പെര്‍ത്ത്: ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. വാക്കയിലെ അതിവേഗ പിച്ചില്‍ അപരാജിതനായി കത്തിപ്പടർന്ന രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി മികവിൽ (171*) ഇന്ത്യ 309 റൺസെടുത്തു. 163 പന്തിൽ 7 സിക്‌സും 13 ഫോറും അടങ്ങുന്നതായിരുന്നു രോഹിതിൻെറ ഇന്നിങ്‌സ്. ഏകദിന കരിയറിലെ രോഹിതിൻെറ ഒമ്പതാമത്തെ സെഞ്ച്വറിയും ആസ്‌ട്രേലിയക്കെതിരെ മൂന്നാമത്തെ സ്വെഞ്ചറിയുമാണിത്. വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി 91 റണ്‍സെടുത്തു പുറത്തായി.
മത്സരത്തില്‍ രോഹിത് രണ്ട് വ്യക്തിഗത റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. കുറഞ്ഞ മത്സരങ്ങളില്‍ നിന്നും ആസ്‌ട്രേലിയക്കെതിരെ ആയിരം റണ്‍സ് നേടിയതിനുള്ള റെക്കോര്‍ഡ് രോഹിത് തൻെറ പേരിലാക്കി. ഇരുപതു മത്സരങ്ങളില്‍ നിന്നും ആയിരം റണ്‍സ് തികച്ച സചിന്‍ ടെണ്ടുല്‍ക്കറുടെയും ബ്രയാന്‍ ലാറയുടെയും റെക്കോര്‍ഡാണ് രോഹിത് തകര്‍ത്തത്. 19 മത്സരങ്ങളില്‍ നിന്നാണ് രോഹിതിൻെറ നേട്ടം. ഏകദിനത്തില്‍ ആസ്‌ട്രേലിയക്കെതിരെ ആസ്‌ട്രേലിയയില്‍ വെച്ച് നേടുന്ന വലിയ വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. വിവിയന്‍ റിച്ചാര്‍ഡ്‌സ് മെല്‍ബണില്‍ നേടിയ 153 റണ്‌സിൻെറ റെക്കോഡാണ് രോഹിത് മറികടന്നത്.
ഓപണിങ്ങിറങ്ങിയ ശിഖര്‍ ധവാനെ തുടക്കത്തിലേ ഇന്ത്യക്ക് നഷ്ടമായി. മാര്‍ഷിന്റെ കൈകളിലെത്തിച്ച് ഹസല്‍വുഡ് തുടങ്ങിയെങ്കിലും പിന്നീട് വിക്കറ്റ് വീഴ്ച ഉണ്ടായില്ല. രണ്ടാം വിക്കറ്റില്‍ ചേര്‍ന്ന കോഹ്ലി-രോഹിത് സഖ്യം 37.5 ഓവറില്‍ നിന്നും 207 റണ്‍സാണെടുത്തത്. അവസാന ഓവറുകളില്‍ സ്‌കോര്‍ബോര്‍ഡിലെ അക്കങ്ങള്‍ മാറിമറിയുന്നതിനിടെ കോഹ്ലി വീണു. ഫോക്ക്‌നറുടെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്.
പിന്നീടെത്തിയ ക്യാപ്റ്റന്‍ ധോണി സ്‌കോറിങ് ഉയര്‍ത്താനായി ശ്രമം തുടങ്ങിയെങ്കിലും 18 റണ്‍സിലെത്തി നില്‍ക്കെ ബൊലാന്‍ഡ് സുന്ദരമായ ക്യാച്ചിലൂടെ ക്യാപ്റ്റനെ പുറത്താക്കി. രവീന്ദ്ര ജഡേജ 10 റൺസെടുത്തു.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ എം.എസ് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.