ആലപ്പുഴ: ഐ.പി.എല്ലിലെ ഡല്‍ഹി-പുണെ മത്സരം. സ്കോട്ട് ബോളിങ്ങിന്‍െറ മൂന്നാമത്തെ ഓവറിലെ മൂന്നാമത്തെ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട സഞ്ജു വി. സാംസണ്‍ വിളിച്ചു പറഞ്ഞു-‘ഓടിക്കോ’. വിക്കറ്റിനുപിന്നില്‍ നിന്ന പുണെ നായകന്‍ ധോണിയുള്‍പ്പെടെയുള്ളവര്‍ക്ക് ഒന്നും മനസ്സിലായില്ളെങ്കിലും മറുതലക്കല്‍ നിന്ന നോണ്‍ സ്ട്രൈക്കര്‍ ഓട്ടം തുടങ്ങി. തിങ്കളാഴ്ച ബി.സി.സി.ഐ സെക്രട്ടറി അജയ് ഷിര്‍കി പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ ആ നോണ്‍ സ്ട്രൈക്കര്‍ ഇടംനേടിയിരിക്കുന്നു-കരുണ്‍ നായര്‍. ആലപ്പുഴ ചെങ്ങന്നൂര്‍ കീഴ്ച്ചേരിമ്മേല്‍ കിഴക്കേനട കരുണഗിരിയില്‍ കലാധരന്‍ നായര്‍- പ്രേമ ദമ്പതികളുടെ മകന്‍. വളര്‍ന്നത് കര്‍ണാടകയിലാണെങ്കിലും നല്ല ഒന്നാന്തരം മലയാളി.
സിംബാബ്വെക്കെതിരായ ഏകദിന പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ കരുണിന്‍െറ പേരുകൂടി എഴുതിച്ചേര്‍ത്തപ്പോള്‍ മലയാളത്തിനും ഇത് അഭിമാനനിമിഷം. ജോധ്പൂരില്‍ ജനിച്ച കരുണ്‍ ജീവിതത്തിന്‍െറ കൂടുതല്‍ സമയവും ചെലവിട്ടത് ബംഗളൂരുവിലാണ്. കരുണിനെക്കുറിച്ച് പറയുമ്പോള്‍ ബന്ധുക്കള്‍ക്ക് നൂറുനാവാണ്. കരുണിന്‍െറ അമ്മയുടെ ചേച്ചിയുടെ വീടാണ് ചെങ്ങന്നൂരിലുള്ളത്. 2012ല്‍ മാതൃസഹോദരീപുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കരുണ്‍ അവസാനമായി നാട്ടിലത്തെിയത്. മാതാപിതാക്കള്‍ കഴിഞ്ഞയാഴ്ച കുടുംബവീട്ടിലത്തെി മടങ്ങിയിരുന്നു. പരിശീലനവും മറ്റു ആഭ്യന്തര ടൂര്‍ണമെന്‍റുകളും കാരണം കരുണിന് കേരളത്തിലേക്ക് വരാന്‍കഴിയാറില്ല. 17ന് ചെങ്ങന്നൂര്‍ കീഴ്ച്ചേരിമ്മേല്‍ കരയുടെ നേതൃത്വത്തില്‍ കരുണിന് വഴിപാടായി വള്ളസദ്യ നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. വള്ളസദ്യയില്‍ പങ്കെടുക്കാന്‍ കരുണ്‍ എത്തുമെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്.
കരുണിന്‍െറ പിതാവ് കലാധരന്‍ നായര്‍ ബംഗളൂരുവില്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കല്‍, ഗാര്‍ഡനിങ് എന്നിവ കരാറെടുത്ത് നടത്തുകയാണ്. മാതാവ് പ്രേമ കെ. നായര്‍ ബംഗളൂരു ചിന്മയ സ്കൂള്‍ അധ്യാപികയാണ്. മൂത്തസഹോദരി ശ്രുതി നായരും ഭര്‍ത്താവ് വിനീത് കൃഷ്ണനും കാനഡയില്‍ ഇലക്ട്രിക്കല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ്. എല്‍.കെ.ജി മുതല്‍ ക്രിക്കറ്റ് കളിയില്‍ ആകൃഷ്ടനായ കരുണ്‍ നായര്‍, രാഹുല്‍ ദ്രാവിഡിന്‍െറ ശക്തമായ പിന്തുണയിലാണ് ഉയരങ്ങളിലത്തെിയത്.
2013ലാണ് 24കാരനായ കരുണ്‍ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ കര്‍ണാടകക്കുവേണ്ടി അരങ്ങേറുന്നത്. ഈ ഐ.പി.എല്ലിലെ എല്ലാ മത്സരങ്ങളിലും ഡല്‍ഹിക്കുവേണ്ടി ബാറ്റേന്തിയ കരുണ്‍ 14 മത്സരങ്ങളില്‍നിന്നായി 357 റണ്‍സെടുത്തിട്ടുണ്ട്. 10 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന കരുണിനെ നാലുകോടി രൂപക്കാണ് ഡല്‍ഹി വിളിച്ചെടുത്തത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാനൊപ്പമായിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലത്തെിച്ചതില്‍ മുഖ്യപങ്ക് കരുണിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.