ഡിവില്ലിയേഴ്സിന് വീണ്ടും സെഞ്ച്വറി; സന്നാഹം സമനിലയില്‍

മുംബൈ: ഇന്ത്യന്‍മണ്ണില്‍ റണ്‍വേട്ട തുടരുന്ന എ.ബി. ഡിവില്ലിയേഴ്സ് (112) മറ്റൊരു സെഞ്ച്വറികൂടി അടിച്ചെടുത്ത് ടീമിനെ താങ്ങിയ ദ്വിദിന സന്നാഹമത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ബോര്‍ഡ് പ്രസിഡന്‍റ് ഇലവനും സമനിലയില്‍ പിരിഞ്ഞു. രണ്ടാം ദിനം ആറു റണ്‍സ് ലീഡുമായി ദക്ഷിണാഫ്രിക്കന്‍ ഒന്നാം ഇന്നിങ്സ് 302ല്‍ അവസാനിച്ചു. തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ ബോര്‍ഡ് ഇലവന്‍ കളി അവസാനിക്കുമ്പോള്‍ 30 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 92 റണ്‍സെടുത്തു. ആദ്യ ദിനത്തില്‍ ഇന്ത്യ 296ന് പുറത്തായിരുന്നു.

ഷര്‍ദുല്‍ താക്കൂറിന്‍െറ നാലു വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ മുന്‍നിരയാകെ തകര്‍ന്ന് അഞ്ചിന് 57 എന്ന നിലയില്‍ വീഴ്ചയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ഡിവില്ലിയേഴ്സ് ഒറ്റക്ക് ചുമലിലേറ്റുകയായിരുന്നു. ടെംബ ബവുമ (15), ഡെയ്ന്‍ വിലാസ് (54), വെര്‍നന്‍ ഫിലാണ്ടര്‍ (12) എന്നിവരുമായി ചേര്‍ന്നാണ് താരം റണ്‍ വാരിയത്. ബവുമായുമായുള്ള കൂട്ടുകെട്ടില്‍ 54 റണ്‍സ് പിറന്നു. വിലാസാണ് ഡിവില്ലിയേഴ്സിന് ഒപ്പത്തിനൊപ്പംനിന്ന് റണ്‍സ് കണ്ടത്തെിയത്. 115 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. 78 പന്തില്‍ 54 റണ്‍സെടുത്ത് വിലാസ് പുറത്തായതിനുശേഷം ഡിവില്ലിയേഴ്സിന് കൂട്ടായി ഫിലാണ്ടര്‍ എത്തി. 18 ബൗണ്ടറികള്‍ പറത്തിയ ഡിവില്ലിയേഴ്സ് 131 പന്തിലാണ് 112 റണ്‍സെടുത്ത് പുറത്തായത്. വാലറ്റത്തില്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ 37 റണ്‍സെടുത്തു. ബോര്‍ഡ് ഇലവനായി ഷര്‍ദുല്‍ താക്കൂറിന്‍െറ നാല് വിക്കറ്റുകള്‍ക്കൊപ്പം ജയന്ത് യാദവും കുല്‍ദീപ് യാദവും രണ്ടു വീതം വിക്കറ്റെടുത്തു.
രണ്ടാം ഇന്നിങ്സിലിറങ്ങിയ ബോര്‍ഡ് പ്രസിഡന്‍റ് ഇലവനുവേണ്ടി ലോകേഷ് രാഹുല്‍ 43 റണ്‍സും ചേതേശ്വര്‍ പുജാര 49 റണ്‍സുമെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.