ഇന്ത്യൻ ജയത്തിനരികിൽ വെളിച്ചം മാഞ്ഞു; ഒന്നാം ടെസ്റ്റിൽ ആവേശകരമായ സമനില
കൊൽക്കത്ത: നേരത്തെ വെളിച്ചം പൊലിഞ്ഞ ഇൗഡൻ ഗാർഡനിലെ പകലിനോട് ശ്രീലങ്ക കടപ്പെട്ടിരിക്കുന്നു. അല്ലായിരുന്നുവെങ്കിൽ തുറിച്ചുനോക്കിയ പരാജയത്തിെൻറ പടുകുഴിയിൽ ആദ്യ ടെസ്റ്റിൽതന്നെ നിലംപൊത്തിയേനെ. ഭുവനേശ്വർ കുമാറിെൻറയും മുഹമ്മദ് ഷമിയുടെയും തീ തുപ്പുന്ന പന്തുകൾക്കു മുന്നിൽ മുട്ടിടിച്ച ലങ്ക വെറും മൂന്നു വിക്കറ്റ് മാത്രം കൈയിലിരിക്കെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
സ്കോർ: ഇന്ത്യ 172&352/8, ശ്രീലങ്ക:294, ഏഴിന് 75.
മഴയും വെളിച്ചക്കുറവും ഏറെക്കുറെ മുക്കാൽ പങ്കും അപഹരിച്ച ടെസ്റ്റിൽ തുടക്കത്തിൽ മുൻതൂക്കം ശ്രീലങ്കക്കായിരുന്നു. ആദ്യ ഇന്നിങ്്സിൽ 122 റൺസിെൻറ നിർണായകമായ ലീഡും കരസ്ഥമാക്കിയിരുന്നു. പക്ഷേ, ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഉജ്ജ്വല സെഞ്ച്വറിയുടെയും ശിഖർ ധവാെൻറയും (94) ലോകേഷ് രാഹുലിെൻറയും (79) അർധസെഞ്ച്വറികളുടെയും ഇന്ത്യ തിരിച്ചടിച്ചപ്പോൾ എട്ട് വിക്കറ്റിന് 352 എന്ന മികച്ച സ്കോറിലെത്തി.
വിജയലക്ഷ്യമായ 231 റൺസിലേക്ക് ബാറ്റുമെടുത്തിറങ്ങിയ ലങ്ക അനായാസം സമനില പിടിക്കുമെന്നാണ് കരുതിയത്. പക്ഷേ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു.
ഭുവനേശ്വറിെൻറ ആദ്യ ഒാവറിലെ ആറാം പന്തിൽ സമര വിക്രമയുടെ കുറ്റി തെറിച്ചു. നാലാം ഒാവറിൽ ഷമിയുടെ വകയായിരുന്നു പ്രഹരം. ദിമുത് കരുണരത്നെയുടെ കുറ്റി ഷമി പിഴുതു. പിന്നീട് വിക്കറ്റുകൾ മാങ്ങ പൊഴിയും പോലെ വീണുതുടങ്ങിയതോടെ ഇന്ത്യ ജയം മണത്തു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്വെല്ല പൊരുതി നോക്കിയെങ്കിലും 27 റൺസിൽ ചെറുത്തുനിൽപ്പ് അവസാനിച്ചു. ഭുവനേശ്വർ ആദ്യ ഇന്നിങ്സിലേതുപോലെ നാല് വിക്കറ്റ് പ്രകടനം ആവർത്തിച്ചപ്പോൾ ഷമി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി. ഉമേഷ് കുമാർ ഒരു വിക്കറ്റും വീഴ്ത്തി. നാലുപേർ കുറ്റി തെറിച്ച് പുറത്തായി.
രണ്ടിന്നിങ്സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് മാൻ ഒാഫ് ദ മാച്ച്.
നേരത്തെ ക്യാപ്റ്റൻ വിരാട് കോഹ്ലി (104) നേടിയ സെഞ്ച്വറിയുടെകരുത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ എട്ടിന് 352 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 64 റൺസിെൻറ ലീഡോടെയാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയത്. കെ.എൽ രാഹുൽ(79), ശിഖർ ധവാൻ (94) എന്നിവരുടെ അർധ സെഞ്ച്വറികളും ഇന്ത്യയുടെ ഇന്നിങ്സിൽ നിർണായകമായി. ശ്രീലങ്കക്കായി ലക്മൽ, ദാസുൻ ശങ്ക എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
അതേ സമയം, ടെസ്റ്റിൽ മറ്റൊരു റെക്കോർഡ് കൂടി ഇന്ത്യൻ താരം ചേതേശ്വർ പൂജാര സ്വന്തമാക്കി. ഒരു ടെസ്റ്റിെൻറ അഞ്ചു ദിവസങ്ങളിലും ബാറ്റ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.