്വിനും മികവ് കാട്ടി.

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ പൂജ്യത്തിന് നിൽക്കെ എല്‍ഗറിനെ വീഴ്ത്തി ഭുവനേശ്വര്‍ കുമാർ ഇന്ത്യൻ തുടക്കം കേമമാക്കി. മൂന്നാം ഓവറില്‍ എയ്ഡന്‍ മക്രാം(5), അപകടകാരിയായ ഹാഷിം അംല(3) എന്നിവരെയും ഭുവനേശ്വർ മടക്കി. പിന്നീട് ഒത്തുചേർന്ന എബി ഡിവില്ലേഴ്സും (65) ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും (62) ചേർന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിക്കുകയായിരുന്നു. ക്വിൻറൺ ഡിക്കോക്​ (43), കേശവ്​ മഹാരാജ്​ (35) എന്നിവരാണ്​ ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്​.

ഏകദിന ശൈലിയിലാണ് ഡിവില്ലേഴ്സ് ബാറ്റ് വീശിയത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ബുമ്രയാണ് ഡിവില്ലേഴ്സിനെ പുറത്താക്കിയത്. ഡുപ്ലെസിസിൻെറ വിക്കറ്റ് പാണ്ഡ്യക്കായിരുന്നു. ഡിവില്ലേഴ്സ്-ഡുപ്ലെസിസ് സഖ്യം 114 റൺസാണ് ചേർത്തത്. പിന്നീടെത്തിയ കിൻറ്വൺ ഡി കോക്കും ഫിലാൻഡറും(23) ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ കുരുങ്ങി. ഡി കോക്കിനെ ഭുവനേശ്വറും ഫിലാൻഡറെ ഷമിയുമാണ് പുറത്താക്കിയത്. നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ പുറത്തിരുത്തിയാണ്  ഇന്ത്യൻ ടീം മത്സരത്തിനിറങ്ങിയത്.

Tags:    
News Summary - india Vs south africa first test at capetown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.