???. ?????????? ??????????????????????? ??????????????

ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാന്‍ എല്ലാവിധത്തിലും പോരാടും –എസ്. ശ്രീശാന്ത്

മസ്കത്ത്: ക്രിക്കറ്ററായി അറിയപ്പെടാനാണ് തനിക്ക് ഇഷ്ടമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. അതുകൊണ്ട് വിലക്ക് നീക്കാനും ഇന്ത്യന്‍ ടീമില്‍ തിരികെയത്തൊനും എല്ലാ വിധത്തിലും പോരാടും. ആവശ്യമെങ്കില്‍ നിയമപരമായും നീങ്ങുമെന്നും ശ്രീശാന്ത് മസ്കത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എലൈറ്റ് ജ്വല്ലറി ശാഖയുടെ ഉദ്ഘാടനത്തിനാണ് ശ്രീശാന്ത് മസ്കത്തില്‍ എത്തിയത്. 

കോടതി എല്ലാ കുറ്റങ്ങളില്‍നിന്നും വിമുക്തനാക്കിയിട്ടും ടീമില്‍ ഇടം നല്‍കാത്തത് സങ്കടകരമാണ്. ആരുടെയും സഹതാപം ആഗ്രഹിക്കാത്തതിനാലാണ് വിഷമം പുറത്തുകാണിക്കാത്തത്. കുറ്റവിമുക്തനായിട്ടും ബി.സി.സി.ഐയുടെ അന്നത്തെ ഭാരവാഹികള്‍ അത് കണ്ടില്ളെന്നു നടിച്ചു. പുതിയ ഭരണസമിതി അധ്യക്ഷന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ മറുപടി ലഭിച്ചിട്ടില്ല. ഈ മറുപടിക്ക് ശേഷം മാത്രമാകും നിയമപരമായി നീങ്ങണമോയെന്നതടക്കം തുടര്‍നടപടികള്‍ തീരുമാനിക്കുക. 

സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് ബി.സി.സി.ഐ ഭരണസമിതിയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ക്രിക്കറ്റിന് ഗുണം ചെയ്യും. ഭരണകര്‍ത്താക്കള്‍ രാഷ്ട്രീയക്കാരല്ല എന്നതാണ് അതിന്‍െറ ഏറ്റവും നല്ല വശം. മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഭരണസമിതികളില്‍ വരുന്നത് ക്രിക്കറ്റിന്‍െറ ഭാവിക്ക് നല്ലതാണ്. മൂന്നു വര്‍ഷത്തില്‍ അധികം ഒരു തസ്തികയില്‍ ഒരാള്‍ക്ക് ഇരിക്കാന്‍ കഴിയില്ല എന്നതും ശ്രദ്ധേയ വശമാണ്. ഞാനാണ് കസേരയില്‍, എന്‍െറ ആളുകള്‍ മാത്രം കളിച്ചാല്‍ മതിയെന്ന രീതി ഇതോടെ മാറുമെന്ന് ശ്രീശാന്ത് പറഞ്ഞു. ആര്‍ക്കും പ്രത്യേക പിന്തുണയില്ലാത്തതിനാല്‍ ഒരു ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ കളിച്ച് നേട്ടങ്ങള്‍ കൊയ്യാന്‍ ക്രിക്കറ്റ് ടീമിന് കഴിയും. ഇന്ത്യന്‍ ക്രിക്കറ്റിന് മാറ്റത്തിലേക്ക് വഴിതുറക്കുന്നതാണ് സുപ്രീം കോടതി ഇടപെടലെന്നാണ് തന്‍െറ വിശ്വാസം. ബി.സി.സി.ഐ വിലക്ക് നീക്കിയാല്‍ ഒരു സീസണ്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഇന്ത്യന്‍ ടീമില്‍ തിരികെയത്തൊന്‍ സാധിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. കേരള സര്‍ക്കാറിന്‍െറ കൂടി പിന്തുണയുണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്നും ശ്രീശാന്ത് പറഞ്ഞു. 

തന്‍െറ വിഷമസന്ധികളിലൊന്നും രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും സഹായ ഹസ്തം നീട്ടിയിട്ടില്ല. ടീമില്‍ ഇടം ലഭിക്കണമെങ്കില്‍ സ്വയം തന്നെ മുന്നിട്ടിറങ്ങി പോരാടണമെന്ന പാഠം ഇതുവഴി പഠിച്ചു. ഒരു പാര്‍ട്ടിക്ക് കീഴില്‍  മത്സരിച്ചതുകൊണ്ട് മലയാളി ആകാതിരിക്കുന്നില്ല. അധികാരം ലഭിച്ചശേഷം കൊടികളുടെ പേരില്‍ സഹായങ്ങളും പിന്തുണയും നിഷേധിക്കുന്ന അവസ്ഥയുണ്ടാകരുത്. ആരുടെയും പിന്തുണയില്ലാതെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ട അവസ്ഥയിലും മലയാളിയാണ് എന്നതാണ് ഏറ്റവും വലിയ ശക്തിയായി താന്‍ കണ്ടതെന്നും ശ്രീശാന്ത് പറഞ്ഞു. എലൈറ്റ് ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ നിഹാസ്, യാസീന്‍, ആഷിഖ് യാസീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.