ഇന്ത്യ-ആസ്ട്രേലിയ അഞ്ചാം ഏകദിനം ഇന്ന്

സിഡ്നി: ഇന്ന് സിഡ്നി മൈതാനത്ത് ഇന്ത്യ ജയിച്ചാല്‍ അതൊരു വലിയ അദ്ഭുതമായിരിക്കും. കാരണം, ഇങ്ങനെയൊരു മത്സരം കളിക്കാന്‍ താല്‍പര്യമുള്ള ആരുമുണ്ടാവില്ല ഇന്ത്യന്‍ ടീമില്‍. ആസ്ട്രേലിയക്കെതിരെ മറ്റൊരു ടോസിനുകൂടി നാണയമെറിയേണ്ടിവരുന്നതിന്‍െറ വീര്‍പ്പുമുട്ടലുണ്ടാവും ക്യാപ്റ്റന്‍ ധോണിക്ക്.
ഇതിനകം 4-0ത്തിന് തീര്‍പ്പുകല്‍പിച്ച പരമ്പരയില്‍ ഇന്ത്യക്ക് ചെയ്യാന്‍ ഇനിയൊന്നും ബാക്കിയില്ല. ഇതുംകൂടി തോറ്റാല്‍ ‘കാവിലെ പാട്ടുമത്സരത്തിന് കാണാം...’ എന്ന ഡയലോഗുമടിച്ച് അടുത്ത വണ്ടിക്ക് നാടുപിടിക്കാം. അതിനിടയില്‍ ആചാരവെടിക്കെട്ടിന് മൂന്ന് ട്വന്‍റി20 മത്സരവും കൂടിയുണ്ട്. ഇക്കണക്കിനാണെങ്കില്‍ അതിന്‍െറ കാര്യത്തെക്കുറിച്ചും കൂടുതല്‍ ആലോചിക്കേണ്ട കാര്യമില്ല.

പണ്ട് ഷാര്‍ജയില്‍ ചേതന്‍ ശര്‍മയെ അവസാന പന്തില്‍ സിക്സര്‍ തൂക്കി മിയാന്‍ദാദ് ഇന്ത്യയില്‍നിന്ന് തട്ടിപ്പറിച്ച വിജയത്തിന്‍െറ നോവ് ഏറെക്കാലം ഇന്ത്യ പേറിക്കൊണ്ടുനടന്നതാണ്. കാന്‍ബറയില്‍ ആസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ അനായാസം ജയിക്കാവുന്ന ഘട്ടത്തില്‍നിന്ന് തലകുത്തിവീണ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദയനീയ തോല്‍വി ഷാര്‍ജയിലെപ്പോലെ ഏറെക്കാലം ഇന്ത്യയെ പിന്തുടരുമെന്നുറപ്പാണ്. മത്സരത്തിലെ 38ാമത്തെ ഓവര്‍ വരെ ഇന്ത്യയായിരുന്നു ജയിച്ചുനിന്നത്. കടവടുത്തപ്പോള്‍ മുക്കിയ തോണിപോലെയായിപ്പോയി ഇന്ത്യന്‍ ടീമിന്‍െറ അവസ്ഥ. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 277 റണ്‍സില്‍നിന്ന് 323ല്‍ കളി അവസാനിപ്പിക്കാന്‍ ഇന്ത്യക്കല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ആ നഷ്ടബോധത്തോടെയായിരിക്കും ശനിയാഴ്ച ഇന്ത്യ അഞ്ചാമങ്കത്തിന് കളത്തിലിറങ്ങുക. തൂത്തുവാരുമെന്ന നാണക്കേട് ഒഴിവാക്കാന്‍ രണ്ടും കല്‍പിച്ച് വല്ലതും ചെയ്യുമോ എന്നുമാത്രമേ അറിയാനുള്ളൂ.

ടീമിന്‍െറ ജയത്തെക്കാള്‍ വ്യക്തിഗത മികവില്‍ കണ്ണുനട്ടിറങ്ങുന്ന താരങ്ങളെ വെച്ച് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ധോണി എന്ന നായകന്‍. മറുവശത്താകട്ടെ, നാലും ജയിച്ചതിന്‍െറ വര്‍ധിതവീര്യത്തില്‍ പരമ്പര തൂത്തുവാരാനുറച്ചാണ് ആസ്ട്രേലിയ ഇറങ്ങുന്നത്. ഫോമില്‍ കളിച്ചുകൊണ്ടിരുന്ന അജിന്‍ക്യ രഹാനെ കൈവിരലിനു പരിക്കേറ്റ് പുറത്തിരിക്കുമ്പോള്‍ പകരം ആരെ പരീക്ഷിക്കണമെന്ന കാര്യത്തിലും ധോണി ആശങ്കയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.